ആലപ്പുഴ: തുമ്പച്ചെടി തോരന്‍ കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായ വീട്ടമ്മ മരിച്ചെന്ന വാര്‍ത്തയില്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും രാസ പരിശോധന ഫലവും ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് പൊലീസ്.സംഭവത്തില്‍ അസ്വഭാവിക മരണത്തിനാണ് ചേര്‍ത്തല പൊലീസ് കേസെടുത്തത്.
ചേര്‍ത്തല സ്വദേശി ഇന്ദുവാണ് തുമ്പച്ചെടി കൊണ്ട് ഉണ്ടാക്കിയ തോരന്‍ ഭക്ഷിച്ചതിന് പിന്നാലെ മരിച്ചത്. ചേര്‍ത്തല എക്സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രിയാണ് തുമ്പ ചെടികൊണ്ടുള്ള തോരന്‍ ഉണ്ടാക്കി കഴിച്ചത്. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്ന് വീട്ടുകാര്‍ പറഞ്ഞു. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തുമ്പപ്പൂ തോരന്‍ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇന്ദുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
അതേസമയം, ജീവിത ശൈലി രോഗമുള്ളവര്‍ തുമ്പ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: