വയനാട് ; ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 16 പേര്‍ക്ക് കൂടി പുത്തുമല ഹാരിസണ്‍ മലയാളത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ അന്ത്യവിശ്രമം. സംസ്കാരത്തിന് മുന്നോടിയായി ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ പുരോഹിതന്മാര് പത്ത് മിനുട്ട് വീതം അന്ത്യ പ്രാര്‍ത്ഥന നടത്തി.ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്കാരം.
കഴിഞ്ഞ ദിവസം സംസ്കരിച്ചതുള്‍പ്പെടെ ഹാരിസണ്‍ മലയാളത്തില്‍ ഇതുവരെ 24 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. ശരീര ഭാഗങ്ങളായി ലഭിച്ച തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള മൃതദേഹങ്ങളാണ് സംസ്കരിച്ചതില്‍ ഏറെയും. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഹാരിസണ്‍ മലയാളത്തില്‍ കുഴിമാടങ്ങള്‍ തയ്യാറാക്കിയത്.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് മുൻപായി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്കി. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും എടുത്തു
64 സെന്റ് ഭൂമിയില്‍ 200 കുഴിമാടങ്ങളാണ് തയ്യാറാക്കുന്നത്. നേരത്തെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. കോണ്‍ക്രീറ്റ് തൂണുകളില്‍ നമ്പര്‍ പതിച്ച് കുഴിമാടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡിഎന്‍എ ഫലം ലഭിച്ചശേഷം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാലാണ് കുഴിമാടങ്ങളില്‍ നമ്പര്‍ സ്ഥാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: