ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഇസ്കോണ്‍ ആരാധനാലയങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ അതീവ ഉത്കണ്ഠയുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ ആലോക് കുമാര്‍. ദക്ഷിണ ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഇസ്കോണ്‍ ക്ഷേത്രത്തില്‍ ആചാര്യ ശ്രീ മോഹന്‍രൂപ് ദാസ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശിലെ ക്ഷേത്രങ്ങള്‍ക്കും ഭക്തര്‍ക്കും നേരെ നടന്ന ക്രൂരമായ ആക്രമണങ്ങളില്‍ അദ്ദേഹം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇസ്കോണും അതിന്റെ ഭക്തരും നേരിടുന്ന ആദ്യത്തെ ആക്രമണമല്ല ഇത്. 2021ലും ഇസ്കോണിന് നേരെ ജിഹാദികള്‍ അക്രമമഴിച്ചുവിട്ടിരുന്നു. എല്ലാ ഭീഷണികളെയും നേരിടുമ്പോഴും പതറാതെ മുന്നോട്ടുപോകുന്ന ഇസ്കോണിന് വിശ്വഹിന്ദു പരിഷത്ത് എല്ലാ പിന്തുണയും നല്‍കുമെന്ന് ആലോക് കുമാര്‍ പറഞ്ഞു.
ഹിന്ദു ആശ്രമങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഭക്തര്‍ക്കും സുരക്ഷയും നഷ്ടപരിഹാരവും നല്‍കണമെന്നും തീവ്രവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ആലോക് കുമാര്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഭാരത സര്‍ക്കാരിനോടും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇസ്കോണ്‍ അധ്യക്ഷനൊപ്പം അതിന്റെ മീഡിയ ഡയറക്ടര്‍മാരായ വി.എന്‍. ദാസ് പ്രഭു, ഋഷികുമാര്‍ ദാസ് എന്നിവരും പങ്കെടുത്തു.
അലോക് കുമാറിനൊപ്പം വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍, പ്രാന്ത ധര്‍മ്മാചാര്യ സമ്പര്‍ക്ക പ്രമുഖ് ദീപക് ഗുപ്ത, സഹ പ്രമുഖ് ലക്ഷ്മണ് സിങ്, വിഎച്ച്പി ദക്ഷിണ ദല്‍ഹി അധ്യക്ഷന്‍ ദീപക് ഖന്ന, സെക്രട്ടറി രാധാകൃഷ്ണ, ബജ്റംഗ്ദള്‍ സഹ സംയോജക് അമിത് ബെസോയ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: