കിഷ്കിന്ധാകാണ്ഡത്തിലെ പാരായണശ്രുതി പരമരുചിരവും സങ്കീര്‍ണ്ണവുമായ ജീവന പ്രത്യയങ്ങളെ ആനയിക്കുന്നു. ജൈവ പ്രകൃതിയില്‍ വാനരനും മനുഷ്യനും അടിസ്ഥാനപരമായി ഒന്നുതന്നെ. അദൈ്വതാമൃതത്തിന്റെ പശ്ചാത്തലത്തില്‍ മാന-വാനര വൈവിധ്യ പ്രകൃതിയും കര്‍മ്മചരിത നിയോഗങ്ങളും ഏകാത്മ മാനവതയായി രൂപപ്പെടുകയാണ്. സമദര്ശികളായ മഹത്തുക്കളുടെ മുന്നില്‍ തുറക്കുന്ന ധര്‍മ്മാദര്‍ശവും ജീവതദര്‍ശനവും മൂല്യ പരിപ്രേക്ഷ്യവും ധര്‍മ്മാധര്‍മ്മത്തിന്റെ സംഘര്‍ഷഭൂമികയില്‍ ചര്‍ച്ച ചെയ്യുകയാണ് കിഷ്ക്കിന്ധാനുഭവലഹരി.
”നാരീമണിയായ ജാനകീദേവിയെ-
യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിര്‍ണ്ണയം
ശത്രുവിനാശത്തിനടിയനൊരു
മിത്രമായ് വേലചെയ്യാം തവാജ്ഞാവശാല്‍”
സുഗ്രീവന് സഖ്യസത്യമായി രാമനുമുമ്പില്‍ ഹൃദയം തുറന്നു. സുഗ്രീവകദനം കേട്ട് ബാലിയെക്കൊന്ന് പത്നിയെയും രാജ്യത്തെയും വീണ്ടടെുത്തുതരാമെന്ന് രാമന് പ്രതിജ്ഞ ചെയ്യുന്നു. മുക്തിക്കായ് ഭക്തി നല്കാന് പ്രാര്‍ത്ഥിച്ചുനിന്ന മിത്രത്തെ രാമന് ആശ്ലേഷിച്ചു. ആദ്യ പോരില്‍ പരാജയം മണത്തപ്പോള്‍ സുഗ്രീവന് ഓടിരക്ഷപ്പെടുന്നു. വീണ്ടും ചെന്ന് ബാലിയുമായി പോരാടാനാണ് രാമന് അഭ്യര്‍ത്ഥിച്ചത്. ഇത്തവണ രണ്ടും കല്പിച്ചാണ് സുഗ്രീവന് പോര്‍വിളിച്ചത്. അതില്‍ പന്തികേട് മണത്ത താര ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. ദശരഥനന്ദനനായ രാമന് അന്ധകാരണ്യത്തിലെത്തിയ വാര്‍ത്തയും സുഗ്രീവനുമായുള്ള സഖ്യവും താര ബാലിയെ അറിയിക്കുന്നുണ്ടെങ്കിലും വീരനായ ബാലി പോര്മുഖത്തില് നിന്ന് പിന്‍വാങ്ങിയില്ല. യുദ്ധം തുടങ്ങി. മുഷ്ടിയുദ്ധത്തിന്റെ അഗ്നിജ്ജ്വാല ആലക്തിക ചൈതന്യമൂറുന്ന ഭാഷയില്‍ ആചാര്യകവി വര്‍ണ്ണിച്ചിട്ടുണ്ട്. യഥാതഥമായി യുദ്ധത്തിന് സാക്ഷിയാകുംപോലെ പൊലിപ്പിച്ചും ഭാവബന്ധുരവുമായാണ് യുദ്ധരംഗം അനുവാചകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. സുഗ്രീവന് തളരാന്‍ തുടങ്ങിയെന്നുകണ്ട രാമന് മരം മറഞ്ഞുനിന്ന് മാഹേന്ദ്രാസ്ത്രം തൊടുത്തു. മാറില്‍ തറച്ച ശസ്ത്രത്തോടെ ബാലി അലറിവീണു. മുമ്പില്‍ വന്നുനിന്ന രാമനോട് ഏറെ പരിഭവം പറയുകയാണ് ബാലി. ബാലിയുടെ ഭാസുരമായ ഭാഷണം ധര്‍മ്മാധര്‍മ്മങ്ങളുടെ വ്യാഖ്യാനവും വ്യാഖ്യാനഭേദങ്ങളും ചേര്‍ന്ന് കിഷ്കിന്ധാകാണ്ഡത്തിന്റെ ദാര്‍ശനികതലം വിപുലമാക്കുന്നു.
”ധര്‍മ്മനിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കല്‍
നിര്‍മ്മലന്മാര്‍ പറയുന്നു രഘുപതേ!
ധര്‍മ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു
നിര്‍മ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ
വാനരനെച്ചതി ചെയ്തു കൊന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ”
എന്നെല്ലാമുള്ള ചോദ്യശരം രാമനുനേരെ ബാലി തൊടുത്തുവിടുന്നു. ഈ ചോദ്യം കാലങ്ങളായി രാമവിമര്‍ശകര്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. രാമനേകിയ ധര്‍മ്മവെളിച്ചമുള്‍ക്കൊണ്ട് മറുപടി ബാലിക്ക് സ്വീകാര്യമായെങ്കിലും ‘രാമവിരുദ്ധര്‍ക്ക്’ ഏശുന്നില്ല. രാമന്റെ പ്രത്യുത്തരം രാമനിലെ ധര്‍മ്മവിഗ്രഹത്തിന് മാറ്റുകൂട്ടുന്നതായിരുന്നു.
”ധര്‍മ്മത്തെ രക്ഷിപ്പതിന്നായുധവുമായ്
നിര്‍മ്മത്സരം നടക്കുന്നിതു നീളെ ഞാന്‍
പാപിയായോരധര്‍മ്മിഷ്ഠനായ നിന്നുടെ
പാപം കളഞ്ഞുധര്‍മ്മത്തെ നടത്തുവാന്‍
നിന്നെ വിധിച്ചിതു ഞാന്‍, മോഹബദ്ധനായ്
നിന്നെ നീയേതുമറിയാഞ്ഞതുമെടോ!”
രാമവാക്യത്തില്‍ ബാലി ആത്മപരിശോധന നടത്തുന്നു. മോഹബദ്ധരായി തീരുന്നവര്‍ക്ക് ആത്മസ്വരൂപം വ്യക്തമല്ല. ധര്‍മ്മാധര്‍മ്മം തിരിച്ചറിയാനാവാതെ വരുന്നു. കര്‍മ്മങ്ങളുടെ നന്മതിന്മഭേദമറിയാതെ ദുഷ്കര്‍മ്മകൃതത്തില്‍ അവര്‍ പാപം വാരിക്കൂട്ടുന്നു. ധര്‍മ്മമാര്‍ഗ്ഗം വെടിഞ്ഞ് അവര്‍ വഴിപിഴയ്ക്കുന്നു. തന്നെ തിരിച്ചറിയാനാകാതെ മോഹാദികളില്‍ വീണുപോവുകയാണ്.
ചിത്തവിശുദ്ധിയാല്‍ ഒടുക്കം രാമനെ പ്രണമിക്കുന്ന ബാലി ഭഗവദ്പദം പ്രാപിക്കുന്നു. ഭക്തിയുടെ സാന്ദ്രസാധനകളിലൂടെ ആത്മാവിന് മോക്ഷപ്രാപ്തി നേടാം. ബാലിയുടെ അനുഭവാനുഭൂതി മുമുക്ഷുക്കള്‍ക്ക് പരമപാഠമാണ്.
ബാലിയുടെ വിരഹം പൊറുക്കാനാകാതെ താര വിലാപവിവശയായി. നെഞ്ചത്തടിച്ച് ഗദ്ഗദത്തോടെ തന്നെയും ബാണമെയ്ത് കൊല്ലാന്‍ താര രാമനോടു പറയുന്ന രംഗം കരുണരസത്തിന്റെ ആത്മരൂപമാണ്. രാമന് തത്ത്വജ്ഞാനോപദേശത്താല്‍ താരയെ ദുഃഖമോഹങ്ങളില്‍ നിന്നകറ്റുന്നു.
‘താരോപദേശം’ അദ്ധ്യാത്മ രാമായണത്തിലെ ഉപദേശതാരകമായി പ്രോജ്ജ്വലിക്കുന്നു. ഉപനിഷദ് സൂക്തങ്ങളുടെ ഉജ്ജീവന മന്ത്രമാണ് ആ ജ്ഞാനോപദേശം. പഞ്ചഭൂതാത്മകമാണ് ദേഹം. ആത്മാവ് ജീവനും നിരാമയനുമാണ്. ജനനവും മരണവും അയഥാര്‍ത്ഥ്യം തന്നെ. ശുദ്ധവും നിത്യവും ജ്ഞാനാത്മകവുമായ തത്ത്വമോര്‍ക്കുമ്പോള്‍ ദുഃഖത്തിന് കാരണമില്ലെന്ന് കാണാം. രാമന്റെ തത്ത്വഭാഷിതം കേട്ട് ഇനിയും സത്യശുദ്ധാത്മകമായ വാക്കുകള്‍ രാമനില്‍ നിന്ന് കേള്‍ക്കണമെന്നായി താര. ‘ധന്യേ’ രാമന് പറഞ്ഞു ദേഹത്തിന്റെയും ഇന്ദ്രിയത്തിന്റെയും അഹങ്കാരഭേദഭാവനകൊണ്ടാണ് സംബന്ധമുണ്ടായിവരിക. ഇതിനാധാരം അവിവേകമത്രെ. സംസാരം രാഗദ്വേഷാദി സങ്കുലമാണ്. കര്‍മ്മവശേനയാണ് മനുഷ്യന് ഭ്രമിക്കുന്നത്.
”സത്യമാനന്ദമേകം പരമദ്വയം
നിത്യം നിരുപമം നിഷ്ക്കളം നിര്‍ഗുണം
ഇത്ഥമറിയുമ്പോള്‍ മുക്തനാമപ്പൊഴേ
സത്യം മയോദിതം സത്യം മയോദിതം
യാതൊരുത്തന് വിചാരിക്കുന്നതിങ്ങനെ
ചേതസി സംസാര ദുഃഖവുമവനില്ല!”
അതുകൊണ്ട് താരേ, നീയും മായാവിമോഹം കളയുക, ശ്രീരാമവാക്യപ്പൊരുളിന്റെ അന്തര്‍നാദം ഗ്രഹിച്ച താര ആനന്ദത്തോടെ മോഹമകന്ന് ജിവന്മുക്തയായിത്തീരുന്നു.
‘താരോപദേശം’ കാലാതീതമായ ഗുരുവാക്യമാണ്. ദുഃഖമോഹങ്ങള്‍ കീഴടക്കാനുള്ള ശാശ്വതപരിഹാരൗഷധമാണത്. ജനിമൃതികളിലൂടെയുള്ള ജീവന്റെ അനന്തയാനത്തെ ദാര്‍ശനികതയുടെ മായികപ്രഭയില്‍ ഉപനിഷത്താക്കുകയാണ് രാമന്. ‘എവിടെ മനുഷ്യന് ദുഃഖിക്കുന്നുവോ അവിടെ ഞാനുണ്ടാവും’ രാമവാക്യത്തിന്റെ വാങ്മയചിത്രണമാണ് ഈ രാമതത്ത്വാവിഷ്കാരം. വിശിഷ്ടാദൈ്വത ദര്‍ശനത്തിന്റ അരുളും പൊരുളുമാണ് എഴുത്തച്ഛന് കിഷ്കിന്ധോപനിഷത്തായി നേദിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: