തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ പുതിയ തന്ത്രങ്ങളുമായി സിപിഎം. മുസ്ലിംലീഗിനെ എല്‍ഡിഎഫ് പാളയത്തില്‍ എത്തിച്ച് ഭരണം നിലനിര്‍ത്താനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് തൊടുപുഴയിലെ മുസ്ലിം ലീഗിന്റെ വോട്ടുമറിക്കലെന്നാണ് സൂചന. വര്‍ഗീയശക്തികളെ ഒപ്പം നിര്‍ത്തില്ലെന്ന് പറയുന്ന സിപിഎമ്മിന്റെ കള്ളത്തരമാണ് തൊടുപുഴയില്‍ പുറത്തുവന്നത്.
തൊടുപുഴ നഗരസഭയില്‍ കഴിഞ്ഞ ദിവസം നടന്ന ചെയര്മാന് തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയ സാധ്യത ഉണ്ടെന്നിരിക്കെ നടത്തിയ വോട്ടുമറിക്കല്‍ മുസ്ലിംലീഗിന്റെ പുതിയ ചുവടുമാറ്റത്തിന്റെ സൂചനയാണ്. മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും സിപിഎമ്മും തമ്മില്‍ നടത്തിയ രഹസ്യനീക്കത്തില്‍ ചുവട് പിഴച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്. ലീഗിനെ ഒപ്പം നിര്‍ത്താനാണ് മുസ്ലിം സമുദായത്തില്‍പ്പെട്ട ആളെ ചെയര്മാന് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ആക്ഷേപം സിപിഎമ്മില്‍ തന്നെയുണ്ട്. എതിര്‍പ്പിന്റെ ഭാഗമായാണ് രണ്ട് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കുകയും, മറ്റൊരാള്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കുകയും ചെയ്തത്. ഇനി ഇടുക്കി ജില്ലയില്‍ യുഡിഎഫിനൊപ്പമില്ലെന്ന് മുസ്ലിംലീഗ് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം നീക്കം സംസ്ഥാന നേതൃത്വം അറിയാതെ നടക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തിയെങ്കിലും കാര്യമായ നേട്ടം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ഇക്കുറി അതിലൂടെ ലഭിക്കാനിടയില്ലെന്ന് അവര്‍ക്കറിയാം. സിപിഎം നടത്തുന്ന അമിത മുസ്ലിം പ്രീണനത്തില്‍ ക്രൈസ്തവ സഭയ്ക്കും എതിര്‍പ്പുണ്ട്. കേരള കോണ്‍ഗ്രസ് എം മുന്നണിയില്‍ എത്തിയാല്‍ ക്രൈസ്തവ വോട്ടിന്റെ കാര്യമായ പങ്ക് ഒപ്പമെത്തുമെന്നാണ് സിപിഎം നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അതുണ്ടാവില്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പോടെ ഏതാണ്ട് വ്യക്തമായി.
ക്രൈസ്തവ ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് വോട്ട് വര്‍ധിച്ചതും ഇടതുമുന്നണിയെ ആശങ്കയിലാക്കുന്നുണ്ട്. മുസ്ലിം ലീഗിനെക്കൂടി ഒപ്പംകൂട്ടി മുസ്ലിം വോട്ടുകള്‍ പൂര്‍ണമായി എല്‍ഡിഎഫിലെത്തിക്കാനുള്ള നീക്കമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ ഈ നീക്കം തിരിച്ചടിയാകുമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നു. ഇപ്പോഴത്തെ നീക്കം ഹൈന്ദവ- ക്രൈസ്തവ വോട്ടുകള്‍ സിപിഎമ്മില്‍ നിന്ന് അകറ്റുമെന്നാണ് ഇവരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: