ആലപ്പുഴ: അവിവാഹിതയായ യുവതി പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വണ്ടേപുറം പാടശേഖരത്തിന് സമീപത്തെ വരമ്പില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിനിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തി മറവു ചെയ്തതാണോ എന്ന് സ്ഥിരകരിച്ചിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ട് യുവാക്കള്‍ പൊലീസ് കസ്റ്റഡിയിലാണ്. യുവതിയുടെ ആണ്‍സുഹൃത്തും ഇയാളുടെ സുഹൃത്തുമാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂച്ചാക്കല്‍ സ്വദേശിനി വീട്ടില്‍വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച ശാരീരിക ബുദ്ധിമുട്ടുകളുമായി ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രി അധികൃതര്‍ കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അമ്മതൊട്ടിലില്‍ ഏല്‍പ്പിച്ചു എന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് വീട്ടിലുണ്ടെന്ന് പറഞ്ഞു. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് ചേര്‍ത്തല പൊലീസില്‍ വിവരം നല്‍കിയത്.
പ്രസവിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്നാണ് യുവതിയുടെ മൊഴി. തുടര്‍ന്ന് ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി മൃതദേഹം യുവതി ഏല്‍പിക്കുകയായിരുന്നു. ഇയാളും സുഹൃത്തും ചേര്‍ന്ന് അകലെയുളള പാടവരമ്പത്തെത്തിച്ച് സംസ്‌കരിച്ചു.
യുവതിയും ആണ്‍സുഹൃത്തും കേരളത്തിന് പുറത്ത് ഒരുമിച്ച് പഠിച്ചിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു.
അതേസമയം, യുവതി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ക്ക് വിവരമൊന്നുമില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: