ഡോക്ടര്‍മാര്‍ പലപ്പോഴും പാവപ്പെട്ട രോഗികള്‍ക്ക് മുന്നിലെ ഈശ്വരന്മരാണ്. അങ്ങനെയല്ലാത്ത ഡോക്ടര്‍മാരുമുണ്ട്. ഇരു വിഭാഗം ഡോക്ടര്‍മാരെയും രോഗികള്‍ തിരിച്ചറിയുന്നുണ്ട്. വലതു കണ്ണിന് അസുഖം ബാധിച്ച രോഗിയുടെ ഇടതുകണ്ണ് ഓപ്പറേറ്റ് ചെയ്യുക, രോഗം മാറാന്‍ സാധ്യത കുറവെന്നുപറഞ്ഞ് രോഗിയെ മാനസികമായി തളര്‍ത്തുക, മരുന്ന് മാറി നല്‍കുക. അധികാരികളുടെ ശുപാര്‍ശപ്രകാരം ചികിത്സയ്ക്ക് വിധേയരായവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്ന ഡോക്ടര്‍മാരുണ്ട്. ഡോക്ടറുടെ അശ്രദ്ധ രോഗിയുടെ മരണത്തിനിടയാക്കിയ സംഭവങ്ങളുമുണ്ട്. തിമിരശസ്ത്രക്രിയ്ക്ക് വിധേയരായ പാവപ്പെട്ട രോഗികള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇരുട്ടിലായതും നാം കണ്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലേയും പ്രത്യേകിച്ച് ഭാരതത്തിലേയും വൈദ്യശാസ്ത്രമേഖല തീര്‍ത്തും സര്‍ക്കാരിന്റെ കുത്തകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് അത്ഭുതകരമായ വളര്‍ച്ചയാണ് മെഡിക്കല്‍ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവിധയിനം മുരുന്നുകളുടെ ഉല്പാദനത്തിനും ബന്ധപ്പെട്ട സാങ്കേതികവളര്ച്ചയിലും മാത്രമല്ല മനുഷ്യനെ പുനരുജ്ജീവിപ്പിക്കുന്ന വിദ്യകള്‍വരെ വൈദ്യശാസ്ത്ര രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അന്നത്തെ വസൂരി, മലമ്പനി, കുഷ്ഠം, ക്ഷയം, വലിവ് എന്നീ രോഗങ്ങളില്‍ പലതും വൈദ്യശാസ്ത്രപുരോഗതിയിലൂടെ ഉന്മൂലനം ചെയ്യപ്പെടുകയോ അത്തരം രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനോ സാധിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യപ്പെട്ട പല രോഗങ്ങളും ഇന്ന് തിരിച്ചെത്തുന്നു. മാത്രമല്ല, ഇന്നത്തെ ജീവിതക്രമങ്ങളും ഭക്ഷ്യ വസ്തുക്കളിലുള്ള വിഷാംശങ്ങളും ഫാസ്റ്റ്ഫുഡ് രീതികളുമൊക്കെ വിലപ്പെട്ട ജീവനുകളെ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. യുവാക്കളില്‍ മാനസിക പിരിമുറുക്കങ്ങളും വിഷാദരോഗങ്ങളുമൊക്കെ കടന്നുകൂടുന്നു. അതുപോലെ എന്തൊക്കെ അസുഖങ്ങള്‍. നവീനതരം രോഗലക്ഷണങ്ങളും രോഗങ്ങളും. രോഗങ്ങള്ക്കൊത്ത പരീക്ഷണങ്ങളും പരിശോധനകളും പ്രതിവിധികളുമൊക്കെ വൈദ്യശാസ്ത്ര മേഖലകളിലിന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളെ അപേക്ഷിച്ച് സ്വകാര്യ മേഖലയിലെ ചികിത്സാ സംവിധാനങ്ങള്‍ ഏറെ വ്യവസായവല്‍ക്കരിക്കപ്പെട്ടു. ലാഭം കൊയ്യാന്‍ പോന്ന ഒരാകര്ഷണീയ വ്യവസായ മേഖല. ചികിത്സയുമായി ബന്ധപ്പെട്ട സമീപനരീതികള്‍ പാവപ്പെട്ട രോഗികളെപ്പോലും ഈ മേഖലയിലേയ്ക്ക് സ്വാധീനിക്കും വിധമാണ്. തുച്ഛമായ വിലയുള്ള മരുന്നുകള്‍ എത്രയോ മടങ്ങ് വില വര്‍ദ്ധിപ്പിച്ച് വില്‍പ്പന നടത്തുന്നതായി നമുക്ക് കാണാം. കാര്‍ഡിയോളജി, ഇഎന്റ്റി, പ്ലാസ്റ്റിക് സര്‍ജറി, കോസ്മെറ്റിക് സര്‍ജറി, ലാപ്രോസ്കോപ്പിക് സര്‍ജറി വിഭാഗങ്ങളുടെ യൂണിറ്റുകള്‍, അനസ്തേഷ്യോളജി, ഓര്‍ത്തോപീഡിക്സ്, ജനറല്‍ മെഡിക്കല്‍ വിഭാഗങ്ങള്‍, ദന്തല്‍ യൂണിറ്റുകള്‍, അത്യാധുനിക കാഷ്വാലിറ്റി യൂണിറ്റ്, ഗ്യാസ്ട്രോ എന്ററോളജി, ന്യൂ സര്‍ജറി, ക്യാന്‍സര്‍ ചികിത്സ വിഭാഗം തുടങ്ങിയ സംവിധാനങ്ങളുമൊക്കെ സമ്പന്ന വിഭാഗം രോഗികള്‍ക്ക് ആശ്വാസം പകരുന്നു. ആധുനികവും ആകര്‍ഷണീയവുമായ അനേകം ചികിത്സാ സംവിധാനങ്ങളും അതിനാവശ്യമായ ഉപകരണങ്ങളുമൊക്കെ സ്വകാര്യ- സഹകണ മേഖലകളിലെ ആകര്‍ഷക ഘടകങ്ങളാണെന്ന് എടുത്തുപറയേണ്ടതുണ്ട്. എന്നാല്‍ പനി ബാധിതര്‍ പോലും ഈ സംവിധാനങ്ങളിലൂടെ കയറിയിറങ്ങേണ്ടതായിവരുന്നുണ്ട്.
സര്‍ക്കാര്‍തലത്തിലുള്ള ചികിത്സാ മേഖല ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട്. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ജില്ലാ ആശുപത്രികള്‍, ജനറല്‍ ഹോസ്പിറ്റലുകള്‍, സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, മൊബൈല്‍ യൂണിറ്റുകള്‍, മെഡിക്കല്‍ കോളജുകള്‍, വനിതകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ തുടങ്ങി നിരവധി ചികിത്സാ ആശുപത്രികളാണുള്ളത്. ഇത്തരം ചികിത്സാകേന്ദ്രങ്ങളിലൂടെ വിദഗ്ധ ചികിത്സകളാണ് പൊതുജനങ്ങള്‍ക്കായി ഉറപ്പുവരുത്തുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ആരോഗ്യ കേരളം പദ്ധതി, ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സുകൃതം പദ്ധതി, സര്‍ക്കാര്‍ ആശുപത്രി വഴി എല്ലാ രോഗികള്‍ക്കുമുള്ള മരുന്നുകള്‍ സൗജന്യമായി നല്കുന്ന ജനറ്റിക് മരുന്നുകളുടെ സൗജന്യ വിതരണ പദ്ധതി, ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്ന ‘അമൃതം ആരോഗ്യം’ പദ്ധതി, ജന്മനാ ഉണ്ടാകുന്ന രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള നവജാതശിശു നിരീക്ഷണ പദ്ധതി, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ചികിത്സ നല്കുന്ന അമ്മയും കുഞ്ഞും പദ്ധതി തുടങ്ങി നിരവധി പദ്ധതികളുണ്ട്. എന്നാല്‍ ഇവ കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം.
ഡോക്ടര്‍മാരില്‍ വിരലിലെണ്ണാവുന്ന ചിലരെങ്കിലും തന്റെ തൊഴിലിനോട് ആത്മാര്‍ത്ഥത പുലര്‍ത്താതെ വന്നാല്‍ അതു മെഡിക്കല്‍ എത്തിക്സിന് വരെ പേരു ദോഷം ഉണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: