കൊച്ചി: രാജ്യസ്നേഹികള്‍ക്ക് വ്യത്യസ്ത കാഴ്ചയും ആസ്വാദനവും അറിവും പകര്‍ന്ന് ‘കുങ്കുമ ശുഭ്ര ഹരിത പതാക… അശോക ചക്രാങ്കിത പതാക… ഭാരതദേശ ത്രിവര്‍ണ്ണ പതാക… സ്വതന്ത്ര വന്ദേമാതര പതാക…’ എന്ന് തുടങ്ങുന്ന പതാക മ്യൂസിക്കല്‍ ആല്‍ബം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബില്‍ ആയിരക്കണക്കിന്
പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് .
എളമക്കര പേരണ്ടൂര്‍ സ്വദേശി ജീവന്‍ലാല്‍ രവി രചനയും ആലാപനവും നിര്‍വഹിച്ച ഗാനം. ഒരു ദിവസത്തിനിടെ 12,000ല്‍ അധികം കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചത്. പബ്ലിക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് പിആര്‍സിഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഗാനം പുറത്തിറക്കിയത്.
ആല്‍ബത്തിന്റെ പ്രകാശനം മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ ദേശീയ പതാക വീശി ഉദ്ഘാടനം ചെയ്തു. വിരാട് ക്രിയേഷന്‍സ് ആണ് 4.33 മിനിറ്റ് വരുന്ന ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. എം.ജി. അനില്‍ ആണ് സംഗീത സംവിധായകന്. സാമൂഹ്യ മാധ്യമങ്ങളില്‍ ‘സ്ട്രീറ്റ് അഭിപ്രായം’ തേടിയുള്ള വീഡിയോകള്‍ ശ്രദ്ധിച്ചിരുന്നതായി ജീവന്‍ലാല്‍ ജന്മഭൂമിയോട് പറഞ്ഞു. അത്തരത്തിലുള്ള വീഡിയോയില്‍ ദേശീയ പതാകയുടെ വിവരം തേടുമ്പോള്‍ കുട്ടികള്‍ക്ക് അതിലെ നിറങ്ങള്‍, പ്രത്യേകത എന്നിവ കൃത്യമായി പറയാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ഇത്തരത്തിലൊരു ഗാനം പുറത്തിറക്കണമെന്ന ആഗ്രഹം ആദ്യമുണ്ടായത്.
കഴിഞ്ഞ വര്‍ഷം അന്ന് നാല് വരികള്‍ എഴുതിയെങ്കിലും പിന്നീട് പലതരത്തിലുള്ള കാരണങ്ങളാല്‍ മുന്നോട്ട് പോകാനായില്ല. പിന്നീടാണ് ഗാനം എഴുതി പൂര്‍ത്തിയാക്കി വീഡിയോ ആക്കാനുള്ള ശ്രമം ആരംഭിച്ചത്.
ഗാനത്തില്‍ ദേശീയ പതാകയുടെ നിറങ്ങള്‍ എന്തിനാണെന്നും അവയുടെ അര്‍ത്ഥവും വിശദീകരിക്കുന്നുണ്ട്. അശോക ചക്രം എങ്ങനെയാണ് ദേശീയപതാകയില്‍ വന്നതെന്നതും ഇതുവഴി ഭാരതം പലകാലങ്ങളിലൂടെ മുന്നേറി വന്നതും ഗാനത്തില്‍ വിവരിക്കുന്നുണ്ട്. കന്യാകുമാരി, പഞ്ചാബ്, ജമ്മു, കശ്മീര്‍, വടക്കേ കിഴക്കേ ഇന്ത്യ, കേരളം തുടങ്ങിയ രാജ്യത്തെ പ്രധാന സ്ഥലങ്ങള്‍ വിവിധ സേനകള്‍, കാര്‍ഗില്‍ വിജയം, ലോകകപ്പ് വിജയം തുടങ്ങിയവയും വീഡിയോയിലുണ്ട്. യുവാക്കളെ ആകര്‍ഷിക്കാനായി ഏറ്റവും പുതിയ രീതിയിലുള്ള മ്യൂസിക്കല്‍ ഉപകരണങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് ഗാനം തയാറാക്കിയിരിക്കുന്നത്.
ഇതില്‍ കാണിക്കുന്ന ദൃശ്യങ്ങളുടെ ക്രെഡിറ്റ് സ്വാതന്ത്രസമര സേനാനികള്‍, സൈനികര്‍, എല്ലാ പൗരന്മാര്ക്കും, ഇതിനൊപ്പം ദേശീയഗാനവും വന്ദേമാതരവും രചിച്ചയാളുകള്ക്കും അര്‍ഹതപ്പെട്ടതാണെന്നും ജീവന്‍ലാല്‍ പറഞ്ഞു. വിശ്വസംവാദ കേന്ദ്രത്തിന്റെ ജോയിന്റ് സെക്രട്ടറിയാണ് ജീവന്‍ലാല്‍. ബിജെപി എറണാകുളം ജില്ലയുടെ ഐടി സെല്‍ കണ്‍വീനര്‍, മോദി കാമ്പയിനര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ആര്‍ഷയാണ് ജീവന്‍ലാലിന്റെ ഭാര്യ, മകള്‍ ജനനി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: