ന്യൂഡല്‍ഹി : ബോളിവുഡ് താരം ആമിര്‍ ഖാന് ‘ലാപത ലേഡീസ്’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനായി സുപ്രീം കോടതിയില്‍ എത്തി. സുപ്രീം കോടതിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ലിംഗസമത്വത്തെ പ്രതിപാദിക്കുന്ന കിരണ്‍ റാവുവിന്റെ പുതിയ ചിത്രമായ ‘ ലാപത ലേഡീസ് ‘ സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്. ചീഫ് ജസ്റ്റിസ്, മറ്റ് സുപ്രീം കോടതി ജഡ്ജിമാര്‍, അവരുടെ ഭാര്യമാര്‍, രജിസ്ട്രി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. സുപ്രീം കോടതി അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിംഗ് കോംപ്ലക്സിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന സ്ക്രീനിംഗില്‍ സംവിധായകന് കിരണ്‍ റാവുവിനൊപ്പമാണ് ആമിര്‍ ഖാന് എത്തിയത്. താരത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിവാദ്യം ചെയ്തു.
ബിപ്ലബ് ഗോസ്വാമിയുടെ അവാര്‍ഡ് നേടിയ കഥയെ അടിസ്ഥാനമാക്കി സ്നേഹ ദേശായിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത്. സ്പര്‍ശ് ശ്രീവാസ്തവ്, പ്രതിഭ രന്ത, നിതാന്‍ഷി ഗോയല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സ്റ്റുഡിയോസും ആമിര്‍ ഖാന് പ്രൊഡക്ഷന്‍സും കിന്ഡലിംഗ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ചിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: