പാരിസ്: ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് അഞ്ചാം മെഡൽ. പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. ഇന്ത്യൻ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. ഫൈനലില്‍ ഒരു ത്രോ മാത്രമാണ് നീരജിന് എറിയാനായത്. ബാക്കിയുള്ള അഞ്ചും ഫൗളായി.
രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞ പാക്കിസ്ഥാൻ താരം അർഷദ് നദീമിനാണ് ജാവലിൻ ത്രോയിൽ സ്വർണം. ഒളിംപിക് റെക്കോർഡ് ദൂരം പിന്നിട്ടാണ് അർഷദ് രണ്ടാം അവസരത്തിൽ സ്വർണത്തിലെത്തിയത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്.
ഫൈനലില്‍ നീരജിനു കടുത്ത വെല്ലുവിളി തന്നെ പാക് താരത്തില്‍ നിന്നുമുണ്ടാവുമെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു. പക്ഷെ ആദ്യത്തെ ത്രോയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നദീം കാണപ്പെട്ടത്. ത്രോയ്‌ക്കായി മുന്നോട്ട വന്ന ശേഷം വീണ്ടു സ്റ്റാര്‍ട്ടിങ് പോയിന്റിലേക്കു വന്ന പാക് താരത്തിന്റെ ആദ്യ ത്രോ ഫൗളിലും കലാശിച്ചിരുന്നു. പക്ഷെ രണ്ടാമത്തെ ത്രോയില്‍ നദീം അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. 92.97 മീറ്റര്‍ എറിഞ്ഞ അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി.
നിലവിലെ ഒളിംപിക് ചാംപ്യനും ലോക ചാംപ്യനുമായ ഇരുപത്താറുകാരൻ നീരജ് യോഗ്യതാ റൗണ്ടിൽ ഒന്നാമനായാണ് ഫൈനൽ ഉറപ്പിച്ചത്.
ഇതോടെ ഒളിംപിക്സിൽ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും നീരജ് സ്വന്തമാക്കി. പി.വി.സിന്ധു (ബാഡ്മിന്റൻ), സുശീൽ കുമാർ (റെസ്‌ലിങ്), മനു ഭാക്കർ (ഷൂട്ടിങ്) എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചവർ.
എറിക് ലെമിങ് (സ്വീഡൻ), യോണി മുയ്റ (ഫിൻലൻഡ്), യാൻ ഷെലെസ്നി (ചെക്ക് റിപ്പബ്ലിക്), ആൻഡ്രിയാസ് തോർകിൽഡ്സെൻ (നോർവേ) എന്നിവരാണ് ഇതിനു മുൻപ് ജാവലിനിൽ സ്വർണം നിലനിർത്തിയ താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: