എന്റെ ഓര്‍മ്മയുള്ള കാലം മുതല്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ഒരു സ്ഥലമാണ് കന്യാകുമാരി. മിക്കവാറും ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ അച്ഛനും അമ്മയും ചേച്ചിയും (വിജയകൃഷ്ണന്, ആശ, ശ്രുതി) പിന്നെ ഞാനും കന്യാകുമാരിയിലേക്ക് പോകാറുണ്ട്. ആദ്യം വിവേകാനന്ദ പുരത്ത് റൂമിലേക്ക്. അത് കഴിഞ്ഞ് കന്യാകുമാരി ദേവി കോവിലില്‍. അതിന് ശേഷം കടപ്പുറം. അതും കഴിഞ്ഞ് നേരെ പോകുന്നത് ഒരു ആശ്രമത്തിലേക്കാണ്. കന്യാകുമാരി, ശ്രീകൃഷ്ണ മന്ദിര്‍ ആശ്രമം. അവിടെ ചെല്ലുമ്പോള്‍ സ്ഥിരമായി കാണുന്നത് കാവി അണിഞ്ഞ ഒരു വ്യക്തിയെയാണ്. ”സ്വാമി അപ്പൂപ്പന്റെ അനുഗ്രഹം വാങ്ങു” എന്ന് അച്ഛന് പറയാറുണ്ട്. അങ്ങനെ കുട്ടിക്കാലത്ത് മനസ്സിലായി എന്റെ അപ്പുപ്പന് വീട്ടില്‍ നിന്ന് മാറി ആശ്രമത്തില്‍ കഴിയുന്ന ഒരു സംന്യാസിയാണെന്ന്.
വൈകിട്ടുള്ള പൂജാപരിപാടികള്‍ക്ക് മുന്‍പ് തന്നെ ആശ്രമത്തിലെ അടുക്കളയില്‍ എന്നെയും ചേച്ചിയെയും കൊണ്ട് പോയി സ്വാമി അപ്പൂപ്പന് മിഠായികളും മധുരപലഹാരങ്ങളും നല്‍കും. സാധാരണ നാട്ടില്‍ കിട്ടാത്തവയാകും ഇവ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിന്നും വിദേശത്തു നിന്നും വരുന്ന ഭക്തന്മാര് സ്വാമിയപ്പൂപ്പന് കൊടുത്തിട്ട് പോകുന്ന പലഹാരങ്ങളാണ് ഞങ്ങള്‍ക്ക് തരാറ്.
തിരിച്ച് വിവേകാനന്ദപുരത്തേക്ക് പോകുമ്പോള്‍ അവിടെയുള്ള ആളുകള്‍ക്ക് ഞങ്ങളെ വലിയ കാര്യമായിരുന്നു. ”പരമേശ്വര്‍ ജി കാ ബേട്ടാ” എന്ന് പറഞ്ഞ് അച്ഛനെ അഭിസംബോധന ചെയ്യുന്ന ഉത്തരേന്ത്യക്കാരനെ കാണും. ഇതെന്താ അപ്പൂപ്പനെ ഇവിടെ എല്ലാര്ക്കും പരിചയം എന്ന് അച്ഛനോട് അന്വേഷിക്കുമ്പോഴാണ് കന്യാകുമാരിയുടെയും വിവേകാനന്ദ കേന്ദ്രത്തിന്റെയും ചരിത്രം അച്ഛന് എന്നോട് പറയുന്നത്.
വിവേകാനന്ദ സ്മാരകം നമ്മള് ഇപ്പോള്‍ കാണുന്ന രീതിയില്‍ ആകുന്നതിന് തുടക്കമിട്ടവരില്‍ ഒരാളാണ് സാധുശീലന്‍ പരമേശ്വരന് പിള്ള അഥവാ എന്റെ സ്വാമിയപ്പൂപ്പന്. വിവേകാനന്ദ ശതാബ്ദി ആഘോഷക്കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നു സ്വാമിയപ്പൂപ്പന്. ഇതിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന് തപസ്സ് ചെയ്തിരുന്ന കന്യാകുമാരിയിലെ ഒരു പാറയില്‍ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ കമ്മിറ്റി തീരുമാനിക്കുന്നു. പക്ഷേ അപ്പോഴേക്കും ചില ഗൂഢ ശക്തികള്‍ കന്യാകുമാരിയെ ‘കന്യകമേരി’ എന്ന് പേര് മാറ്റി അതേ പാറയില്‍ ഒരു സെന്റ് ജോസഫ് പളളി സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ സംഘര്‍ഷം നിറഞ്ഞ കാലത്ത് സംഘ പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് സാധുശീലന്‍ പരമേശ്വരന് പിള്ള ആ പാറയെ വീണ്ടെടുക്കാന്‍ പ്രയത്നിച്ചു. ചെറിയൊരു ശതാബ്ദി ആഘോഷം മാത്രം ആകേണ്ടിയിരുന്ന ഒന്ന് പിന്നെ വിപുലമായി. തുടര്‍ന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ഏക്നാഥ് റാനഡെ എത്തുന്നതോടു കൂടി ഇതൊരു ദേശിയ പ്രസ്ഥാനമായി മാറി വിവേകാനന്ദ ശിലാസ്മാരകം ലോകോത്തോര നിലവാരത്തിലേക്കുയര്‍ന്നു.
കന്യാകുമാരിയില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോഴാണ് പ്രദേശവാസിയായ ഒരു വൃദ്ധന് തന്റെ വകയായ കുറച്ചു ഭൂമി ആത്മീയകാര്യങ്ങള്‍ക്കായി സ്വാമിയപ്പൂപ്പന് കൈമാറുന്നത്. ആ സ്ഥലത്താണ് അപ്പുപ്പന് ആശ്രമം സ്ഥാപിച്ചത്.
”സ്ഥലം കിട്ടിയപ്പോള്‍ ഉടനെ സംന്യാസിയായോ?’ എന്ന് ഞാന്‍ അച്ഛനോട് ചോദിച്ചു. ”അല്ല. അത് സ്വാമി ജ്ഞാനാനന്ദ സരസ്വതിക്ക് കൈ മാറി. സ്വാമിയപ്പൂപ്പന് വിവേകാനന്ദ കേന്ദ്രത്തില്‍ തന്നെ തുടര്‍ന്നു.” പിന്നീട് സംന്യാസിയാകേണ്ട സാഹചര്യം എന്തായിരുന്നു എന്ന് ഒരിക്കല്‍ സ്വാമിയപ്പൂപ്പന് തന്നെ എന്നോട് പറഞ്ഞു.
”ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് ഞാന്‍ കന്യാകുമാരിയിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു.” ”അടിയന്തരാവസ്ഥ കഴിഞ്ഞ് ഇന്ദിരാഗാന്ധിയെ പുതിയ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്ന ഒരു ദിവസം. നാടെങ്ങും അവരുടെ അനുയായികള്‍ അക്രമാസക്തരായി. നാട്ടില്‍ ഉടനീളം ഹര്‍ത്താലും ആക്രമണങ്ങളും. ഇതൊന്നും അറിയാതെ രാത്രിയില്‍ യാത്ര തുടരുന്ന ബസിലെ ആളുകള്‍. ബസിന്റെ ജനലിലൂടെ ഒരു തീഗോളം അകത്ത് വീഴുന്നു. ആ പ്രതിഭാസം തുടരുന്നു. ബസ് കത്താന്‍ തുടങ്ങി. ബസിന്റെ ഒരു ജനലിലൂടെ ഞാന്‍ ചാടി രക്ഷപ്പെട്ടു. കണ്ടുനിന്ന നാട്ടുകാര്‍ എന്നെ ആശുപത്രിയിലാക്കി. പരുക്കുകളോടെ ഞാന്‍ രക്ഷപ്പെട്ടു. ആ ബസില്‍ അന്ന് ഞാനും അതിന്റെ ഡ്രൈവറും പിന്നെയൊരാളും മാത്രമേ രക്ഷപ്പെട്ടുള്ളൂ.. എന്റെ ജീവിതം അവിടെ അവസാനിക്കേണ്ടതാണ്. ഇനി ബാക്കിയുള്ള ജീവിതം ഈശ്വരന് എന്ന് അന്ന് തീരുമാനിച്ചു.”
എനിക്കൊരു പത്തു-പന്ത്രണ്ട് വയസ്സുള്ളപ്പോഴൊക്കെ സ്വാമിയപ്പൂപ്പന് തിരുവനന്തപുരത്ത് വരുമ്പോള്‍ ചില ആശ്രമങ്ങളിലും സുഹൃത്തുക്കളെയുമൊക്കെ കാണാന്‍ എന്നെ കൂടെ കൊണ്ട് പോകുമായിരുന്നു. എല്ലാവരും ആദരിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് ഈ യാത്രകളില്‍ മനസ്സിലായി.
സ്വാമിയപ്പൂപ്പനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചപ്പോള്‍ അച്ഛന് പറഞ്ഞു തന്നു:
”1920 ആഗസ്റ്റ് 14-ന് വെഞ്ഞാറമൂട് മുദാക്കലില്‍ കൃഷ്ണപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും പുത്രനായി ജനിച്ച പരമേശ്വരന് പിള്ള ബാല്യത്തില്‍ തന്നെ സാമൂഹിക സേവനത്തിലും ആത്മീയതയിലും തല്പ്പരനായിരുന്നു. 1940-കളില്‍ തിരുവനന്തപുരത്തെ ആദ്യ ആര്‍എസ്എസ് ശാഖ തുടങ്ങിയ പിതാവും വൈദ്യന്, ജ്യോതിഷി, ആട്ടക്കഥാരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന മുത്തച്ഛന് പരമേശ്വരത്ത് പരമേശ്വരനാശാനും അദ്ദേഹത്തിന്റെ ആദ്യ പ്രചോദനങ്ങളായിരുന്നു.
യൗവനത്തില്‍, പരമേശ്വരന് പിള്ള വീടുവിട്ട് കൊല്‍ക്കത്തയില്‍ കുറെ കാലം ജോലി ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം ദല്‍ഹിയിലേക്ക് പോയി ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴില്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തു. എന്നാല്‍ സ്വാതന്ത്ര്യ സമര കാലത്ത്, സര്‍ക്കാര്‍ ജോലി വിട്ട് ആര്യ ഹിന്ദു സേവാ സംഘം എന്ന സംഘടനയിലെ പ്രവര്‍ത്തകനായി.
ഇതിനിടെ, രണ്ടാം ലോക മഹായുദ്ധകാലത്ത്, ഭക്ഷ്യവിപണിയില്‍ അരിയുടെ ലഭ്യത കുറവായതിനാല്‍ പകരം ലഭിച്ച ഗോതമ്പുകൊണ്ട് എന്തു ചെയ്യും എന്ന് അറിയാതെ വെഞ്ഞാറമൂട്ടിലെ ആളുകള്‍ ആശയക്കുഴപ്പത്തിലായിരുന്നു. ദല്‍ഹിയില്‍ നിന്ന് പരമേശ്വരന് പിള്ള എഴുതിയ കത്തുകള്‍ ഗ്രാമകേന്ദ്രങ്ങളില്‍ വായിച്ചു. ഗോതമ്പുകൊണ്ട് പാചകം ചെയ്യാവു ന്ന വിഭവങ്ങളെ കുറിച്ചായിരുന്നു ഒരു കത്ത്. മറ്റെല്ലാം ഹിന്ദുസമൂഹം സംഘടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു.
ആര്യ ഹിന്ദു സേവാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, സമുദായത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരെ പുനരധിവസിപ്പിക്കാനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പിന്നീട് ആര്യ ഹിന്ദു സേവാ സംഘം വിട്ട് ആലക്കോട്ടെ ഹിന്ദു ധര്‍മ്മ സമാജത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചു. ഈ സമയത്താണ് , ‘കേസരി’ വാരികയുടെ എഡിറ്റര്‍ സ്ഥാനത്തേക്ക് ക്ഷണം ലഭിക്കുന്നത്. ‘കേസരി’യുടെ ആരംഭം മുതല്‍ അതില്‍ തുടര്‍ച്ചയായി എഴുതിയിരുന്ന സാധുശീലന്‍ ഈ ക്ഷണം സ്വീകരിക്കുന്നതില്‍ അനല്പമായ സന്തോഷമുണ്ടായി.
‘കേസരി ‘യുടെ പത്രാധിപര്‍ എന്ന നിലയില്‍ കോഴിക്കോട്ട് താമസിക്കുമ്പോഴാണ് അദ്ദേഹം പ്രധാനകൃതികളെല്ലാം രചിച്ചത്. ഹിന്ദുധര്‍മ്മപരിചയം,കന്യാകുമാരി മുതല്‍ കപിലവസ്തു വരെ, ഷോഡശസംസ്കാരങ്ങള്‍, മഹാത്മാഗാന്ധി-മാര്‍ഗവും ലക്ഷ്യവും, സത്സംഗവും ജീവിതവും – അങ്ങനെ എത്രയെത്ര കൃതികള്‍! കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ സംഘം തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ അങ്ങോട്ടയച്ചതും ആര്‍എസ്എസ് നേതൃത്വം തന്നെ.”
കന്യാകുമാരിയില്‍ നിന്ന് ആശ്രമം വിട്ട് സ്വാമിയപ്പൂപ്പന് പിന്നീട് കൊടകരയിലും ഷൊര്‍ണ്ണൂരും ഓരോ ആശ്രമങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. അങ്ങോട്ടേക്ക് താമസം മാറിയപ്പോള്‍ പിന്നെ അദ്ദേഹത്തെ കാണുന്നത് വല്ലപ്പോഴുമായി. കാണുമ്പോള്‍ ഒക്കെ ഓരോ അനുഭവങ്ങള്‍ പറഞ്ഞുതരും. അതില്‍ ഒന്നാണ് അദ്ദേഹം ചെറുപ്പത്തില്‍ ഹിമാലയത്തില്‍ ഒരു മലമുകളില്‍ അകപ്പെട്ടുപോയ സംഭവം. ഭക്ഷണവും വെള്ളവും ഇല്ലാതെ മരിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു സന്ദര്‍ഭം. അപ്പോള്‍ ഒരു കല്ലെടുത്ത് പാറപ്പുറത്ത് പേരും വിലാസവും എഴുതിവച്ചിട്ട് കണ്ണടച്ചു. പക്ഷേ ബോധമില്ലാത കിടക്കുന്ന യുവാവിനെ ചിലര്‍ കാണാന്‍ ഇടയായി. അവര്‍ അവരുടെ ഗ്രാമത്തില്‍ കൊണ്ടുപോയി അദ്ദേഹത്തെ തിരിച്ച് ജീവിതത്തിലേക്ക് എത്തിച്ചു.
അതുപോലെ മറ്റൊരു അനുഭവമാണ്, അദ്ദേഹത്തെ ദല്‍ഹിയില്‍ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോയത്. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനത്തിനായിരുന്നു അത്. പക്ഷേ ഒരു പത്രം വക പ്രസ്സിന്റെ അടുത്തുള്ള റോഡില്‍ വെച്ച് ഓടുന്ന ജീപ്പില്‍ നിന്ന് അദ്ദേഹമെടുത്ത് ചാടി. നേരെ ഓടി പ്രസ്സിനകത്തേക്കു കയറി. പത്രമടിക്കാന്‍ വെച്ചിരുന്ന ഭീമാകാരമായ പേപ്പര്‍ റോളിന്റെ അകത്ത് ഒളിച്ചിരുന്നു. പൊലീസിന് അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ സ്വാമിയപ്പൂപ്പന്റെ സാമൂഹിക, ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുന്നത് ഞാന്‍ മറ്റുള്ളവരില്‍ നിന്നാണ്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തെ അറിയാവുന്നവര്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ ഇപ്പോഴും എനിക്ക് പുതിയ അറിവുകളാണ്. അതിലൊന്നാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍ജിയെ നേരിട്ട് കണ്ട് സംസാരിച്ച ചുരുക്കം മലയാളികളില്‍ ഒരാളാണ് എന്റെ സ്വാമിയപ്പൂപ്പന്. അദ്ദേഹത്തിന്റെ പിതാവ് ആലിന്തറ കൃഷ്ണ പിള്ള 1940 കളില്‍ തന്നെ തെക്കന്കേരളത്തില് ആര്‍എസ്എസ് ശാഖ ആരംഭിക്കുമ്പോള്‍ ഈ ശാഖയില്‍ സ്വാമിയപ്പൂപ്പനോടൊപ്പം അദ്ദേഹത്തിന്റെ അനുജന്മാരായ കെ. രാമന് പിള്ള, രാജേന്ദ്രന് നായര്‍ എന്നിവരും പിന്നെ. എംഎ സാര്‍ എന്നറിയപ്പെടുന്ന എം.എ. കൃഷ്ണനും പിന്നെ ആര് ഹരിയും ഉണ്ടായിരുന്നുവെന്ന് ഹരിയേട്ടന് തന്നെ എന്നോട് പറഞ്ഞിരുന്നു.
ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ അദ്ദേഹം എന്നെ കാണുമ്പോള്‍ ഒരു കാര്യം പറയാറുണ്ടായിരുന്നു. അത് മറ്റുള്ളവരോടും അറിയിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. ഈശാവാസ്യോപനിഷത്തിലെ ഒരു വരി – വായുരനിലമമൃതമഥെതം ഭസ്മാന്തം ശരീരം! ”മരിക്കുവാന്‍ പോകുന്ന എന്റെ പ്രാണവായൂ അധിദൈവതാത്മാവും സര്‍വാത്മകനും സൂത്രാത്മാവുമായ വായുവിനെ പ്രാപിക്കട്ടെ! സംന്യാസിയാണെന്ന് കരുതി സമാധിയിരുത്തുക അല്ല വേണ്ടത്, അതിന് സ്വയം സമാധിയാകണം. സാധാരണ മരണത്തിന് ദഹിപ്പിക്കുക തന്നെ ചെയ്യണം.”
2009 ല്‍ അദ്ദേഹത്തിന്റെ ഷൊര്‍ണ്ണൂര്‍ ഇരുന്നിലാംകോട് ആശ്രമത്തില്‍ വെച്ച് അദ്ദേഹം വിഷ്ണുപാദംപൂകി. അദ്ദേഹം നി
ര്‍ദ്ദേശിച്ചത് പോലെ തന്നെ ആശ്രമത്തില്‍ ഭൗതികശരീരം ദഹിപ്പിക്കുക തന്നെ ചെയ്തു.
1856 ല്‍ ജനിച്ച ആട്ടകഥാകൃത്തും വൈദ്യനുമായ പരമേശ്വരത്ത് പരമേശ്വരനാശാന്‍ എങ്ങനെയാണോ അദ്ദേഹത്തിന്റെ മകന് കൃഷ്ണപിള്ളയെയും കൊച്ചുമകന് സാധുശീലന്‍ പരമേശ്വരന് പിള്ളയെയും സ്വാധീനിച്ചത് അതുപോലെ തന്നെ ഇവര്‍ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ എന്റെ അച്ഛന് വിജയകൃഷ്ണനെയും സ്വാധീനിച്ചത്. അതിന്റെ ഇപ്പോഴത്തെ ഒരു കണ്ണിയായി ഞാന്‍ തുടരുന്നു.
സ്വന്തം മുത്തച്ഛന്റെ ജീവചരിത്ര പുസ്തകമായ ‘ജ്ഞാനി ആശാന് എന്ന യോഗീശ്വരന്’ സാധുശീലന്‍ പരമേശ്വരന് പി
ള്ള എഴുതുമ്പോള്‍ അതിന്റെ പുറംചട്ടയില്‍ തന്റെ പിതാവ് ആലിന്തറ കൃഷ്ണപിള്ളയുടെ ഒരു കവിത കൂടെ ചേര്‍ത്തിട്ടുണ്ട്.
”കരുണാകാരനാകുമെന്‍ പിതാവിന്
കരുണാദൃഷ്ടിതെളിഞ്ഞിവന്റെ നേരേ
തരുണാരുണ കാന്തിയേറ്റുനന്നായ്
വിലസും ദര്‍പ്പണമെന്നപോല്‍ വരേണം”
പ്രതികരിക്കാൻ ഇവിടെ എഴുതുക: