ന്യൂദൽഹി: അട്ടിമറിയിലൂടെ സൈന്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് അഭയം തേടിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ സുരക്ഷിതയായി ഉണ്ടെന്ന് കേന്ദ്രസർക്കാർ. പാർലമെൻ്റിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് സർക്കാർ ഇക്കാര്യം അ റിയിച്ചത്. ബംഗ്ലാദേശിലെ സ്ഥിതി ഗതികൾ നിരീക്ഷിച്ച് വരികയാണെന്നും സർക്കാർ വ്യക്തമാക്കി.
ഇന്ന് രാവിലെ ഒമ്പതിന് ഗാസിയാബാദിലെ ഹിൻഡൻ എയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നും ഹസീനയുടെ വിമാനം പുറപ്പെട്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ വിദേശകാര്യം മന്ത്രി എസ് ജയശങ്കർ തള്ളി. ബംഗ്ലാദേശിലെ സ്ഥിതിഗതികളും സുരക്ഷ, സാമ്പത്തിക, നയതന്ത്ര പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ സ്വീകരിച്ച നടപടികളും സംബന്ധിച്ച് ജയശങ്കർ സർവകക്ഷിയോഗത്തിൽ എല്ലാ പാർട്ടി നേതാക്കളോടും വിശദീകരിച്ചു.
ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന്റെയും രാഷ്‌ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് ദൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നത്. പുതിയ സാഹചര്യം നേരിടുന്നതിന് എല്ലാ പാർട്ടികളിൽനിന്നും ഏകകണ്ഠമായ പിന്തുണ ലഭിച്ചെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തിങ്കളാഴ്ച വളരെ പെട്ടെന്നാണ് ഹസീന രാജ്യത്തേക്ക് വരുന്നെന്ന അറിയിപ്പ് കിട്ടിയതെന്ന് മന്ത്രി സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഹസീന തീരുമാനിക്കുകയായിരുന്നു. ഹസീന ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനം എന്താണെന്ന് സര്‍ക്കാര്‍ ഉറ്റുനോക്കുകയാണ്. അത് തീരുമാനിക്കാനുള്ള സമയം അവര്‍ക്ക് അനുവദിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ സേനയുമായി സമ്പര്‍ക്കത്തിലാണെന്നും മന്ത്രി അറിയിച്ചു.
കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രിപദം രാജിവച്ച് ഹസീന രാജ്യംവിട്ടത്. അഭയം നല്‍കുന്ന കാര്യത്തില്‍ യുകെയുടെ തീരുമാനം വൈകിയതോടെ തിങ്കളാഴ്ച ഇന്ത്യയില്‍ തങ്ങുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലാണ് ഹസീനയ്‌ക്ക് ഇന്ത്യ അഭയം ഒരുക്കിയത്. ഇവര്‍ക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: