മേപ്പാടി: കാണാന്‍ അത്യാഗ്രഹിച്ചെത്തിയ ഭൂമി തന്നെ തങ്ങളുടെ ജീവിതം തകര്‍ക്കുമെന്ന് ഒഡീഷയില്‍ നിന്നെത്തിയ പ്രിയദര്‍ശിനി പേളും, ഋത്വിക് പാണ്ടെയും അറിഞ്ഞിരുന്നില്ല. ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഇവര്‍ ഭര്ത്താക്കന്മാരില്ലാതെ കഴിഞ്ഞ ദിവസം മടങ്ങി.
അടുത്ത സുഹൃത്തുക്കളായിരുന്നു ഒഡീഷയിലെ ഭൂവനേശ്വര്‍ എയിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ. സ്വാധീന് പാണ്ടെയും ബിഷ്ണു പ്രസാദ് ചിന്നാറയും. ഇവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വീഡിയോകളില്‍ മാത്രം കണ്ടിരുന്ന വയനാടന്‍ ഭംഗി നേരിട്ട് കാണണമെന്നത്. അതിനാല്‍ത്തന്നെയാണ് മഴയത്തും ചൂരല്മലയിലേതന്നെ റിസോര്‍ട്ട് താമസിക്കാന്‍ തിരഞ്ഞെടുത്തത്.
ഭാര്യമാരായ പ്രിയദര്‍ശിനി പേളും, ഋത്വിക് പാണ്ടെയും ഡോക്ടര്‍മാരാണ്. അവരും ഒപ്പം ഉണ്ടായിരുന്നു. വയനാട് ചുറ്റികറങ്ങിയ അവര്‍ അന്നുരാത്രി നേരത്തേതന്നെ ഉറങ്ങി. നാടൊന്നാകെ തകര്‍ത്ത ദുരന്തത്തില്‍ ഗാഢ സുഹൃത്തുക്കളായ ഡോ. സ്വാധിന്‍ പാണ്ടയും ബിഷ്ണു പ്രസാദ് ചിന്നാറയും ഒരുമിച്ച് പോയി. അവരുടെ ഭാര്യമാരായ പ്രിയദര്‍ശിനി പേളിനെയും ഋത്വിക് പാണ്ടെയെയും ഗുരുതര പരിക്കുകളോടെ സൈന്യം അടുത്ത ദിവസം തകര്‍ന്ന റിസോര്ട്ടിനിടയില് നിന്ന് കണ്ടെടുക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് അപകടം സംഭവിച്ചതായി പുറം ലോകം അറിഞ്ഞിരുന്നില്ല. എയിംസ് ആശുപത്രിയില്‍ നിന്ന് മേപ്പാടി വിംസിലേക്ക് ബന്ധപ്പെട്ടതോടെയാണ് ഇവരും അപകടത്തില്‍പ്പെട്ടത് മനസിലാക്കിയത്. തങ്ങളുടെ ഭര്ത്താക്കന്മാരെ വിധി തട്ടിയെടുത്ത വിവരം, ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയപ്പോഴാണ് ഇരുവരും അറിഞ്ഞത്. മരണപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ ശരീരം എംബാം ചെയ്യാന്‍ കഴിയാത്തതിനാല്‍ റോഡ് മാര്‍ഗ്ഗമാണ് ഡോ. ബിഷ്ണു പ്രസാദ് ചിന്നാറയുടെ ചേതനയറ്റ ശരീരവുമായി അവര്‍ ഒഡീഷയിലേക്ക് മടങ്ങിയത്. ഡോ. സാധ്വിന് പാണ്ടെയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: