കൈയെത്തും ദൂരത്തുള്ള മെഡല്‍ നഷ്ടങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ പാരീസില്‍ നാലാം സ്ഥാനങ്ങളുടെ കണക്കില്‍ ഭാരതം റിക്കോര്‍ഡിട്ടു. നിസ്സാര വ്യത്യാസത്തിന് ഭാരതത്തിന് ആറ് വെങ്കലമാണ് നഷ്ടമായത്. ആറിനങ്ങളില്‍ ഭാരത താരങ്ങള്‍ നാലാം സ്ഥാനത്തായി. ഈ ആറ് മെഡലുകള്‍ കൂടി നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയായി പാരീസ് മാറിയേനെ.
ഏറ്റവും സങ്കടകരമായി മാറിയത് ലക്ഷ്യ സെന്നിന്റെ വെങ്കല നഷ്ടമായിരുന്നു. സെമിയില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സനോട് രണ്ട് ഗെയിമിലും മുന്നിട്ടുനിന്ന ശേഷം കീഴടങ്ങി. പിന്നാലെ നടന്ന വെങ്കല പോരാട്ടത്തില്‍ ആദ്യ ഗെയിം സ്വന്തമാക്കുകയും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളില്‍ മുന്നിലെത്തിയ ശേഷം കീഴടങ്ങുകയുമായിരുന്നു.
പാരിസ് ഒളിംപിക്സില്‍ രാജ്യത്തിന്റെ ആദ്യ നിരാശ ഷൂട്ടിങ് റേഞ്ചില്‍ നിന്നായിരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ ഇരുപത്തഞ്ചുകാരന്‍ അര്‍ജുന്‍ ബബൂട്ടയ്‌ക്ക് വെങ്കല മെഡല്‍ നഷ്ടമായത് 1.4 പോയിന്റിന്റെ വ്യത്യാസത്തില്‍ മാത്രമാണ്. ഫൈനലിന്റെ അവസാന നിമിഷംവരെ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയ അര്‍ജുന് ഫൈനലിലെ 19-ാം ഊഴത്തില്‍ ഷോട്ട് പിഴച്ചതോടെ അര്‍ജുനെ പിന്തള്ളി ക്രൊയേഷ്യയുടെ മിറാന്‍ മാരിസിച്ച് മൂന്നാം സ്ഥാനത്തേക്ക് കയറി വെങ്കലം സ്വന്തമാക്കുകയായിരുന്നു.
ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലം നേടി ഒളിംപിക്സില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മനു ഭാകര്‍ മൂന്നാം മെഡലിന് തൊട്ടരികെ വീണതും ഇന്ത്യയ്‌ക്കു നിരാശയായി. 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലില്‍ മനുവും ഹംഗറിയുടെ വെറോനിക്ക മേയറും 28 പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള ഷൂട്ട് ഓഫിലെ നേരിയൊരു പാളിച്ചയില്‍ മൂന്നാം മെഡല്‍ മനുവിനെ വിട്ടകന്നു.
ഷൂട്ടിങ് മിക്സ്ഡ് സ്‌കീറ്റ് ഇനത്തിലും രാജ്യത്തിന് വെങ്കലം നഷ്ടമായത് ഒരു പോയിന്റ് വ്യത്യാസത്തില്‍. വെങ്കല മെഡല്‍ മത്സരത്തില്‍ മഹേശ്വരി ചൗഹാന്‍- അനന്ദ് ജീത് സിങ് നാരുക സഖ്യം 43 പോയിന്റ് നേടിയപ്പോള്‍ 44 പോയിന്റുകളുമായി ചൈനീസ് സഖ്യം വെങ്കലമുറപ്പാക്കി.
അമ്പെയ്‌ത്തില്‍ ഒളിംപിക്സ് സെമിയിലെത്തുന്ന ആദ്യ ഭാരത താരങ്ങളെന്ന ചരിത്ര നേട്ടത്തെ മെഡലാക്കി മാറ്റാന്‍ ധീരജ് ബൊമ്മദേവര-അങ്കിത ഭഗത് സഖ്യത്തിനു കഴിയാതിരുന്നതാണ് മറ്റൊരു സങ്കടം. ആര്‍ച്ചറി മിക്സ്ഡ് ടീം വെങ്കല മെഡല്‍പ്പോരാട്ടത്തില്‍ യുഎസിന്റെ കെയ്സി കോഫോള്‍ഡ് ബ്രാഡി എല്ലിസന്‍ ജോടിയോടാണ് ഭാരത സഖ്യം 2-6ന് പരാജയപ്പെട്ടത്. വനിതകളുടെ ഭാരോദ്വഹനത്തില്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് മെഡലെന്ന മീരാഭായ് ചാനുവിന്റെ സ്വപ്നം പൊലിഞ്ഞത് കേവലം ഒരു കി.ഗ്രാം വ്യത്യാസത്തില്‍. 49 കിലോഗ്രാം വിഭാഗത്തില്‍ ആകെ 199 കിലോഗ്രാം ഭാരമുയര്‍ത്തിയപ്പോള്‍ വെങ്കലം നേടിയ തായ്‌ലന്‍ഡ് താരം ഉയര്‍ത്തിയത് 200 കിഗ്രാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: