മേപ്പാടി: രണ്ടര വയസ്സുകാരനായ മകന് ശ്രീനിഹാല്‍, അമ്മ ലീലാവതി എന്നിവര്‍ നഷ്ടപ്പെട്ട തീരാവേദന, അച്ഛന് ദേവരാജന്‍ അടുത്ത കട്ടിലില്‍ രണ്ട് കാലും തകര്‍ന്ന് കിടപ്പുണ്ട്, ഭാര്യ ഝാന്‍സി റാണി പരിക്കുകള്‍ ഭേദമായി ഇന്നലെയാണ് ആശുപത്രി വിട്ടത്. ചൂരല്‍മല ദുരന്തത്തില്‍ പറഞ്ഞറിയിക്കാനാവാത്ത വിധം നഷ്ടങ്ങള്‍ സംഭവിച്ച്, ഗുരുതരമായ പരിക്കുകള്‍ ഏറ്റ് വിംസ് ആശുപത്രിയില്‍ കിടക്കുന്ന അനിലിന് ഇന്നലെ ആശ്വാസത്തിന്റെ ദിനമായിരുന്നു.
ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശ്വാസ സ്പര്‍ശമേറ്റ അനിലിന് അത് ഏറെ ആത്മവിശ്വാസം പകര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് 3.15ന് യാണ് പ്രധാനമന്ത്രി ചൂരല്‍മല ദുരന്തത്തില്‍ പരിക്കേറ്റ് കിടക്കുന്നവരെ ആശ്വസിപ്പിക്കാന്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ എത്തിയത്. ഹിന്ദി അറിയാവുന്നത് കൊണ്ട് അനിലിന് പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞു. അന്നുണ്ടായ സംഭവമെല്ലാം പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ഡോക്ടര്‍മാരില്‍ നിന്ന് രോഗവിവരം തിരക്കി.
വിദേശത്ത് നിന്ന് ഒരു മാസത്തെ അവധിക്ക് വന്നതായിരുന്നു അനില്‍. തിരിച്ചു പോകേണ്ട ദിനത്തിലാണ് മഹാദുരന്തം ജീവിതത്തെ പിടിച്ചുലച്ചത്. ‘കൂടെയുണ്ട്, ധൈര്യമായിരിക്കുക, എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം’ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അനിലിന്റെ ദുഃഖത്തെ അലിയിക്കുന്നതായി. ‘അദ്ദേഹം വരുമെന്നുറപ്പായിരുന്നു. അദ്ദേഹത്തില്‍ മാത്രമാണ് പ്രതീക്ഷ’ അച്ഛന് ദേവരാജന്‍ മറഞ്ഞു. ‘ആശുപത്രി വിട്ടാല്‍ എങ്ങോട്ട് പോകുമെന്നറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വരവ് ഏറെ പ്രതീക്ഷ നല്കുന്നു.’ ദേവരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: