പാരീസ്: ഭാരോദ്വഹനത്തില്‍ ഭാരത വനിതാ താരം മിരാബായ് ചാനുവിന് ഇന്ന് മെഡല്‍ പോരാട്ടം. രാത്രി 11ന് നടക്കുന്ന മത്സരത്തിലാണ് നിലവിലെ വെള്ളി ജേത്രി പൊരുതാനിറങ്ങുക. ടോക്കിയോ ഒളിംപിക്സില്‍ ഭാരതത്തിന്റെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത് മിരബായ് ആയിരുന്നു. ഭാരോദ്വഹനത്തില്‍ രാഷ്ട്രത്തിന് ചരിത്രത്തിലെ ആദ്യ ഒളിംപിക് വെള്ളി സമ്മാനിച്ചു. ഭാരതം ഏറ്റവും അധികം ഒളിംപിക് മെഡലുകള്‍ നേടിയെടുത്തത് കഴിഞ്ഞ തവണയായിരുന്നു. നീരജിന്റെ സ്വര്‍ണവും മിരാബായിയുടെ വെള്ളിയും അതില്‍ തലയുയര്‍ത്തി നിന്നു.
സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും കൂടി 202 കിലോ(87+115) ഭാരം ഉയര്‍ത്തിയാണ് മിരബായ് അന്ന് വെള്ളി നേടിയത്. അതിന് ശേഷം താരം അത്രയും മികച്ച പ്രകടനം ഇതുവരെ കാഴ്ചവച്ചിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 201 കിലോ ഭാരം ഉയര്‍ത്തി സ്വര്‍ണം നേടിയതാണ് ടോക്കിയൊ ഒളിംപിക്സിന് ശേഷമുള്ള താരത്തിന്റെ ഏറ്റവും മികച്ച ഭാരോദ്വഹനം.
താരത്തിന്റെ സ്വര്‍ണ പ്രതീക്ഷയ്ക്ക് വെല്ലുവിൡയായി ചൈനയുടെ ഒളിംപിക് റിക്കാര്‍ഡ് താരം ഷിഹൂയി ഹോയി മത്സരിക്കുന്നുണ്ട്. 210 കിലോ ഭാരം ഉയര്‍ത്തിക്കൊണ്ടാണ് ഷിഹൂയി ഹോയി കഴിഞ്ഞ തവണ ഒളിംപിക് റിക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. ഇക്കുറി താരം സ്നാച്ചില്‍(97 കിലോ) ലോക റിക്കാര്‍ഡ് തിരുത്തി അധികം വൈകാതെയാണ് താരം പാരീസിലെത്തിയിരിക്കുന്നത്.
പാരീസ് ഒൡപിക്സില്‍ ഭാരോദ്വഹന മത്സരങ്ങളുടെ ആദ്യ ദിനമാണിന്ന്. സൗത്ത് പാരീസ് അരീനയില്‍ ഒളിംപിക്സ് 2024 സമാപന ദിവസം വരെ ഭാരോദ്വഹന മത്സരങ്ങള്‍ നടക്കും.
ഇന്ന് നടക്കുന്ന ഭാരത താരങ്ങളുടെ മറ്റ് മത്സരങ്ങളില്‍ പ്രധാനപ്പെട്ട ഇനമാണ് വനിതാ ഗോള്‍ഫ്. ഉച്ചയ്ക്ക് 12.30 മുതലാണ് വനിതാ ഗോള്‍ഫ്. അദിതി അശോകും ദിക്ഷ ദഗറും ആണ് ഭാരതത്തിനായി മത്സരിക്കുക. കഴഞ്ഞ തവണ ടോക്കിയോയില്‍ നാലാം സ്ഥാനം വരെ എത്തിയ താരമാണ് അദിതി. ഇത് താരത്തിന്റെ മൂന്നാം ഒളിംപിക്സ് ആണ്. 2016ല്‍ റയോ ഡി ജനീറോ ഒളിംപിക്സില്‍ പങ്കെടുക്കുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ഫ് താരമായിരുന്നു. അക്കൊല്ലം 41-ാം സ്ഥാനക്കാരിയായാണ് പ്രകടനം പൂര്‍ത്തിയാക്കിയത്.
ഇക്കൊല്ലം ജൂണില്‍ പാരീസില്‍ നടന്ന ഇവിയന് ചാമ്പ്യന്‍ഷിപ്പ് താരം സ്വന്തമാക്കിയിരുന്നു.
ഉച്ചയ്ക്ക് 1.30ന് നടക്കുന്ന വനിതകളുടെ ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ ഭാരതം ജര്‍മനിയോട് ഏറ്റുമുട്ടും. റൊമേനിയയെ 3-2ന് പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: