ന്യൂദൽഹി: വിദ്യാർഥി പ്രക്ഷോഭത്തിന്റെ മറവിൽ രാജ്യത്താകെ കലാപവും കൊലപാതകങ്ങളും നടത്തിയവർക്കു ശിക്ഷ ഉറപ്പാക്കണമെന്നു ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മകൻ സജീബ് വസീദിന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്.
ബംഗ്ലാദേശ് സ്ഥാപകനും തന്റെ പിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ സ്മാരകം തകർത്തവരും ശിക്ഷിക്കപ്പെടണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ അജ്ഞാതകേന്ദ്രത്തിൽ കഴിയുന്ന ഹസീന, സ്ഥാനഭ്രഷ്ടയായശേഷമുള്ള ആദ്യ പ്രസ്താവനയാണിത്. മുജീബുർ റഹ്മാന്റെ കൊലപാതക വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15-ന് ദേശീയ ദുഃഖാചരണം മാന്യതയോടും ഗൗരവത്തോടേയും ആചരിക്കണമെന്ന് അഭ്യർഥിക്കുന്നതായും ഹസീന പറഞ്ഞു.
പ്രക്ഷോഭത്തിന്റെ പേരിൽ ജൂലൈ മുതൽ രാജ്യത്തു നടന്നത് നശീകരണ നൃത്തമായിരുന്നു. പിതാവുൾപ്പെടെ കുടുംബാംഗങ്ങളെ നഷ്ടമായ തന്നെപ്പോലെ ഉറ്റവർ കൊല്ലപ്പെട്ടവരെയോർത്ത് താനും ദുഃഖിക്കുന്നുവെന്നുവെന്നു ഹസീന പറഞ്ഞു. പുരോഗതിയിലേക്കു നീങ്ങുകയായിരുന്ന രാജ്യം വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടപ്പെട്ടതെന്നും ഹസീന പറഞ്ഞു.
പ്രക്ഷോഭത്തിന്റെ പേരിലുള്ള ഭീകരാക്രമണത്തിൽ കഴിഞ്ഞ ജൂലായ് മുതൽ നിരവധി ജീവനുകൾ നഷ്ടമായി. അവരുടെ ആത്മാവിനായി ഞാൻ പ്രാർഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെയാണ് കലാപകാരികൾ അപമാനിച്ചത്. എനിക്ക് എന്റെ രാജ്യത്തുനിന്ന് നീതി വേണം’, അവർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: