മഞ്ചേരി: ഇന്ന് ലോക ആനദിനമാണ്. 2012 ആഗസ്ത് 12 മുതലാണ് ലോക ആനദിനം ആഘോഷിക്കവാന്‍ തുടങ്ങിയത്. ആനകളുടെ സംരക്ഷണമാണ് ലക്ഷ്യം. ആനകള്‍ക്ക് എഴുന്നള്ളത്ത് നിയന്ത്രണവും വിലക്കും ആനകളുടെ കാടിറക്കവും വിവാദമായിക്കഴിഞ്ഞ് ദുരന്തകാലത്ത് കാട്ടാന നാട്ടുകാരെ സംരക്ഷിച്ചതാണ് ഇപ്പോള്‍ ചര്‍ച്ച.
ആനയ്‌ക്ക് എന്തുവിലവരും. ചത്താലും ജിവിച്ചാലും പന്തീരായിരം എന്ന് പറഞ്ഞിരുന്ന കാലുണ്ട്. ഇന്ന് ആനയെ നേരാംവണ്ണം പോറ്റാന്‍ വേണം ദിവസം പന്തീരായിരം എന്നാണ് ഉടമസ്ഥര്‍ പറയുന്നത്. ആനയ്‌ക്ക് ആഘോഷങ്ങളില്‍ എഴുന്നള്ളിക്കാന്‍ ഏക്കം (വാടക) പ്രതിദിനം ലക്ഷങ്ങള്‍ കടന്നകാലവുമുണ്ട്. അപ്പോള്‍ വീണ്ടും ആ ചോദ്യം: ആനയ്‌ക്കെന്തുവിലവരും?
ഒരു രൂപക്ക് ഒരു കൊമ്പനാനയെ സ്വന്തമാക്കിയ സംഭവമുണ്ടായിട്ടുണ്ട് മുമ്പ്; 130 വര്‍ഷം മുമ്പാണത്. വിശ്വസിക്കാനാവില്ല; വിസ്മയമാണ്. അക്കാലത്ത് നടന്ന ആന ‘ഷോഡതി’ (ലോട്ടറി) യിലാണ് സംഭവം. നറുക്കെടുപ്പില്‍ 2000 പേര്‍ പങ്കെടുത്തു. ഒരു രൂപ മുടക്കി നറുക്കില്‍ ചേര്‍ന്ന, നറുക്ക് വീണയാളിന് ആനയെ കിട്ടുകയും ചെയ്തു.
കുഞ്ചു എന്ന കൊമ്പനാനയെ ഒരു രൂപയ്‌ക്ക് കൈമാറിയത്. രണ്ടായിരം പേര്‍ ചേര്‍ന്ന നറുക്കില്‍ ആനയെ കൈമാറിയത് ദേശമംഗലത്ത് കാഞ്ഞൂര്‍ മനക്കല്‍ ശങ്കരന്‍ നമ്പൂതിരിമുഖാന്തിരമായിരുന്നു.
1893 ഒക്ടോബര്‍ 15ന് പത്തുമണിക്ക് ചെത്തനെല്ലൂര്‍ ഓട്ടു കമ്പനിയിലായിരുന്നു നറുക്കെടുപ്പ്. മുത്തേടത്ത് പാലശ്ശേരി ശങ്കരന്‍ നമ്പൂതിരിക്ക് വള്ളുവനാട് താലൂക്ക് ചെത്തനെല്ലൂര്‍ ദേശത്ത് എടമന നാരായണന്‍ നമ്പൂതിരി എഴുതിക്കൊടുത്ത രശീതിലെ ഉടമ്പടിയിലാണ് ഈ വിവരങ്ങള്‍. കരിക്കാട് പാലശ്ശേരി മനയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സൂക്ഷിച്ചിരിക്കുന്ന രേഖകളില്‍ ഇത്തരത്തില്‍ രസകരമായ വിജ്ഞാനങ്ങള്‍ ഏറെയുണ്ട്. ആനപിടിത്തത്തിന്റെ, ആനക്ക് വാരിക്കുഴി ഉണ്ടാക്കാന്‍ കരാര്‍ ഉണ്ടാക്കിയതിന്റെ, ആനയ്‌ക്ക് റേഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ കഥകള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: