കൊച്ചി: ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകള്‍ കേരളത്തില്‍ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഈ വിഷയത്തിന് പിന്നിലെ അന്താരാഷ്ട്ര ഭീകരവാദ ശക്തികളെ കണ്ടെത്തി നടപടിയെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം. ക്രൈസ്തവ സ്ഥാപനങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള ബാഹ്യശക്തികളുടെ കടന്നുകയറ്റം വിശ്വാസി സമൂഹം ഒറ്റക്കെട്ടായി ചെറുക്കും.
അടുത്ത നാളുകളിലുണ്ടായ ഓരോ അനിഷ്ട സംഭവങ്ങളും അക്രമങ്ങളും മത സാമുദായിക സൗഹാര്‍ദം ഉന്മൂലനം ചെയ്യുന്നതാണ്. ഭരണഘടന ഉറപ്പാക്കുന്ന മൂല്യങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും മത സ്വാതന്ത്ര്യത്തെയും ബോധപൂര്‍വം തമസ്കരിച്ച് തീവ്രവാദ ശക്തികള്‍ കടന്നുകയറുകയാണ്. ഇവരുടെ ആസൂത്രിത അജണ്ടകളും നീക്കങ്ങളും പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടണം. ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന കലാലയങ്ങളിലേക്കുള്ള തീവ്രവാദ ശക്തികളുടെ കടന്നുകയറ്റം മൂലം സമൂഹത്തിലുണ്ടാകുന്ന മാറ്റം ഭാവി കേരളത്തെ മറ്റൊരു കഴിഞ്ഞകാല കശ്മീരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദ പ്രസ്ഥാനങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാരും രാജാന്തര ഏജന്‍സികളും തെളിവു സഹിതം വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ ഭീകരവാദത്തിന്റെ ഉപകരണങ്ങളായി പുതുതലമുറയെ എറിഞ്ഞു കൊടുക്കാന്‍ ആരെയും അനുവദിക്കരുത്. മതസൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
അടുത്തിടെ മൂവാറ്റുപുഴ നിര്‍മല കോളജില്‍ നിസ്കാര മുറി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സമരം നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ മേഖലയിലെ മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ ഇടപെട്ട് വിഷയം പരിഹരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് സ്കൂളിലും നിസ്കാര സൗകര്യം ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: