ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടവേളയ്ക്ക് ശേഷം ആലപ്പുഴയിലെ സിപിഎമ്മില്‍ വിഭാഗീയത വീണ്ടും ശക്തമായി.
നിര്‍ധനനായ രോഗിയുടെ ഭാര്യയില്‍ നിന്ന്, തെരഞ്ഞെടുപ്പ് ഫണ്ടായി നിര്‍ബന്ധപൂര്‍വം 2000 രൂപ ലോക്കല്‍ സെക്രട്ടറി വാങ്ങിയതായി പരാതി. തെറ്റു തിരുത്തല്‍ രേഖയെ അനുകൂലിച്ച് ലോക്കല്‍ കമ്മിറ്റിയില്‍ സംസാരിച്ചതിന്, 25 വര്‍ഷം ഏരിയ സെക്രട്ടറിയായിരുന്ന നേതാവിന്റെ മകളെ, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് താല്‍ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായും ആക്ഷേപം. താഴേത്തട്ടില്‍ സ്വാധീനമുറപ്പിക്കാന്‍, സമ്മേളനത്തിന് മുന്‍പ് ബ്രാഞ്ചുകള്‍ പുനസംഘടിപ്പിച്ചതായി സംസ്ഥാന സെക്രട്ടറിക്ക് ആലപ്പുഴ നഗരത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരാതി നല്കി.
ആലപ്പുഴ വടക്കന്മേഖലയിലെ ലോക്കല്‍ സെക്രട്ടറി ക്യാന്‍സര്‍ രോഗിയുടെ ഭാര്യയില്‍ നിന്ന് രണ്ടായിരം രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നിര്‍ബന്ധമായി വാങ്ങിയത്. കുട്ടനാട്ടിലെ ഒരു പോലീസ് സ്റ്റേഷനിലെ സ്വീപ്പറാണ് ഇവര്‍. കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ട് സിപിഎം നേതാക്കളും ജനപ്രതിനിധികളും ഇടപെട്ടാണ് ഇവര്‍ക്ക് സ്വീപ്പറായി ജോലി നല്‍കിയത്. രോഗിയായ ഭര്‍ത്താവിനുള്ള മരുന്നു വാങ്ങാന്‍ പോലും സഹായം നല്‍കുന്നത് നാട്ടുകാരാണ്. രണ്ടു മക്കളെ പഠിപ്പിക്കുന്നതും ബുദ്ധിമുട്ടിയാണ്. ഫണ്ട് പിരിവിന്റെ കണക്ക് വന്നപ്പോഴാണ് നിര്‍ധന രോഗിയുടെ കുടുംബത്തില്‍ നിന്ന് പണപ്പിരിവ് നടത്തിയ വിവരം പുറത്തുവന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതാക്കളും സര്‍ക്കാരും തിരുത്തണമെന്ന് ലോക്കല്‍ കമ്മിറ്റിയില്‍ ആവശ്യപ്പെട്ട വനിതയെ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ താല്‍ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നു. 25 വര്‍ഷം ആലപ്പുഴ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന നേതാവിന്റെ മകളാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വനിത. സിപിഎം പ്രവര്‍ത്തകരായ മറ്റു നാലു പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി.
പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ ബ്രാഞ്ചുകള്‍ പിടിച്ചെടുക്കാന്‍ പ്രവര്‍ത്തകരെ ഭൂരിപക്ഷമില്ലാത്തിടത്തേക്ക് വിന്യസിക്കുന്നതായും പരാതി ഉയരുന്നു. ആലപ്പുഴ ഏരിയയിലെ കൊമ്മാടി, ആശ്രമം ലോക്കല്‍ കമ്മിറ്റികളിലാണ് ഒരു വിഭാഗം നേതാക്കള്‍ നേരത്തെ തന്നെ പാര്‍ട്ടി പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയത്. ഇതിനെതിരെ സംസ്ഥാന സെക്രട്ടറിക്ക് പ്രവര്‍ത്തകര്‍ രേഖാമൂലം പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: