ന്യൂദല്‍ഹി: 45 കോടി രൂപയുടെ നികുതി വെട്ടിപ്പു കേസില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ കാരണം നോട്ടീസ്.
ബാലന്‍സ് ഷീറ്റില്‍ കൃത്രിമം കാണിച്ച് ഐഎംഎയുടെ കേരളാ ഘടകം നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തട്ടിപ്പ് നടത്തിയ ബാലന്‍സ് ഷീറ്റുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുമുണ്ട്.
ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയായതിനാല്‍ നികുതിയിളവിന് അര്‍ഹതയുണ്ടെന്നായിരുന്നു ഐഎംഎയുടെ വാദം. എന്നാല്‍ മറ്റു പല ബിസിനസുകളിലൂടെയും വന്‍ ലാഭം ഉണ്ടാക്കുന്നുണ്ടെന്നാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തല്‍. ചാരിറ്റബിള്‍ സൊസൈറ്റി, ക്ലബ്ബ് എന്നതിനപ്പുറമുള്ള പ്രവര്‍ത്തനമാണ് ഐഎംഎയുടേതെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ജിഎസ്ടി വിഭാഗം നല്കിയ നോട്ടീസ് ചോദ്യം ചെയ്ത് ഐഎംഎ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കേന്ദ്ര ജിഎസ്ടി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: