തൊടുപുഴ: മുസ്ലിം ലീഗിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യു വീണ്ടും രംഗത്തെത്തി. ഉത്തര കേരളത്തിലെ ഉമ്മാക്കി കാട്ടി മുസ്ലിം ലീഗ് വിരട്ടിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് സി പി മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭയില്‍ സിപിഎമ്മും മുസ്ലിം ലീഗും നടത്തുന്നത് കൂട്ടുകച്ചവടം ആണെന്നും അദ്ദേഹം ആരോപിച്ചു. നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ നാലുപേരുടെ വോട്ട് നേടിയാണ് സിപിഎം ഭരണം നേടിയത്.
തമ്മിലടി മൂലം തൊടുപുഴ നഗരസഭ ഭരണം നഷ്ടമായതിന് പിന്നാലെയാണ് ജില്ലയിലെ യുഡിഎഫില്‍ പൊട്ടിത്തെറി തുടങ്ങിയത്. എല്‍ഡിഎഫിൽ നിന്ന് തൊടുപുഴ നഗരസഭ ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമായിരുന്ന സുവര്‍ണാവസരം കോണ്‍ഗ്രസ്-ലീഗ് തര്‍ക്കത്തെ തുടര്‍ന്ന് നഷ്ടപെടുത്തുകയായിരുന്നു. കാലങ്ങളായുള്ള കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ബന്ധത്തിനാണ് നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പോടെ വിള്ളല്‍ വീണത്.
ജില്ലയില്‍ ഇനിയുള്ള യുഡിഎഫ് യോഗങ്ങളില്‍ മുസ്ലിംലീഗ് പങ്കെടുക്കില്ലെന്ന് ജില്ലാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റ് ലീഗിനെതിരെ പരസ്യ നിലപാടുമായി രംഗത്ത് എത്തിയത്. മുസ്ലിം ലീഗിന്റെ ഭീഷണി കോണ്‍ഗ്രസിനോട് വേണ്ട. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തനിയെ മത്സരിച്ച് വിജയിക്കാന്‍ പ്രാപ്തിയുണ്ട്. എല്ലാം ലീഗിന്റെ തലയിലൂടെ ആണ് പോകുന്നതെന്ന വിചാരം വങ്കത്തരമാണെന്നും സിപി മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: