ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗം ജയ ബച്ചനെ രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കർ അധിക്ഷേപിച്ചെന്ന് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സഭയിൽ സംസാരിക്കാൻ ക്ഷണിക്കുന്നതിനിടെ ഉപരാഷ്‌ട്രപതി ജയ ബച്ചനെ ‘ജയ അമിതാഭ് ബച്ചൻ’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. ജഗദീപ് ധന്കർ സ്വീകാര്യമല്ലാത്ത സ്വരത്തിൽ സംസാരിച്ചുവെന്നാണ് ജയ ബച്ചന്റെ ആരോപണം.
‘ഞാനൊരു അഭിനേതാവാണ്. എനിക്ക് ആളുകളുടെ ശരീരഭാഷയും ഭാവങ്ങളും മനസിലാകും. നിങ്ങളുടെ സംസാരരീതി ശരിയല്ല’, എന്ന് ജയ ബച്ചന്‍ ഉപരാഷ്‌ട്രപതിയോട് പറഞ്ഞു. എന്നാല്‍, സെലിബ്രിറ്റിയാണെങ്കില്‍പോലും സഭയില്‍ ഔചിത്യബോധം കാണിക്കണമെന്ന് ധന്‍കറിന്റെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തുടര്‍ച്ചയായി അവസരം നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതിപക്ഷ നേതാക്കളും ജയ ബച്ചന് പിന്തുണയുമായി രംഗത്തെത്തി. അതിനിടെ രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെ ജെ.പി. നഡ്ഡ പ്രമേയവുമായി രംഗത്തെത്തി. ധന്‍കറിനെതിരെയുള്ള ജയ ബച്ചന്റെ പരാമര്‍ശത്തിനെതിരെയാണ് ബി.ജെ.പി. അധ്യക്ഷന്‍ കൂടിയായ രാജ്യസഭാംഗം പ്രമേയം അവതരിപ്പിച്ചത്.
അതേസമയം, രാജ്യസഭയില്‍ ഉപരാഷ്‌ട്രപതിക്കെതിരെ ഇംപീച്ച്‌മെന്റിനുള്ള ശ്രമവും പ്രതിപക്ഷം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: