തൃശൂര്‍: ചെണ്ടകൊട്ടില്‍ അരങ്ങേറ്റം നടത്തി നാല് വയസുകാരി അനാമിക രഞ്ജിത്ത്. ചെണ്ട വാദ്യ കലയുടെ പാരമ്പര്യ തറവാട്ടില്‍ നിന്നും മേള പെരുക്കത്തിന്റെ വാദ്യലോകത്തേക്കാണ് ഈ നാല് വയസുകാരിയുടെ അരങ്ങേറ്റം. കൊട്ടിക്കയറി മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ നടന്ന പഞ്ചാരിമേളം അരങ്ങേറ്റത്തിലാണ് അനാമിക ഒരു മണിക്കൂറോളം നാദ വിസ്മയം തീര്‍ത്തത്. പ്രശസ്ത മേള കലാകാരനും ആയിരത്തിലധികം ശിഷ്യസമ്പത്തുമുള്ള മച്ചാട് രഞ്ജിത്തിന്റെ മകളാണ് അനാമിക.
ഗുരുവായ രഞ്ജിത്തിനൊപ്പം മൂന്നാംകാലത്തില്‍ താളമിട്ടപ്പോള്‍ അമ്മയും മേള കലാകാരിയുമായ മിഥിലയും മുത്തച്ഛനും പ്രശസ്ത മേള കലാകാരനുമായ മച്ചാട് ഉണ്ണിയും കൂട്ടരും വലന്തലയില്‍ പുറകില്‍ നിന്നു. പഠനം പൂര്‍ത്തീകരിച്ച ഏറ്റവും പുതിയ നിരയില്‍ പതിനൊന്നു പേരാണ് കഴിഞ്ഞ ദിവസം തിരുവാണിക്കാവ് ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: