
കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉടൻ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. 20 ദിവസത്തിനകം സ്കൂളുകളുടെ പ്രവർത്തനം സാധാരണനിലയിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേപ്പാടി സ്കൂളിൽ താത്കാലികമായി വിദ്യാഭ്യാസം നൽകുന്ന കാര്യം മുഖ്യ പരിഗണയെന്നും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
നിലവിൽ പാഠപുസ്തകങ്ങളുടെ അച്ചടി തുടങ്ങിയിട്ടുണ്ടെന്നും ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ ചേർന്ന യോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുണ്ടക്കൈ എൽപി സ്കൂളിൽ 73 കുട്ടികളും, വെള്ളാർമല ഹൈസ്കൂളിൽ 497 കുട്ടികളും വെള്ളാർമല വിഎച്ച്എസ്സിയിൽ 88 കുട്ടികളുമാണുള്ളത്. രണ്ട് സ്കൂളിലെയും കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റിയേക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ പുനർനിർമ്മിച്ച് നൽകുന്നതിന് തയാറാണെന്നും മന്ത്രി അറിയിച്ചു.
കുട്ടികളുടെ ഗതാഗതത്തിന് കെഎസ്ആർടിസിയുടെ സഹായം തേടും. കമ്പ്യൂട്ടർ നഷ്ടപ്പെട്ട കുട്ടികൾക്ക് കൈറ്റ് വഴി നൽകും. ദുരന്തം ബാധിച്ച രണ്ടു സ്കൂളുകളിലും പരീക്ഷ മാറ്റിവെച്ചതായി മന്ത്രി അറിയിച്ചു. പരീക്ഷ മാറ്റിവെക്കേണ്ട മറ്റ് സ്കൂളുകൾ ഉണ്ടെങ്കിൽ അതും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ടൗൺഷിപ്പിന്റെ കാര്യം കൂടി അറിഞ്ഞശേഷമാകും ഇതിൽ തീരുമാനം ഉണ്ടാകൂവെന്ന് മന്ത്രി വ്യക്തമാക്കി.
സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കി. വയനാട്ടിലെത്തിയ മന്ത്രി ശിവൻ കുട്ടി രാവിലെത്തന്നെ മന്ത്രി സജി ചെറിയാനൊപ്പം വെള്ളാർമല സ്കൂളിലെ ഉണ്ണി മാഷെയും കണ്ടിരുന്നു.