കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടിലില്‍ ചൂരല്‍മലയില്‍ താത്ക്കാലികമായി നിര്‍മിച്ച ബെയ്‌ലി പാലത്തിന്റെ ഇടത് വശത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു ആല്‍മരം കാണാം. അതിനോട് ചേര്‍ന്ന മണ്ണില്‍ ഒരു മഹാദേവ ക്ഷേത്രവുമുണ്ടായിരുന്നു, ചൂരല്‍മല ശിവക്ഷേത്രം. കര്‍ക്കടകവാവിനും തുലാംവാവിനും ഇവിടെ പുഴത്തീരത്താണ് ആയിരങ്ങള്‍ പിതൃതര്‍പ്പണത്തിന് ഒത്തുകൂടിയിരുന്നത്.
ചെങ്കല്ലില്‍ത്തീര്‍ത്ത ശിവക്ഷേത്രങ്ങളിലൊന്നായിരുന്നു ഇത്. എല്ലാ വിഭാഗത്തിലും പെടുന്ന ഹൈന്ദവര്‍ പൂജാരിമാരായി പല ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്നതുപോലെ ഇവിടത്തെ പൂജാരിയായിരുന്നത് അയ്യന്‍ കൊല്ലി അംബേദ്ക്കര്‍ കോളനിയിലെ കല്യാണ്‍കുമാര്‍ എന്ന ശിവയോഗിയായിരുന്നു. ക്ഷേത്രത്തില്‍ത്തന്നെ താമസമായിരുന്ന പൂജാരിയേയും മലവെള്ളപ്പാച്ചിലില്‍ നഷ്ടമായി. ചൂരല്‍മലയിലെയും വെള്ളരിമലയിലേയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തേയും കുടുംബങ്ങളുടെ ആരാധനാലയവും ആശ്വാസകേന്ദ്രവുമായിരുന്നു ഈ ക്ഷേത്രവും പൂജാരിയും.
കല്യാണ്‍ കുമാന്റെ കുടുംബം കണ്ണീരോടെ കഴിയുകയാണ്. മക്കള്‍ ബിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ഉമാമഹേശ്വരിയും എട്ടാം ക്ലാസുകാരനായ ശ്രീ അഭിനന്ദും. അവര്‍ക്ക് കൂട്ടായി അവരുടെ അമ്മയും. കേരളക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ പി.എന്‍. രാജന്‍, എം.പി. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അവരുടെ വീട്ടിലെത്തി ക്ഷേത്രസംരക്ഷണസമിതിയുടെ പിന്തുണ അറിയിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷനായ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയും ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണനും സെക്രട്ടറിമാരായ വി.കെ. ചന്ദ്രന്‍, എസ്. പ്രബോധ് കുമാര്‍, ഡോ.എം.വി. നടേശന്‍, വൈസ് പ്രസിഡന്റ് ജി.കെ. സുരേഷ് ബാബു തുടങ്ങിയവര്‍ പൂജാരിയുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കി. അതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ സംസ്ഥാന സഞ്ചാലന്‍സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: