ന്യൂദല്‍ഹി: തൊഴിലിടങ്ങളില്‍ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും, ദേശീയ മെഡിക്കല്‍ കമ്മീഷന് നിര്‍ദ്ദേശം നല്കി.
സമീപകാലത്തായി മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫാക്കല്റ്റികള്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, റസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും കോളേജിലും ആശുപത്രി കാമ്പസിനുള്ളിലും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തിനായി ഒരു നയം വികസിപ്പിക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളോടും ദേശീയ മെഡിക്കല്‍ കമ്മീഷന് അഭ്യര്‍ത്ഥിച്ചു .
ഒപിഡി, വാര്‍ഡുകള്‍, കാഷ്വാലിറ്റി, ഹോസ്റ്റലുകള്‍, കാമ്പസിലെയും റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സിലെയും മറ്റ് തുറസ്സായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മതിയായ സുരക്ഷാ നടപടികള്‍ ഈ നയത്തിലൂടെ ഉറപ്പാക്കണം. ജീവനക്കാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സുരക്ഷിതമായി നടക്കാന്‍ ഇടനാഴികളിലും കാമ്പസിലും നല്ല വെളിച്ച സംവിധാനം ഒരുക്കുകയും ജാഗ്രത വേണ്ട പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി സിസിടിവി സജ്ജമാക്കുകയും വേണം.
മെഡിക്കല്‍ കോളേജ് ആശുപത്രി കാമ്പസിലെ ഒപിഡി, വാര്‍ഡുകള്‍, കാഷ്വാലിറ്റി, ലേബര്‍ റൂമുകള്‍, ഹോസ്റ്റലുകള്‍, റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ്, കൂടാതെ തുറസ്സായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ ( പുരുഷന്മാരും സ്ത്രീകളും) നിയമിക്കുന്നത് ഉള്‍പ്പെടെ വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കണം.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള അക്രമസംഭവമുണ്ടായാല്‍ അത് കോളേജ് മാനേജ്മെന്റ് ഉടന്‍ അന്വേഷിക്കുകയും പോലീസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് അയയ്ക്കേണ്ടതാണ് എന്നും കമ്മീഷന് ഇന്ന് ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: