കോട്ടയം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി കൊമ്പുകോര്‍ത്തു നിന്ന ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന് സ്ഥാനചലനം. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിട്ടാണ് മാറ്റിയിരിക്കുന്നത്. എറണാകുളത്ത് ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന എ അക്ബര്‍ ആണ് പുതിയ ഗതാഗത കമ്മീഷണര്‍. മന്ത്രിയുടെ താന്‍പോരിമ മൂലം ഗതാഗതമന്ത്രാലയില്‍ നിന്ന് മാറാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു ശ്രീജിത്തെന്നാണ് അറിയുന്നത്.
ഗണേഷ് കുമാര്‍ ചുമതലയേറ്റത് മുതല്‍ ശ്രീജിത്തുമായി ഉടക്കായിരുന്നു. ഒരുഘട്ടത്തില്‍ മന്ത്രി കമ്മിഷണറെ പരസ്യമായി ശാസിക്കുക പോലുമുണ്ടായി. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തില്‍ തുടങ്ങി അതി സുരക്ഷാ നമ്പര്‍ പ്ളേറ്റ് വരെയുള്ള വിഷയങ്ങളില്‍ ഇരുവരും വ്യത്യസ്ത നിലപാട് പുലര്‍ത്തുകയും മന്ത്രി ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
സുരക്ഷ നമ്പര്‍ പ്ലേറ്റ് ആഗോള ടെന്‍ഡര്‍ നല്‍കുന്നതിനെതിരെ കടുത്ത നിലപാടാണ് ഗതാഗത കമ്മീഷണര്‍ എടുത്തത്. ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ നിയമപരമായി കഴിയില്ലെന്ന് വ്യക്തമാക്കി കമ്മീഷണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സംഘര്‍ഷം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഗതാഗത കമ്മീഷണറുടെ മാറ്റം. ശ്രീജിത്തിനെ മാറ്റണമെന്ന് മന്ത്രിയും മറ്റൊരു ലാവണം വേണമെന്ന് ശ്രീജിത്തും നിലപാട് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: