പ്രകൃതിയുടെ നിസ്തന്ദ്രമായ തപസ്യയില്‍ സംലയനം നേടുന്ന മാനവ പ്രകൃതിയുടെ സങ്കീര്‍ണ്ണമായ സഞ്ചാര വീഥികള്‍ ആദികാവ്യം സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്. പ്രകൃതിയുടെ ഭൗമികവും അഭൗമികവുമായ തലങ്ങളാണ് ഇതിഹാസ വാങ്മയ ചിത്രണങ്ങളും ജീവന സന്ദര്‍ഭങ്ങളും. സംവേദനത്വത്തിന്റെ സര്‍ഗ്ഗാത്മക മാര്‍ഗ്ഗത്തിലൂടെ അവ സമാനഹൃദയന് നിര്‍ദ്ധാരണം ചെയ്യാം. ഭരദ്വാജ മുനിയുടെ ഉപദേശപ്രകാരമാണ് രാമന് വാസസ്ഥാനമായി ചിത്രകൂടാചലത്തിലേക്ക് പുറപ്പെടുന്നത്. ചിത്രകൂടാചലത്തിന്റെ ശൃംഗങ്ങള്‍ കാണാന്‍ സാധിക്കുന്ന മനുഷ്യന് പുണ്യകര്‍മ്മങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാനാവൂ. മുനീന്ദ്രന്മാരുടെ തപസ്സില്‍ സ്വര്ഗ്ഗസമാനമായതാണിവിടം. മധുരഫലങ്ങളും കനികളും അവിടെ യഥേഷ്ടമുണ്ട്. കാട്ടുമൃഗങ്ങളും പക്ഷികളും മേയുന്ന ഈ ഭൂഭാഗം ഉറവും ചോലയും ഗുഹയും താഴ്വരയുമായി ആനന്ദസന്ദായകമാണ്. പ്രകൃതി പ്രത്യയങ്ങളുടെ ബാഹ്യനിര്ണ്ണയനമല്ല ആദികവി നിര്‍ണ്ണയിക്കുന്നത്.
പ്രകൃതിയുടെ അന്തര്‍മണ്ഡലത്തെ അറിയാനും ആരായാനുമുള്ള പ്രാര്‍ത്ഥനാ മാര്‍ഗ്ഗമായി രാമായണത്തില്‍ പ്രകൃതിദൃശ്യങ്ങളുടെ മായിക ചിത്രങ്ങള്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്നു. കാട്ടുതീയേല്ക്കാതെ സ്വയം സംരക്ഷണ യോഗ്യമായ ‘കരിങ്കാട്’ വഴിയാണ് ‘ചിത്രകൂട’ത്തിലെത്തുക. അവിടെ അഗ്നിയെ അതിജീവിക്കുന്ന പിലാശ്, ലന്ത, കാളിന്ദീമുള എന്നീ തരുക്കള്‍ വളര്‍ന്നു നില്ക്കുന്നതായി വിവരണമുണ്ട്.
”അമ്മേ കാളിന്ദീ, അവിടുത്തേക്ക് സ്വസ്തിഭവിക്കട്ടെ! വിഷമമേതും കൂടാതെ ഞങ്ങളെ മറുകരയണച്ചാലും” എന്ന ജനകജയുടെ പ്രാര്‍ത്ഥന നദീപൂജയുടെ പ്രാക്തന സംസ്കൃതി സൂചികയാണ്. ”മഹാവൃക്ഷമേ, സീതയുടെ സാംഷ്ടാംഗ പ്രണാമം! ഞങ്ങളെ അനുഗ്രഹിച്ചാലും” എന്ന് ചൊല്ലി വഴിയിലെ വന്‍ പേരാലിനെ നമിക്കുന്ന മൈഥിലി പ്രകൃതിബിംബങ്ങളുടെ നിത്യോപാസകയാണ്. ”ഏതെങ്കിലും പുഷ്പത്തിലോ ഫലത്തിലോ സീതയ്ക്ക് ആഗ്രഹമുണ്ടായാല്‍ അത് നല്കി ആഹ്ലാദിപ്പിക്കണം” എന്ന രാമ വചനവും സീതയുടെ പ്രകൃതിജീവന കൗതുകത്തെ ഉണര്‍ത്തിയെടുക്കുന്നു. അവരുടെ ചിത്രകൂടവാസം കേവലം പ്രകൃതിലാവണ്യാസ്വാദനത്തിലൂടെ കടന്നു പോവുകയല്ല, പ്രകൃതിയില്‍ പ്രകൃതിയായി സംലയനം നടത്തുന്ന ജീവിതരീതിയുടെ മഹിത മാര്‍ഗ്ഗമാണത്.
അഗ്നിപ്രഭയായി പൂത്തുനില്ക്കുന്ന പിലാശും നമസ്ക്കരിച്ചു നില്ക്കുന്ന ചേരും മരത്തില്‍ കെട്ടിഞാത്തിയ പാറപോലെ തിളങ്ങുന്ന തേനീച്ചക്കൂടും പുല്ലിന്റെ കംബളവും പക്ഷിവൃന്ദഗീതകളും മേയുന്ന ഗജങ്ങളും തണലേകുന്ന മാമരനിരകളും അണിചേര്‍ന്ന് പഞ്ചേന്ദ്രിയങ്ങള്‍ക്കും നിര്വൃതിയേകുകയാണ് ചിത്രകൂട പ്രകൃതി. പ്രവാസദുഃഖം പോലും സീതാരാമലക്ഷ്മണന്മാര് പ്രകൃതിയുടെ സംലയനത്തില്‍ മറന്നുപോകുന്നു. ഈ ആത്മവിസ്മൃതി പ്രകൃതിയില്‍ നിര്‍ലീനമായിരിക്കുന്ന യോഗാത്മക വൈഭവം പ്രതിഫലിപ്പിക്കുന്നു. പ്രകൃതി സഹവാസത്തിന്റെ ഉത്ക്കൃഷ്ടഭാവങ്ങള് വ്യത്യസ്ത രംഗങ്ങളിലും പ്രതിഫലിക്കുന്നു. അമാത്യവര്യനായ സുമന്ത്രര്‍ അയോദ്ധ്യയിലെത്തി ദശരഥനെ കണ്ട് രാമന് വനം പൂകിയ വൃത്താന്തമറിയിക്കുന്നുണ്ട്. തിരിച്ചെത്തിയ അയോദ്ധ്യ എത്ര മാറിപ്പോയിരിക്കുന്നു! സുമന്ത്രര്‍ പറയുന്നു- ”പ്രഭോ, കുമാരന്റെ വേര്‍പാടില്‍ നഗരിയിലെ പൂത്തുലഞ്ഞു നിന്ന മരങ്ങളെല്ലാം വാടിക്കരിഞ്ഞു. ജലാശയങ്ങള്‍ വറ്റി, ഉദ്യാനം ഉണങ്ങി, ജീവികള്‍ ഉത്സാഹം നശിച്ച് മരപ്പാവകളായി, പുഷ്പഫലങ്ങള്ക്ക് ഗന്ധമില്ലാതായി, ആനകളും കുതിരകളും കണ്ണീരൊഴുക്കുന്നു.
വിശ്വാമിത്രനുമൊത്തുള്ള രാമലക്ഷ്മണന്മാരുടെ ‘താടകാ വന ദര്‍ശനം അമേയമായ പ്രകൃതി സത്യങ്ങളുടെയും ലാവണ്യവിഭൂതിയുടെയും അറ തുറക്കുന്നതായിരുന്നു. വെള്ളച്ചാട്ടത്തിന്റെ പെരുമ്പറയടി ഉയര്‍ന്നു കേട്ടപ്പോള്‍ ഉണര്‍ന്ന രാമന്റെ സംശയം തീര്‍ത്തത് വിശ്വാമിത്രനാണ്. കൈലാസ ശൈലത്തിലെ മാനസസരസ്സില്‍ നിന്നുത്ഭവിച്ച സരയൂനദി അയോധ്യയെ പ്രദക്ഷിണം ചെയ്ത് ഗംഗയാറില്‍ ചേരുമ്പോഴുള്ള മഹാനാദമാണതെന്ന് മുനി വിവരിച്ചുകൊടുക്കുന്നു. മനുഷ്യന്റെ പാദസ്പര്ശമേല്ക്കാത്ത ഘോരാരണ്യം മാമരങ്ങളും മൃഗപക്ഷികുലങ്ങളും നിറഞ്ഞ് വിലയുന്നു. ഭയങ്കരിയായ താടകയുടെ സ്ഥലത്തെ സാന്നിദ്ധ്യമൊഴിപ്പിച്ച് അവിടെ പരിശുദ്ധമാക്കാനാണ് മാമുനി രാമനെ നിയോഗിക്കുന്നത്. അധര്മ്മചാരിത്വം യക്ഷവംശത്തിലും നിഷിദ്ധമാണ്. പ്രകൃതിയുടെ സന്തുലന സാരഥ്യമാണ് രാമനിവിടെ കയ്യേല്‍ക്കുക. മഹാവിഷ്ണു നൂറായിരം യുഗം തപസ്സനുഷ്ഠിച്ച സിദ്ധാശ്രമ പ്രദേശത്തും രാമലക്ഷ്മണന്മാര് കൗശികനോടൊപ്പം പ്രവേശിക്കുന്നു. മഹാബലിക്കഥയിലൂടെ വിഷ്ണു പാദമൂന്നിയ സിദ്ധാശ്രമത്തിന്റെ മണ്ണിലാണ് വിശ്വാമിത്രന്റെ യജ്ഞം നടക്കുന്നത്. അവിടെവെച്ചുതന്നെ ദുരാചാരികളായ അസുരമുഖ്യന്മാരെ വധിക്കണമെന്നാണ് മുനി കല്പന. നന്മതിന്മയ്ക്കെതിര്നില്ക്കുന്ന തിന്മയുടെ ശക്തികളെ ജയിച്ചാല്‍ മാത്രമെ പ്രകൃതി സന്തുലനം നിലനില്‍ക്കൂ. മഞ്ഞില്ലാത്ത രാവില്‍ തിളങ്ങി വിളങ്ങുന്ന രണ്ട് പുണര്‍തം നക്ഷത്രങ്ങളോടുകൂടിയ ചന്ദ്രബിംബമെന്ന പോലെയാണ് ആശ്രമവാസികള്‍ രാമലക്ഷ്മണ സമേതനായ വിശ്വാമിത്ര ഗുരുവിനെ കണ്ടത് എന്ന പ്രതീകചിത്രത്തില് കേവലം ഭൂപ്രകൃതിയെ മാത്രമല്ല മഹാകാശ പ്രകൃതിയെക്കൂടി രേഖപ്പെടുത്തുകയാണ് ഇതിഹാസകാരന്. ബ്രഹ്മാണ്ഡപ്രകൃതിയുടെ തത്സ്വരൂമാണ് ഭൂപ്രകൃതിയെന്ന അനശ്വര സത്യത്തെ കഥാഗതിയിലിണക്കുന്ന രചനാ കൗശലമാണിത്.
ഗാംഭീര്യത്തില്‍ സമുദ്രവും ധൈര്യത്തില്‍ ഹിമവാനും സൗന്ദര്യത്തില്‍ പൂന്തിങ്കളും ക്രോധത്തില്‍ കാലാഗ്നിയും ക്ഷമയില്‍ ഭൂമിയും ശ്രീരാമചന്ദ്രന് സദൃശമാണെന്ന് മുനിവാക്യമുണ്ട്. ഭൂമിയും അഗ്നിയും ജലവും ആകാശവും സൂചിതമാകുന്ന സാദൃശ്യം ജീവവായും കൂടി ചേരുമ്പോള്‍ പഞ്ചഭൂത സമന്വിതമാകുന്നു. പ്രകൃതിയുടെ ലാക്ഷണിക ഘടകങ്ങളുടെ മേളനം രാമന്റെ സ്വത്വമായി വരച്ചെടുക്കുന്ന കാവ്യതന്ത്രം അര്‍ത്ഥവും അര്‍ത്ഥാന്തരങ്ങളുമായി പ്രകൃത്യംബയുടെ മഹാപൂര്ണ്ണിമയില് സാഫല്യമടയുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: