Sports

വനിതാ ഫുട്ബോള്‍ സ്വര്‍ണം യുഎസിന്‌

Published by

പാരിസ്: ഒളിംപിക്സ് വനിതാ ഫുട്ബോളില്‍ അമേരിക്കയ്‌ക്ക് സ്വര്‍ണം. വാശിയേറിയ ഫൈനലില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അമേരിക്ക സ്വര്‍ണത്തില്‍ മുത്തമിട്ടത്. രണ്ട് ഒളിംപിക്സുകള്‍ക്ക് ശേഷമാണ് അമേരിക്കന്‍ വനിതകളുടെ നേട്ടം. 57-ാം മിനിറ്റില്‍ മലോരി സ്വാന്‍സനാണ് യുഎസിന്റെ വിജയഗോള്‍ നേടിയത്. യുഎസ് താരത്തിന്റെ നൂറാം രാജ്യാന്തര മത്സരം കൂടിയായിരുന്നു ഇത്.

കരിയറിലെ അവസാന മത്സരം കളിക്കുന്ന ഇതിഹാസതാരം മാര്‍ത്തയുടെ നേതൃത്വത്തില്‍ അവസാന നിമിഷം വരെ ബ്രസീല്‍ പൊരുതിയെങ്കിലും ഗോള്‍ മടക്കാന്‍ സാധിച്ചില്ല. ബ്രസീലിന്റെ മുന്നേറ്റങ്ങളെ യുഎസ് ഗോള്‍ കീപ്പര്‍ പ്രതിരോധിച്ചുനിന്നതോടെ ബ്രസീലിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒളിംപിക്സ് വനിതാ ഫുട്ബോളില്‍ അമേരിക്കയുടെ അഞ്ചാം സ്വര്‍ണ നേട്ടമാണിത്. 1996, 2004, 2008, 2012 എന്നീ ഒളിംപിക്സുകളിലാണ് മുന്‍പ് അവര്‍ സ്വര്‍ണം നേടിയത്. 2000-ല്‍ വെള്ളിയും കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ വെങ്കലവും യുഎസ് നേടിയിട്ടുണ്ട്.കളിയില്‍ മുന്‍തൂക്കം ബ്രസീലിനായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടതാണ് അവരുടെ തോല്‍വിക്ക് കാരണം.

കളിയുടെ രണ്ടാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ബ്രസീല്‍ പാഴാക്കിയിരുന്നു. ബോക്സിനകത്തേക്ക് ലുഡ്മിലയ്‌ക്കു ലഭിച്ച ത്രൂബോള്‍ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും അമേരിക്കന്‍ ഗോളി അലിസ നെഹാര്‍ രക്ഷപ്പെടുത്തി. ആറാം മിനിറ്റില്‍ അമേരിക്കയ്‌ക്ക് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ അവരുടെ സോഫിയ സ്മിത്തും പരാജയപ്പെട്ടു. 16-ാം മിനിറ്റില്‍ ബ്രസീല്‍ താരം ലുഡ്മില വല കുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. താരത്തിന്റെ ആഘോഷത്തിനിടെയാണ് ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നത്. 28-ാം മിനിറ്റില്‍ ബ്രസീലിന്റെ ലുഡ്മിലയുടെ നല്ലൊരു ഹെഡര്‍ യുഎസ് ഗോളി രക്ഷപ്പെടുത്തി. പിന്നീട് ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ബ്രസീലിന്റെ ഗാബി പോര്‍ട്ടിലോയുടെ ഷോട്ടിനും അമേരിക്കന്‍ ഗോളിയെ കീഴടക്കാനായില്ല.

എന്നാല്‍ കളിയുടെ 57-ാം മിനിറ്റില്‍ ബ്രസീല്‍ പോസ്റ്റില്‍ ഗോള്‍ വീണു. പന്തുമായി ബ്രസീല്‍ ബോക്സിലേക്കു കുതിച്ച സ്വാന്‍സന്‍ പിഴവുകളില്ലാതെ ഫിനിഷ് ചെയ്യുകയായിരുന്നു. ഗോള്‍ വീണതിനു പിന്നാലെ ബ്രസീല്‍ ടീം മൂന്നു മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ സൂപ്പര്‍ താരം മാര്‍ത്ത ഗ്രൗണ്ടിലെത്തി. തുടര്‍ന്ന് നിരവധി മുന്നേറ്റങ്ങള്‍ അവര്‍ എതിര്‍ ബോക്സിലേക്ക് നടത്തിയെങ്കിലും അമേരിക്കന്‍ പ്രതിരോധത്തെയും ഗോളിയെയും കീഴ്പ്പെടുത്താനായില്ല. ഇതോടെ മൂന്ന് തവണ ഫൈനല്‍ കളിച്ചിട്ടും ഒളിംപിക്സ് സ്വര്‍ണം അവര്‍ക്ക് കിട്ടാക്കനിയായി മാറി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by