കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര സംഘം വിലയിരുത്തി.
കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി അംഗമായ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. രക്ഷാപ്രവര്‍ത്തനവും തുടര്‍ നടപടികളും കളക്ടര്‍ ഡി.ആര്. മേഘശ്രീ വിശദീകരിച്ചു. ഉരുള്‍പൊട്ടല്‍ സാഹചര്യങ്ങള്‍ കെഎസ്ഡിഎംഎ മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് വിശദീകരിച്ചു. മുണ്ടക്കൈ മുതല്‍ ചൂരല്‍മല വരെയുള്ള ദുരന്തബാധിത പ്രദേശങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചു.
ഓയില്‍ സീഡ് ഹൈദരാബാദ് ഡയറക്ടര്‍ ഡോ. കെ. പൊന്നുസ്വാമി, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ വി. അമ്പിളി, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബി.ടി. ശ്രീധര, ധനകാര്യ വകുപ്പിന് കീഴിലുള്ള എക്സ്പെന്‍ഡിച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രിയ മാലിക്, സിഡബ്ല്യുസി ഡയറക്ടര്‍ കെ.വി. പ്രസാദ്, ഊര്‍ജ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.കെ. തിവാരി, ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമാവതര്‍ മീണ, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ജിയോ ഹസാര്‍ഡ് സയന്റിസ്റ്റ് ഡോ. തപസ് മര്‍ത്ത എന്നിവരാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: