ന്യൂദല്‍ഹി: അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ സംഭവിച്ചതിനു തുല്യമായവ ഭാരതത്തിലും ആവര്‍ത്തിക്കുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. പുറമേ സമാധാനപരമാണെങ്കിലും അക്രമാസക്തമാകുന്ന സാഹചര്യം രാജ്യത്തുണ്ടാകാമെന്നായിരുന്നു ഖുര്‍ഷിദിന്റെ പ്രസ്താവന.
ശശി തരൂര്‍ എംപി അടക്കമുള്ളവര്‍ പങ്കെടുത്ത പുസ്തക പ്രകാശനചടങ്ങിലാണ് മുന്‍ വിദേശകാര്യ മന്ത്രി കൂടിയായ ഖുര്‍ഷിദിന്റെ ‘മോഹം’ പുറത്തു വന്നത്. രാജ്യത്തെക്കാള്‍ വലുതാണ് കോണ്‍ഗ്രസിനു രാഷ്ട്രീയവും ഭരണവുമെന്ന് ഖുര്‍ഷിദ് തെളിയിച്ചതായി ബിജെപി തിരിച്ചടിച്ചു. സംഭവം വിവാദമായതോടെ ഖുര്‍ഷിദിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞു.
രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പമാണ് പ്രതിപക്ഷ പാര്‍ട്ടികളെന്ന് ബിജെപി എംപി ഗിരിരാജ് സിങ് പ്രതികരിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കായി സംസാരിക്കാന്‍ ഒരൊറ്റ പ്രതിപക്ഷ നേതാവും തയാറില്ല. ബംഗ്ലാദേശിലേതിനു സമാനമായ അവസ്ഥ ഭാരതത്തിലുണ്ടാകുമെന്നു ഖുര്‍ഷിദ് പറഞ്ഞത് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരിക്കാം. ഔറംഗസേബുമാരാകാന് ആരെങ്കിലും ശ്രമിക്കുമ്പോഴൊക്കെ മഹാറാണ പ്രതാപുമാരുണ്ടാകുമെന്നോര്ക്കണം, ഗിരിരാജ് സിങ് മുന്നറിയിപ്പു നല്കി.
ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ ജനങ്ങള്‍ തള്ളുന്നതായി ബിജെപി വക്താവ് ഷെര്‍സാദ് പൂനാവാല പറഞ്ഞു. കോണ്‍ഗ്രസ് ബംഗ്ലാദേശ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നില്ക്കുന്നെന്നു പറയുമ്പോള്‍ത്തന്നെയാണ് അവരുടെ നേതാവ് ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഭാരത ജനാധിപത്യത്തെ തകര്‍ക്കാനാണോ ഖുര്‍ഷിദ് ശ്രമിക്കുന്നത്. ഭാരതത്തിന്റെ സൈനിക വിഭാഗങ്ങളെ അപമാനിക്കാനാണോ ഖുര്‍ഷിദ് ശ്രമിക്കുന്നത്. മോദിയെ എതിര്‍ക്കാനെന്ന പേരില്‍ ദേശവിരോധം കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു, ബിജെപി വക്താവ് കുറ്റപ്പെടുത്തി. പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ഖുര്‍ഷിദിനു സമാന പ്രസ്താവന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: