അറിയാത്ത വഴികളിലൂടെ കാര്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ആരോടും വഴി ചോദിക്കണ്ട. ഗൂഗിള്‍ പറഞ്ഞുതരും. മൊബൈല്‍ കൈകൊണ്ട് തൊടുക വേണ്ട. ചങ്ങാതിയുടെ സംസാരം കാറിലെ സ്പീക്കറിലൂടെ ഒഴുകിയെത്തുന്നു. ഇടയ്ക്ക് ലാപ്ടോപ്പില്‍ മെയിലുകള്‍ വരുന്നത് നോക്കാം. ആവശ്യമുള്ളവയ്ക്ക് മറുപടി അയക്കാം. അതിനിടെ ആവശ്യങ്കെില് പ്രിയഗീതം കേള്‍ക്കുകയുമാവാം. വീട്ടിലെ ടിവി ഓഫ് ചെയ്യാന്‍ മറന്നതും കാറിലിരുന്നുതന്നെ സാധിച്ചു.
പെട്ടെന്നാണ് വഴിയോരത്ത് കുറ്റിക്കാട്ടില്‍ പഴയൊരു എസ്ടിഡി ബൂത്ത് നില്‍ക്കുന്നത് കണ്ടത്. അത് വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് ഒരു ഫ്ളാഷ്ബാക്ക് യാത്രയ്ക്ക് അവസരമൊരുക്കി. അന്ന് വഴി ചോദിക്കാന്‍ ഇടക്കിടെ വണ്ടി നിര്‍ത്തണം. വീട്ടിലേക്ക് അത്യാവശ്യം വിളിക്കണമെങ്കില്‍ എസ്ടിഡി ബൂത്ത് പരതി നടക്കണം. യാത്ര തുടങ്ങിയാല്‍ പിന്നെ വീടുമായും ഓഫീസുമായും യാതൊരു ബന്ധവുമില്ല. വിശേഷങ്ങള്‍ അറിയാന്‍ മാര്‍ഗവുമില്ല. അങ്ങനെയിരിക്കെ ബ്ലൂടൂത്ത് വന്നു. എല്ലാം ശരിയായി. എങ്ങും സന്തോഷം. ലോകത്തെവിടെയുമുള്ള കമ്യൂണിക്കേഷന്‍ ഉപകരണങ്ങളിലേക്ക് വിവരം കൈമാറാം. നിര്‍ദ്ദേശം നല്‍കാം. അനുസരിപ്പിക്കാം. അഞ്ചു നയാപൈസ ചെലവില്ലാതെ; ബ്ലൂടൂത്തിന് സ്തുതി.
ലോകത്തെ മുഴുവന്‍ ഒരുമിച്ച് നിറുത്തിയ ഈ മാന്ത്രികവിദ്യ കണ്ടെത്തിയത് ഡോ. ജാപ് ഹാര്ട്സെന് എന്ന ഡച്ച് എഞ്ചിനീയറാണ്. സ്വീഡനിലെ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ എറിക്സണില്‍ ജോലി ചെയ്യുമ്പോള്‍, 1994 ല്‍. അനന്തമായ കേബിള്‍ രഹിത വിവര കൈമാറ്റത്തിന് ജാപ് നടത്തിയ ആ കണ്ടുപിടിത്തം വഴിതെളിച്ചു.
ബ്ലൂടൂത്ത് വന്നതോടെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തമ്മിലുള്ള സംലയനം (ഇന്റിഗ്രേഷന്‍) ടെക്വ്യവസായത്തില് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. സ്മാര്‍ട്ട് ഫോണ്‍ മുതല്‍ ടാബുകള്‍ വരെയുള്ള സമസ്ത ഉപകരണങ്ങളും ബ്ലൂടൂത്തിന്റെ മാന്ത്രിക വലയത്തില്‍ വന്നതോടെ അതൊരു ‘സ്റ്റാന്റേഡ് വിവര കൈമാറ്റ-കണക്റ്റിവിറ്റി’ ഫീച്ചറായി അംഗീകരിക്കപ്പെട്ടു.
പൊതുവെ ഒരൊറ്റ റേഡിയോ ഫ്രീക്വന്‍സിയിലാണ് ലോകമെങ്ങും ബ്ലൂടൂത്ത് പ്രവര്‍ത്തിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2.5 ജിഗാഹെര്‍ട്സില്‍. ഒരു പ്രത്യേകതരം ഫ്രീക്വന്‍സി സ്പെക്ട്രത്തിലാണ് ഈ സൗജന്യ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം. പൈകോ നെറ്റുകള്‍ എന്നറിയപ്പെടുന്ന താല്‍ക്കാലിക നെറ്റ്വര്ക്കുകള് രൂപപ്പെടുത്താനും ബ്ലൂടൂത്ത് ഉപകരണങ്ങള്‍ക്ക് സാധിക്കും.
ബ്ലൂടൂത്ത് സൗജന്യമായി ലഭ്യമാവുന്നതിനു പിന്നില്‍ വലിയൊരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. 1998 ല്‍ രൂപംകൊണ്ട ബ്ലൂടൂത്ത് സ്പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് അഥവാ എസ്ഐജി എന്നറിയപ്പെടുന്ന ഒരു കണ്‍സോര്‍ഷ്യം കമ്യൂണിക്കേഷന്‍ വ്യവസായത്തിലെ വമ്പന്മാരായ എറിക്സണ്, ഐബിഎം, ഇന്റല്‍, നോക്കിയ, തോഷിബ തുടങ്ങിയവരൊക്കെ ഈ കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളാണ്. ബ്ലൂടൂത്ത് വിദ്യയുടെ വികസനവും നിലവാരം ഉറപ്പാക്കലും നിയന്ത്രണവും ലൈസന്‍സ് നല്കലുമൊക്കെ ഈ സംഘടനയുടെ ചുമതലയാണ്. ജിം കാര്ഡിച്ച് അതിന്റെ സ്ഥാപക അധ്യക്ഷനും.
പറഞ്ഞുവന്നപ്പോള്‍ ഈ വിദ്യയ്ക്ക് ബ്ലൂടൂത്ത് എന്ന പേര് കിട്ടിയ കാര്യം മറന്നു. നീല പല്ല് എന്നോ പുഴുപ്പല്ല് എന്നോ വേണമെങ്കില്‍ തര്ജമയാകാവുന്ന ഈ പേരിന്റെ പിന്നിലെന്താണ്? അത് അന്വേഷിക്കുമ്പോഴാണ് ആയിരത്താണ്ട് മുന്‍പ് വടക്കെ യൂറോപ്പില്‍ അങ്കംവെട്ടി നടന്ന ഒരു വൈക്കിങ് രാജാവ് ചരിത്രത്തില്‍ നിന്നിറങ്ങി വരുന്നത്- ഡാനിഷ് രാജാവായ ഹറാള്‍ഡ് ‘ബ്ലൂടൂത്ത്’ ഗോംസണ്.
എ.ഡി 958-986 ഡന്മാര്ക്ക് ഭരിച്ച രാജാവായ ഹറാള്‍ഡ്, നിരന്തരം പോരടിച്ച സ്കാന്റിനേവിയയിലെ ഗോത്രവര്‍ഗങ്ങളെ സ്നേഹിച്ചും വിരട്ടിയും ഒരുമിപ്പിച്ചു. സ്കാന്റിനേവിയയുടെ വലിയൊരു ഭാഗത്തെ തന്റെ രാജ്യമായ ഡന്മാര്‍ക്കിനോട് കൂട്ടിച്ചേര്‍ത്തു. നോര്‍വെ രാജാവ് ഹറാള്‍ഡ് ഗ്രേക്ലോക്ക് കൊല്ലപ്പെട്ടപ്പോള്‍ ആ രാജ്യവും ഒരുമിപ്പിച്ചു. അവിടത്തെ ഭരണ സംവിധാനം ഏകീകരിച്ചു. കോട്ടകളും കൊത്തളങ്ങളും നിര്‍മിച്ച് രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയ രാജാവ് പാലങ്ങളും റോഡുകളും നിര്‍മിച്ചു. തെക്കന്‍ സ്കാന്റിനേവിയയിലെ ഏറ്റവും പഴയ നിര്‍മിതിയായ റാമിങ് ബ്രിഡ്ജ് നിര്‍മിച്ചതും ഇദ്ദേഹംതന്നെ. തോറിന്റെയും ഓഡിന്റെയുമൊക്കെ വൈക്കിംഗ് പാരമ്പര്യത്തെ തള്ളി ക്രിസ്തുമതം സ്വീകരിച്ച ഹര്‍ബര്‍ട്ട് തന്റെ രാജ്യത്ത് മതപ്രചാരണം നടത്തി രാജ്യത്തെ ക്രിസ്തുരാജ്യമാക്കുന്നതിനും നേതൃത്വം നല്കി.
പക്ഷേ ഹര്‍ബര്‍ട്ട് ഗ്രോംസണ് എങ്ങനെയാണ് ‘ബ്ലൂടൂത്ത്’ ആയി മാറിയത്? രാജാവിന്റെ പല്ലുകള്‍ക്ക് നീലയും കറുപ്പും കലര്‍ന്ന നിറമായിരുന്നുവത്രേ. അതിനെക്കുറിച്ചുമുണ്ട് ഒട്ടേറെ അഭിപ്രായങ്ങള്‍. ഒന്നുകില്‍ നിറമുള്ള ‘പിഗ്മെന്റഡ്’ ബാക്ടീരിയകളുടെ ആക്രമണത്തില്‍ പല്ലുകളുടെ നിറം മാറിയതാവാം. അല്ലെങ്കില്‍ പച്ചമരുന്ന് കൂട്ടുകള്‍ നിരന്തരം കഴിച്ചിരുന്നതിനാല്‍ പല്ലിന് നിറംമാറ്റം വന്നതാവാം. ചില ലോഹസംയുക്തങ്ങള്‍ കലര്‍ന്ന മരുന്നുകള്‍ സ്ഥിരമായി ഉപയോഗിച്ചാലും പല്ലിന്റെ നിറം മാറാം. രാജാവിന് ബ്ലൂബെറിയും ബില്ബെറിയും പെരുത്തിഷ്ടമായിരുന്നത്രേ. അവ കണക്കില്ലാതെ വായിലിട്ട് ചവച്ച് പല്ലിന് നീലനിറം വന്നതാവാമെന്ന വാദവും ശക്തമാണ്. അതുമല്ലെങ്കില്‍ രാജാവിന്റെ പല്ല്, പുഴുപ്പല്ല് ആയിരിക്കാം.
അങ്ങനെ നീലപ്പല്ലുള്ള ഹര്ബര്ട്ടിനെ നാട്ടുകാര്‍ ‘ബ്ലൂടൂത്ത്’ എന്ന് വിളിച്ചു. പോരടിച്ച ഗോത്രങ്ങളെ ഒരുമിച്ചുചേര്‍ത്ത ബ്ലൂടൂത്തിന്റെ പേര് തന്നെ ലോകത്തെ ഒരുമിപ്പിച്ച സാങ്കേതിക വിദ്യക്ക് കല്പിച്ചു നല്‍കുകയും ചെയ്തു. സ്പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് അഥവാ എസ്ഐജിയാണ് തങ്ങളുടെ പക്കലുള്ള അത്ഭുതവിദ്യയ്ക്ക് ഈ പേര് നല്‍കിയത്. വിദ്യയുടെ രജി: ട്രേഡ് മാര്‍ക്കായി രാജാവിന്റെ ആദ്യാക്ഷരങ്ങള്‍ നല്‍കാനും കണ്‍സോര്‍ഷ്യം മറന്നില്ല. നോര്‍ഡിക് അക്ഷര മാതൃകയില്‍ എച്ച്, ബി എന്നീ അക്ഷരങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത ബ്ലൂടൂത്ത് രജിസ്ട്രേഡ് ട്രേഡ് മാര്‍ക്ക് തിരിച്ചറിയാത്തവര്‍ ലോകത്ത് തീരെയില്ലെന്നത് സത്യം. അതില്ലാത്ത സ്മാര്‍ട്ട് ഫോണുകള്‍ ലോകത്തുണ്ടാവില്ലെന്നതും സത്യം.
ബ്ലൂടൂത്ത് രാജാവിന്റെയും കുടുംബാംഗങ്ങളുടെയും വംശപരമ്പരയുടെയും അവശേഷിപ്പുകളും കയ്യെഴുത്തുകളും സ്മാരകശിലകളുമൊക്കെ സൂക്ഷിക്കുന്ന ഡെന്മാര്ക്കിലെ ജെല്ലിങ് മ്യൂസിയവും ഈ കഥയില്‍ വരുന്നുണ്ട്. ബ്ലൂടൂത്തിന്റെ അവകാശികള്‍ തങ്ങളാണെന്നും, തങ്ങളോട് ആലോചിക്കാതെ ‘വിവരകൈമാറ്റത്തിനുള്ള ഹ്രസ്വദൂര വയര്‍ലസ് സാങ്കേതികവിദ്യ’ക്ക് ബ്ലൂടൂത്ത് എന്ന പേര് നല്‍കിയത് ശരിയായില്ലെന്നും ജെല്ലിങ് മ്യൂസിയം പരാതി പറഞ്ഞു. കണ്‍സോര്‍ഷ്യം ചെയര്മാന് ജിം കാര്ഡിച്ച് ഖേദപ്രകടനവും നടത്തി. അതോടെ മ്യൂസിയം ഭാരവാഹികള്‍ക്ക് പെരുത്ത് സന്തോഷം. അവര്‍ പ്രഖ്യാപിച്ചു- അടുത്ത ആയിരം വര്‍ഷത്തേക്ക് ഈ സാങ്കേതികവിദ്യക്ക് ബ്ലൂടൂത്ത് രാജാവിന്റെ പേരും മുദ്രയും ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിച്ചിരിക്കുന്നു, സന്തോഷപൂര്‍വം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: