പാരീസ്: പാരീസ് ഒളിംപിക്സിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കാൻ സാദ്ധ്യത. രാവിലെ നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. അനുവാദനീയമായതിലും 100 ഗ്രാം ഭാരം കൂടുതലാണെന്നാണ് കണ്ടെത്തൽ. വിനേഷിന് ഒളിമ്പിക്സ് മെഡൽ നഷ്ടമാകും. രാജ്യം ഒന്നടങ്കം സ്വർണമെഡൽ പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു വിനേഷ് ഫോഗാട്ട്.
ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത വന്നിരിക്കുന്നത്. ഇന്നലെ നടന്ന വനിതകളുടെ ഗുസ്തിയിലെ 50 കിലോ വിഭാഗത്തിൽ ക്യൂബയുടെ യൂസ്നെയിൽസ് ഗുസ്‌മാനെ 5-0ത്തിന് തോൽപ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. ഇന്ന് രാത്രി പന്ത്രണ്ടേമുക്കാലിനാണ് വിനേഷിന്റെ ഫൈനൽ. ഇതിനിടയിലാണ് വിനേഷ് അയോഗ്യയായി എന്ന വാർത്തകൾ പുറത്തുവന്നത്.
ആദ്യ മത്സരത്തിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാല് ലോക ചാമ്പ്യൻഷിപ്പുകളിലെ ജേതാവും അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഇതുവരെ തോറ്റിട്ടില്ലാത്ത താരവുമായ ജപ്പാന്റെ യുയി സുസാക്കിയെ അവസാനനിമിഷം അട്ടിമറിച്ചാണ് വിനേഷ് ക്വാർട്ടറിലെത്തിയത്.
ക്വാർട്ടറിൽ യുക്രെയ്ന്റെ ഒക്സാന ലിവാച്ചിനെ തോല്പിച്ചാണ് സെമിയിലെത്തിയത്. ഫൈനലിൽ വിനേഷ് അമേരിക്കയുടെ സാറ ആൻ ഹിൽഡേബ്രാൻഡിനെ നേരിടേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: