ധാക്ക: ഷേഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ട കലാപം ഇന്ത്യയിലെ കമ്പനികള്‍ക്ക് വന്‍ പ്രതിസന്ധിയും ധനനഷ്ടവും സൃഷ്ടിക്കുന്നു.. അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ സാധനങ്ങളുടെ കമ്പനി (എഫ് എംസിജി) മുതല്‍ വാഹനനിര്‍മ്മാണക്കമ്പനികള്‍ വരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിനെ നേതാവാക്കി ഒരു ഇടക്കാല ഭരണകൂടം അവിടുത്തെ പ്രസിഡന്‍റ് രൂപീകരിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. എന്തായാലും അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ സാധനങ്ങളുടെ കമ്പനി (എഫ് എംസിജി) മാരികോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇമാമി തുടങ്ങിയ കമ്പനികള്‍ വലിയ പ്രതിസന്ധി തല്‍ക്കാലം നേരിടേണ്ടതായി വരും. ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന എഫ് എംസിജി രംഗത്തുള്ള ലോകത്തിലെ മൂന്ന് കമ്പനികളില്‍ ഒന്ന് മാരികോ ആണ്.
മാരികോയ്‌ക്ക് വന്‍ ആഘാതം
സഫോള ഭക്ഷ്യ എണ്ണയ്‌ക്ക് പേരുകേട്ട മാരികോയുടെ വരുമാനത്തിന്റെ 11-12 ശതമാനം ബംഗ്ലാദേശിൽ നിന്നാണ്. ഇന്ത്യയ്‌ക്ക് പുറത്തുനിന്നുള്ള മാരികോയുടെ ആകെ വരുമാനത്തിന്റെ 44 ശതമാനവും ബംഗ്ലാദേശില്‍ നിന്നാണ്. 1999 മുതല്‍ ബംഗ്ലാദേശീല്‍ സാന്നിധ്യമുള്ള മാരികോ ബംഗ്ലാദേശിലെ ഓഹരി വിപണിയില്‍ പോലും ലിസ്റ്റ് ചെയ്ത കമ്പനിയാണ്. ഗാസിപൂരിലും ധാക്കയിലും മാരിക്കോയുടെ രണ്ട് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. കമ്പനിക്ക് ബംഗ്ലാദേശില്‍ അഞ്ച് ഡിപോകള്‍ ഉണ്ട്. ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധി മൂലം ഉപഭോക്തൃത കമ്പനിയായ മാരികോയുടെ വില്‍പന ഇടിഞ്ഞു. ഇതുമൂലം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മാരികോയുടെ ഓഹരിവില നാല് ശതമാനത്തോളം ഇടിഞ്ഞു.
ഏഷ്യന്‍ പെയിന്‍റ്സിന് തിരിച്ചടി
ഏഷ്യന്‍ പെയിന്‍റ്സിന്റെ വിദേശത്ത് നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവാണ് ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി സമരം മൂലം ഉണ്ടായത്. കമ്പനിയുടെ ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ മോശം ഫലമുണ്ടായതിന് കാരണം ബംഗ്ലാദേശിലെ പ്രതിസന്ധിയായിരുന്നു. നേരത്തെ ശ്രീലങ്കയില്‍ ആഭ്യന്തരകലാപമുണ്ടായപ്പോഴും ഇതേ പ്രതിസന്ധി ഏഷ്യന്‍ പെയിന്‍റ്സിന് നേരിടേണ്ടിവന്നു.
ബംഗ്ലാദേശിൽ നിന്ന് ഏകദേശം 25 ശതമാനത്തോളം വരുമാനം നേടുന്ന ഇന്ത്യൻ കമ്പനിയാണ് പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ്. ബംഗ്ലാദേശ് പ്രതിസന്ധിയ്‌ക്ക് ശേഷം കമ്പനിയുടെ ഓഹരികളിൽ മൂന്ന് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇമാമിയുടെ ഓഹരികളും നാല് ശതമാനത്തിലധികം ഇടിഞ്ഞു.
ലഗേജ് നിര്‍മ്മാതാക്കളായ വിഐപിക്ക് എട്ട് നിര്‍മ്മാണ യൂണിറ്റുകളാണ് ബംഗ്ലാദേശില്‍ ഉള്ളത്. സ്യൂട്ട് കേസുകള്‍, ബാഗുകള്‍ ഉള്‍പ്പെടെയുള്ള വിഐപിയുടെ 30-35 ശതമാനം ഉല്‍പന്നങ്ങളും ഉണ്ടാക്കപ്പെടുന്നത് ബംഗ്ലാദേശിലാണ്.
ട്രെന്‍റിന് തിരിച്ചടി
ടാറ്റാ ഗ്രൂപ്പിന്റെ ത്വരിത വളര്‍ച്ച നേടുന്ന ഫാഷന്‍ ബ്രാന്‍റ് സ്റ്റോറായ ട്രെന്‍റിന് വന്‍തിരിച്ചടിയാണ് ബംഗ്ലാദേശിലെ കലാപം. കാരണം ട്രെന്‍റിന് വേണ്ട ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്ന, ഉല്‍പാദിപ്പിക്കുന്ന പ്രധാന രാജ്യമാണ് ബംഗ്ലാദേശ്. സൂഡിയോ ഉള്‍പ്പെടെയുള്ള ട്രെന്‍റിന്റെ കീഴിലുള്ള സ്റ്റോറുകള്‍ക്ക് വേണ്ട ഉല്‍പന്നങ്ങള്‍ എത്തുന്നത് ബംഗ്ലാദേശ്. തായ് ലന്‍റ്, ഹോങ്കോങ് എന്നിവയാണ് മറ്റ് രണ്ട് കേന്ദ്രങ്ങള്‍.
ഡൊമിനോസ് പിസ കമ്പനിയെ ബാധിക്കും
ഡൊമിനോസ് പിസ ഓപറേറ്ററായ ജൂബിലൻ്റ് ഫുഡ് വർക്ക്‌സിന് ബംഗ്ലാദേശില്‍ 28 ഡൊമിനോസ് പിസ സ്റ്റോറുകള്‍ ഉണ്ട്. പക്ഷെ ആകെ വിറ്റവരവിന്റെ ഒരു ശതമാനം മാത്രമേ ബംഗ്ലാദേശില്‍ നിന്നുള്ളൂ.
ഇവയൊക്കെ കൂടാതെ ബേയർ കോർപ്, ജിസിപിഎൽ, ബ്രിട്ടാനിയ, വികാസ് ലൈഫ് കെയർ, ഡാബർ, ഏഷ്യൻ പെയിൻ്റ്‌സ്, പിഡിലൈറ്റ്, ബജാജ് ഓട്ടോ എന്നീ ഇന്ത്യൻ കമ്പനികളിലും ഓഹരിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. വിതരണ ശൃംഖലയുടെ ഭാഗമായി ബംഗ്ലാദേശിനെ ആശ്രയിക്കുന്ന ട്രെൻ്റ്, പിഡിഎസ് തുടങ്ങിയ കമ്പനികളും തിരിച്ചടി നേരിട്ടു.
അദാനിയെ എങ്ങിനെ ബാധിക്കും?
അദാനി പവർ ലിമിറ്റഡും ബംഗ്ലാദേശും തമ്മിലുള്ള വൈദ്യുതി വിതരണ കരാറും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയുണ്ട്. 2017ൽ ഒപ്പുവച്ച പവർ പർച്ചേസ് കരാർ (പിപിഎ) പ്രകാരം അദാനി പവർ ലിമിറ്റഡ് 25 വർഷത്തേക്ക് 1,496 മെഗാവാട്ട് വൈദ്യുതി ബംഗ്ലാദേശിന് നൽകണമെന്ന് കരാറുണ്ട്. 2023 ജൂൺ മുതൽ പ്രവർത്തനക്ഷമമായ പദ്ധതി ബംഗ്ലാദേശിന്റെ വൈദ്യുതി വിതരണത്തിന് നിർണായകമാണ്. പവർ പർച്ചേഴ്സ് എഗ്രീമെന്റ് പ്രകാരം അദാനി പവർ ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത് തുടരുകയാണ്. ഇത് പുതിയ ഭരണം വന്നാല്‍ തടസ്സപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.
അദാനി പവർ വിതരണം ചെയ്യുന്ന കൽക്കരിയുടെ വില സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടെന്നും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ ഈ കരാർ പുനഃപരിശോധിച്ചേക്കുമെന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നു.
ഇന്ത്യയുടെ ടെക്സ്റ്റൈല്‍ കയറ്റുമതിയെ ബാധിക്കും
ബംഗ്ലാദേശ് പ്രതിസന്ധി ഇന്ത്യയിലെ ടെക്സ്റ്റൈൽ, വസ്ത്ര നിർമ്മാതാക്കൾക്കും സമ്മിശ്ര ഫലങ്ങളാണ് നൽകിയത്. ഇന്ത്യയിലെ മൊത്തം കയറ്റുമതിയുടെ 25-30% ഈ മേഖലയിലാണ്. കമ്പനികളുടെ നിലവിലുളള തടസ്സം വലുതല്ലെങ്കിലും സാഹചര്യം തുടർന്നാൽ ആശങ്കയ്‌ക്ക് കാരണമായേക്കാമെന്ന് വർധമാൻ ടെക്‌സ്റ്റൈൽസ് ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ നീരജ് ജെയിൻ അറിയിച്ചു.
വസ്ത്രനിര്‍മ്മാണക്കമ്പനികള്‍ക്ക് നേട്ടം
എന്നാൽ ഈ വസ്ത്ര മേഖലയിലുണ്ടായ ഇടിവ് ഇന്ത്യൻ റെഡിമെയ്ഡ് വസ്ത്ര നിർമ്മാണക്കമ്പനികള്‍ക്ക് അവരുടെ വിപണി വിഹിതം ഉയർത്താനുളള സാഹചര്യങ്ങളാണ് ഉണ്ടാക്കിയത്. ഗോകുൽദാസ് എക്‌സ്‌പോർട്ട്‌സ്, കെപിആർ മിൽ, അരവിന്ദ് ലിമിറ്റഡ്, എസ്‌പി അപ്പാരൽസ്, സെഞ്ച്വറി എൻക, കിറ്റെക്‌സ് ഗാർമെൻ്റ്‌സ്, നഹർ സ്‌പിന്നിംഗ് തുടങ്ങിയ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: