മലയാളത്തിലെ എന്നല്ല ലോകസിനിമയിലെ തന്നെ അപൂര്‍വമായ പല റെക്കോഡുകളും സ്വന്തം പേരിലാക്കിയ താരമാണ് നിത്യഹരിതനായകന് പ്രേംനസീര്‍. ഏറ്റവും കൂടുതല്‍ സിനിമയില്‍ നായകനായി അഭിനയിച്ച താരം, ഒരേ നായികയുടെ കൂടെ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരം, 93 നായികമാര്‍ക്കൊപ്പം അഭിനയിച്ച താരം, രണ്ട് വര്‍ഷം 30 സിനിമകളില്‍ വീതം അഭിനയിച്ച താരം എന്നീ ലോകറെക്കോഡുകളെല്ലാം നസീറിന്റെ പേരിലാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും പ്രേംനസീറിന്റെ ജനനത്തിയതിയില്‍ ഇത്രയും നാളായി ഒരു അവ്യക്തത നിലനിന്നിരുന്നു. ചരിത്രത്തിലും സര്‍ക്കാര്‍ രേഖകളിലും പുസ്തകങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം പല തീയതികളില്‍ ആയിരുന്നു നസീറിന്റെ ജനനത്തിയതി രേഖപ്പെടുത്തിയിരുന്നത്. വിക്കിപീഡിയ പ്രകാരം 1926 ഏപ്രില്‍ 7 ആണ് നസീറിന്റെ ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്
പ്രേംനസീര്‍ ജീവിച്ചിരുന്നപ്പോള്‍ പ്രസിദ്ധീകരിക്കുകയും അന്തരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത ‘എന്റെ ജീവിതം’ എന്ന ആത്മകഥയിലും നസീറിന്റെ മകള്‍ ലൈല റഷീദും പി സക്കീര്‍ ഹുസൈനും ചേര്‍ന്ന് എഴുതിയ ‘ഇതിലേ പോയതു വസന്തം’ എന്ന ഓര്‍മക്കുറിപ്പിലും ചേര്‍ത്തിട്ടുള്ള ജീവിതരേഖയില്‍ 1927 ഏപ്രില്‍ 7 എന്നാണ് നസീറിന്റെ ജനനത്തിയതിയായി കാണിച്ചിരിക്കുന്നത്.
എന്നാല്‍ പ്രേംനസീര്‍ ജീവിച്ചിരുന്ന കാലത്ത് 1984 ഓഗസ്റ്റിലെ സിനിമ മാസികയില്‍ മിത്രന് നമ്പൂതിരിപ്പാട് എഴുതിയ പ്രേംനസീറിന്റെ ജാതകം പ്രകാരം ജനനത്തീയതി 1929 ഡിസംബര്‍ 16 ആയിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമിയില്‍ മറ്റൊരു തീയതിയാണ്. ഈ ആശയക്കുഴപ്പമാണ് സംവിധായകന് ആര് ശരത്തും എഴുത്തുകാരന് വിനു ഏബ്രഹാമും പ്രേംനസീറിനെ കുറിച്ച് തയാറാക്കുന്ന ഇംഗ്ലീഷ് ഡോക്യുമെന്ററിക്ക് വേണ്ടി നടത്തിയ അന്വേഷണത്തില്‍ പരിഹരിച്ചത്.
പ്രേനസീറിന്റെ മകള്‍ റീത്തയുടെ കൈയില്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് ഉണ്ടായിരുന്നു എന്നും അതില്‍ ജനനവര്‍ഷം 1929 ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നും ശരത്തും വിനു ഏബ്രഹാമും പറയുന്നു. നസീര്‍ പഠിച്ച ചിറയിന്‍കീഴ് ശ്രീചിത്തിര ബോയ്സ് ഹൈസ്കൂളിലെ (ഇപ്പോള്‍ നോബിള്‍ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ്) രജിസ്റ്ററിലും ചങ്ങനാശേരി എസ്ബി കോളജിലെ രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്നത് പേര് അബ്ദുള്‍ ഖാദര്‍, ജനനത്തീയതി: 10.08.1104 എന്നായിരുന്നു.
പ്രേംനസീറിന്റെ യഥാര്‍ഥ പേര് അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു. 10.08.1104 എന്നത് കൊല്ലവര്‍ഷമാണ്. കൊല്ലവര്‍ഷം 1104 മീനം 10 എന്ന് പറയുന്നത് 1929 മാര്‍ച്ച് 23 ആണ് എന്നും ഇരുവരും വ്യക്തമാക്കി. പ്രേംനസീറിന്റെ സഹായത്തോടെ പുതുക്കിപ്പണിത ചിറയിന്‍കീഴ് പ്രേംനസീര്‍ മെമ്മോറിയല്‍ ഗവ.എച്ച്എസിന് മുന്നിലെ സ്മാരകത്തിലും ഈ ജനന വര്‍ഷമാണ് കണ്ടത് എന്നും അതോടെ സംശയം മാറി എന്നും ഇരുവരും പറഞ്ഞു
തീയതി കണക്കാക്കാന്‍ കൊല്ലവര്ഷ പഞ്ചാംഗത്തിനു പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇംഗ്ലിഷ് കലണ്ടര്‍ പ്രകാരമുള്ള ജനനത്തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. ഇതാണ് പലയിടത്തും പലതായി നസീറിന്റെ ജനനത്തിയതി രേഖപ്പെടുത്താന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: