ഉജ്ജൈന്‍: പവിത്ര സാവന്‍ മാസത്തിലെ മുന്നാംവാരത്തില്‍ മഹാകാലേശ്വര സന്നിധിയെ ത്രസിപ്പിച്ച് സമൂഹ ഡമരു വാദനം. മഹാകാല്‍ പ്രബന്ധ് സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീപുരുഷന്മാരടങ്ങുന്ന 1500 വാദകരാണ് ലോക റിക്കാര്‍ഡിലിടം പിടിച്ച അപൂര്‍വതാളവിരുന്നൊരുക്കിയത്.
മഹാകാലേശ്വര മന്ദിര സമീപം തീര്‍ത്തിട്ടുള്ള ശക്തിപഥ് തീര്‍ത്ഥ ഇടനാഴിയില്‍ രുദ്രസാഗറിന് സമീപമാണ് ഇരുപത്തഞ്ച് ദളങ്ങളായി വാദകര്‍ നിലയുറപ്പിച്ചത്. പത്ത് മിനിട്ട് ഭസ്മ ആരതിയോടെ ഒരേസമയം മഹാകാലേശ്വര സന്നിധിയില്‍ ഡമരു മുഴങ്ങി. ന്യൂയോര്‍ക്കിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്ടിച്ച 488 പേരുടെ ഡമരു വാദന റിക്കാര്‍ഡാണ് ഉജ്ജൈനിലെത്തിയ ശിവ ഭക്തര്‍ പിന്നിട്ടത്.
സാവന്‍ മാസാഘോഷത്തിന്റെ ഭാഗമായി ഓരോ തിങ്കളാഴ്ചയും മഹാകാലേശ്വരന്‍ ശക്തിപഥില്‍ എഴുന്നെള്ളുന്നതിന്റെ ഭാഗമായി ഡമരു വാദകസംഘം അകമ്പടിയായി. ഗിന്നസ് ബുക്ക് എഡിറ്റര്‍ ഋഷിനാഥ് വേള്‍ഡ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: