അവസ്ഥ മോശമാ… എന്റെ കുടുംബത്തിലെ ഒന്പതാളും നഷ്ടപ്പെട്ടു. കൂരയില്ല, ഇവിടെനിന്ന് പോകുമ്പോഴാണ് ബുദ്ധിമുട്ടുക. വീട് വേണം. സഹായിക്കണം…’ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുന്നില്‍ സങ്കടങ്ങള്‍ നിരത്താന്‍ അയ്യപ്പന് ഭാഷ തടസമായില്ല. വിങ്ങിപ്പൊട്ടിക്കൊണ്ട് ചൂരല്‍മല സ്വദേശി അയ്യപ്പന് പറഞ്ഞത് മനസ്സിലാക്കാന്‍ മോദിക്ക് ഭാഷ തടസമായില്ല. മേപ്പാടി സെന്റ് ജോസഫ്സ് ഗേള്‍സ് എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മോദിയുടെ മുന്നിലാണ് അയ്യപ്പന് ദുരിതങ്ങള്‍ നിരത്തിയത്. ഞങ്ങള്‍ മലയാളത്തിലാണു പറഞ്ഞത്. അദ്ദേഹം ഹിന്ദിയിലാണു പറഞ്ഞത്. ഞങ്ങള്‍ മലയാളത്തില്‍ പറഞ്ഞതെല്ലാം കൂടെയുള്ള ഒരാള്‍ ഹിന്ദിയില്‍ പറഞ്ഞുകൊടുത്തു. പ്രധാനമന്ത്രി എന്റെ തോളില്‍ കൈ അമര്‍ത്തി. കൈകൊണ്ട്് എല്ലാം ഒ.കെ ആക്കാമെന്നു കാണിച്ചു. അദ്ദേഹം സഹായിക്കുമെന്നാണ് പ്രതീക്ഷ’ അയ്യപ്പന് പറഞ്ഞു. വീട്ടിലെ എല്ലാവരെയും നഷ്ടപ്പെട്ട മുഹമ്മദ് ഹാനിയുമായും പ്രധാനമന്ത്രി സംസാരിച്ചു. ‘അന്നു രാത്രി സംഭവിച്ചത് എന്താണെന്ന് അദ്ദേഹത്തോടു പറഞ്ഞു. വിഷമിക്കരുത്, ഞങ്ങളെല്ലാവരും കൂടെയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു’ ഹാനി വിവരിച്ചു. മതമോ ജാതിയോ വര്‍ഗമോ വര്‍ണമോ നോക്കാതെ സങ്കടങ്ങളോടൊപ്പം ചേര്‍ന്ന മോദിയുടെ പെരുമാറ്റവും ശരീരഭാഷയും എല്ലാവര്ക്കും ബോധ്യമായി. എല്ലാം ശരിയാക്കാമെന്ന ഉറപ്പും. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയുടെ വിലാപംകേട്ടു കൈകോര്‍ത്ത് കേരളം ഒരുമിച്ചൊഴുകി ദുഃഖിതരിലേക്കു സ്നേഹവും കരുതലും നിറയ്ക്കുന്നതായിരുന്നു കാഴ്ച. ഉരുള്പാച്ചില് ഒട്ടേറെപ്പേരെ നഷ്ടങ്ങളുടെ ആഴത്തിലേക്കു താഴ്ത്തിയപ്പോള്‍, സ്നേഹസാഹോദര്യങ്ങള്‍ ഒരുമിപ്പിച്ച അതിലുമെത്രയോ പേര് അവരെ ജീവിതത്തിലേക്കു കൈപിടിക്കാനുമുണ്ടാവും എന്നതാണ് സത്യം.
എല്ലാം നഷ്ടപ്പെട്ടവരാണ് ഈ മേഖലയിലാകെ. വീടും ജീവനോപാധികളും നഷ്ടപ്പെട്ട് അനിശ്ചിതഭാവിയിലേക്ക് ആശങ്കയോടെ നോക്കുന്ന എത്രയോ പേര് ക്യാംപുകളിലും മറ്റുമായുണ്ട്. ചെറുകിട വ്യാപാരമേഖലയിലുള്ളവരും കന്നുകാലിവളര്ത്തലുള്പ്പടെയുള്ള ജീവിതവഴികള്‍ നഷ്ടപ്പെട്ട കര്‍ഷക കുടുംബങ്ങളുമൊക്കെ ഉരുള്‍പൊട്ടലിന്റെ ഇരകളാണ്. ഇവരെയൊക്കെയും ജീവിതത്തിലേക്കും ആത്മവിശ്വാസത്തിലേക്കും മടക്കി വിളിക്കാനുതകുന്ന പദ്ധതികളാണ് വേണ്ടത്. അതിനുതകുന്ന സഹായം ലഭിക്കുമെന്നുതന്നെയാണ് മോദിയുടെ ശരീരഭാഷ. ദുരന്തത്തില്‍നിന്നു മാത്രമല്ല, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പോലും പ്രത്യേകതകളുണ്ടാവണം. പ്രളയവും മഹാമാരിയുമെല്ലാം നിസ്സഹായതയോടെ അനുഭവിക്കുന്നവരുടെ ജീവിതം കൊണ്ട് കുറിച്ചിട്ട സങ്കട ഹര്‍ജികള്‍ക്കു പലപ്പോഴും പരിഹാരമുണ്ടാകുന്നില്ലെന്നതാണു സത്യം.
കൊട്ടിഘോഷിക്കപ്പെട്ട പല പുനരധിവാസ പദ്ധതികളും രേഖകളില്‍ പൊടിപിടിക്കുമ്പോള്‍ വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെപ്പോലും കേരളം കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനങ്ങളുടെ മെല്ലെപ്പോക്കിനെയും ചുവപ്പുനാടയുടെ കുരുക്കിനെയും സ്വന്തം ജീവിതങ്ങള്‍കൊണ്ടു ചോദ്യം ചെയ്യുകയാണ് നാട്ടുകാര്‍. ഏറ്റവും തീവ്രമായി പ്രകൃതി ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ പുനരധിവാസദൗത്യത്തിനു സര്‍ക്കാര്‍ പദ്ധതികള്‍ ഫലവത്താകണം. കവളപ്പാറ ദുരന്തത്തില്‍ വീടു നഷ്ടമായ എല്ലാവര്ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം ലഭിച്ചു. എന്നാല്‍, ഭൂമി നഷ്ടപ്പെട്ടവര്‍ക്കു പകരം ഭൂമിയോ നഷ്ടപരിഹാരമോ കിട്ടിയിട്ടില്ല. ഈ ഭൂമിയില്‍ കൃഷി തുടങ്ങാനായി പലരും ബാങ്കുകളില്‍നിന്നു വായ്പയെടുത്തിരുന്നു. ദുരന്തത്തില്‍ ഭൂമിയാകെ നഷ്ടപ്പെട്ടെങ്കിലും വായ്പ തിരിച്ചടയ്ക്കാനുള്ള ബാങ്കുകളുടെ നോട്ടിസ് വന്നുകൊണ്ടേയിരിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ ഭൂമി സാധാരണ നിലയിലാക്കുകയോ ഉചിതമായ നഷ്ടപരിഹാരം നല്‍കുകയോ വേണമെന്ന വിഷയത്തില്‍ സമഗ്രമായ പദ്ധതി തയാറാക്കാനും സര്‍ക്കാരിനു ശുപാര്‍ശ നല്കാനുമായി ഉന്നതതല സമിതി രൂപീകരിക്കാന്‍ ഫെബ്രുവരിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടു മാസത്തിനകം സര്‍ക്കാരിനു ശുപാര്‍ശ നല്‍കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മൂന്നു മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിട്ടും ഇതുവരെ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല.
ഇത്തരത്തിലുള്ള ഒരു ദുരനുഭവവും വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ഉണ്ടായിക്കൂടാ. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ് നിര്‍മിച്ചു പുനരധിവസിപ്പിക്കുമെന്നും വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതിനെ വിശ്വസിക്കാം. സര്‍വതും നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരവിതരണം എത്രയുംവേഗം ആരംഭിക്കണം. വീടു തകര്‍ന്നവരെ പുനരധിവസിപ്പിക്കുന്നതിനു കാലതാമസം ഉണ്ടായിക്കൂടാ. ഇവരെയൊക്കെയും ജീവിതത്തിലേക്കു മടക്കിവിളിക്കാന്‍ സര്‍ക്കാരിനോടൊപ്പം പൊതുസമൂഹവും മുന്നിട്ടിറങ്ങും. കൂടെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രധാനമന്ത്രി ചെയ്തതുപോലെ കെട്ടിപ്പിടിക്കാനും താലോലിക്കാനും മടികാണിക്കാതിരുന്നാല് ആശ്വാസം. അതിനുള്ള മനസ് വേണം. മാനസികമായി അതിനായി ഉയര്‍ന്നുപ്രവര്‍ത്തിക്കണം. വയനാട് ദുരന്തം അപ്രതീക്ഷിതമല്ല. ആറു പതിറ്റാണ്ടിന് മുമ്പ് തന്നെ ദുരന്തത്തിലേക്ക് വിരല്‍ചൂണ്ടിയിട്ടുണ്ട്. പഴയകാല റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കേരളം മാറിമാറി ഭരിച്ചവരുടെ നിസ്സംഗതയും നിരുത്തരവാദ സമീപനങ്ങളുമാണ് എല്ലാം കുളമാക്കിയത്. ഇനി യും അത് ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധയും ശ്രമവും വേണം. ഗാഡ്ഗില്‍ കമ്മിഷനെ കണ്ടില്ലെന്ന് നടിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: