പാരീസ്: ഒളിംപിക്‌സ് 24ലെ ആറ് മെഡലുകള്‍ കൂടി ചേര്‍ത്തതോടെ ചരിത്രത്തില്‍ ഭാരതത്തിന്റെ ആകെ മെഡല്‍ നേട്ടം 41 ആയി. ആദ്യമായി പാരീസ് ആതിഥേയരായ 1900ലെ ഒളിംപിക്‌സിലാണ് ആദ്യമായി മെഡല്‍ നേടിയത്. ഭാരതത്തിനായി മത്സരിച്ച നോര്‍മന്‍ പ്രിച്ചാര്‍ഡ് അന്ന് പുരുഷന്മാരുടെ 200 മീറ്ററില്‍ വെള്ളി നേടുകയായിരുന്നു. പിന്നീട് 1928ല്‍ ഹോക്കിയില്‍ ഇതിഹാസ താരം ധ്യാന്‍ ചന്ദിന്റെ നേൃത്വത്തിലുള്ള ജൈത്രയാത്ര തുടങ്ങി.
ആദ്യം ആംസ്റ്റര്‍ദാമില്‍. അന്ന് മുതല്‍ തുടര്‍ച്ചയായി അഞ്ച് ഒളിംപിക്‌സുകളില്‍ ഭാരതം ഹോക്കിയില്‍ നിന്ന് സ്വര്‍ണം നേടിക്കൊണ്ടിരുന്നു. പിന്നീട് ധ്യാന്‍ചന്ദിന്റെ കാലത്തിന് ശേഷം കുറേ കഴിഞ്ഞാണ് ആ പതിവിന് മുടക്കമുണ്ടായത്. 1952ലെ ഹെല്‍സിങ്കി ഒളിംപിക്‌സില്‍ വെങ്കലമാണ് ലഭിച്ചത്. പിന്നീട് സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ മാറിമാറി നേടിയത് ഒരേയൊരു ഹോക്കിയില്‍ നിന്ന് മാത്രമാണ്. 1980ല്‍ മോസ്‌കോ ഒളിംപിക്‌സിലെ സ്വര്‍ണ നേട്ട സമയത്ത് തന്നെ ഭാരത ഹോക്കി ഏറെ മാറിയിരുന്നു. പിന്നീട് കൂടുതല്‍ പരിതാപകരമായ നിലയിലേക്ക് കൂപ്പുകുത്തി. 1984, 1988, 1992 ഒളിംപിക്‌സുകളില്‍ ഭാരതം മെഡലില്ലാ ടീമായി പങ്കെടുത്തുപോന്നു. 1996ല്‍ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ പുരുഷ ടെന്നിസ് സിംഗിള്‍സിലൂടെ വെങ്കലവുമായി ലിയാണ്ടര്‍ പോസ് 16 വര്‍ഷത്തെ ഭാരതത്തിന്റെ മെഡല്‍ ദാഹം തീര്‍ത്തു. തൊട്ടടുത്ത തവണ 2000ല്‍ സിഡ്‌നിയില്‍ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിനായി ഒരു വനിത മെഡല്‍ നേടി. ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിയുടെ വെങ്കലം.
നാല് വര്‍ഷത്തിന് ശേഷം 2004ല്‍ ഏതന്‍സില്‍ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് സൈനികനായിരിക്കെ ഷൂട്ടിങ്ങില്‍ വെള്ളി കൊയ്തു. വ്യക്തിഗത ഇനത്തില്‍ ഭാരതീയനായ താരം ഒളിംപിക്‌സില്‍ നേടുന്ന ആദ്യ വെള്ളിയായിരുന്നു അത്.
2008ല്‍ ബെയ്ജിങ്ങില്‍ അഭിവ് ഭിന്ദ്രയിലൂടെ ഭാരതം ആദ്യ വ്യക്തിഗത ഒളിംപിക് സ്വര്‍ണം നേടി. അക്കൊല്ലം ഗുസ്തിയില്‍ ശുശീല്‍ കുമാറും ബോക്‌സിങ്ങില്‍ വിജേന്ദര്‍ സിങ്ങും വെങ്കലം നേടി. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ഭാരതം രണ്ട് വെള്ളിയും നാല് വെങ്കലവും നേടി. ഷൂട്ടിങ്ങില്‍ വിജയ് കുമാര്‍ വെള്ളിയും ഗഗന്‍ നാരംഗ് വെങ്കലവും നേടി. ഗുസ്തിയില്‍ സുശീല്‍ കുമാര്‍ വെള്ളിയും യോഗേശ്വര്‍ ദത്ത് വെങ്കലവും നേടി. വനിതാ ബാഡ്മിന്റണില്‍ സൈന നേവാള്‍ വെങ്കലത്തിലൂടെ ഭാരതത്തിനായി ആദ്യമെഡല്‍ നേടി. വനിതാ ബോക്‌സിങ്ങില്‍ ആദ്യമായി മേരി കോം വെങ്കലമെഡലും നേടി.
2016ല്‍ പി.വി. സിന്ധു രാജ്യത്തിന് ആദ്യമായി ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ സമ്മാനിച്ചു. അതേ ഒൡപിക്‌സില്‍ വനിതാ ഗുസ്തി താരം സാക്ഷി മാലിക് വെങ്കലവും നേടി.
കഴിഞ്ഞ തവണ ടോക്കിയോയില്‍ നീരജ് ചോപ്ര ഭാരതത്തിന്റെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മെഡല്‍ നേടി. ജാവലിന്‍ എറിഞ്ഞുകൊണ്ട് സ്വര്‍ണം നേടി. ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയത് ടോക്കിയോയില്‍ ആയിരുന്നു. ഭാരോദ്വഹനത്തില്‍ മിരാബായ് ചാനുവും ഗുസ്തിയില്‍ രവികുമാര്‍ ദഹിയയും വെള്ളി നേടി. പി.വി. സിന്ധു ബാഡ്മിന്റണില്‍ മെഡല്‍ നിലനിര്‍ത്തിയെങ്കിലും വെങ്കലമായിരുന്നു. ബോക്‌സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയയും വെങ്കലം നേടി. 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്‌ക്ക് വിരാമമിട്ട് ഭാരത ഹോക്കി ടീം കഴിഞ്ഞ തവണ വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: