വയനാട്ടിലെ ഉരുള്‍പൊട്ടലിനിരയായവരെ സഹായിക്കാന്‍ ദേശീയ സേവാഭാരതി പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ ബൃഹദ് പദ്ധതി സ്വാഗതാര്‍ഹവും സമയോചിതവുമാണ്. ഉറ്റവരുടെ മരണം തളര്‍ത്തുകയും, ജീവനോപാധികള്‍ സമ്പൂര്‍ണമായി നഷ്ടപ്പെടുകയും ചെയ്ത വലിയൊരു വിഭാഗം ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സമഗ്രമായ പദ്ധതിയാണ് സേവാഭാരതി മുന്നോട്ടുവച്ചിട്ടുള്ളത്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ‘തലചായ്ക്കാനൊരിടം’ പദ്ധതി വഴി പുതിയവീടുകള്‍ നിര്‍മിച്ചു നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുനരധിവാസ പദ്ധതിയ്ക്കനുസരിച്ചും, സ്ഥലലഭ്യതയനുസരിച്ചുമായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് സേവാഭാരതിയുടെ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സേവാഭാരതിയുടെ ‘ഭൂദാനം ശ്രേഷ്ഠദാനം’ പദ്ധതിയിലേക്ക് സ്ഥലം നല്കാന് വയനാട്ടില്‍ ഭൂമിയുള്ള സുമനസ്സുള്ളവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. സേവാഭാരതി വിശ്വാസ്യതയും സത്യസന്ധതയുമുള്ള സന്നദ്ധസംഘടനയായതിനാലും, പ്രളയവും സുനാമിയുമുള്പ്പെടെ ജനങ്ങള്‍ ദുഃഖദുരിതങ്ങളിലാണ്ടുപോയ അവസരങ്ങളില്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ മഹാമാതൃക കാഴ്ചവയ്ക്കുകയും ചെയ്തിട്ടുള്ളതിനാലും ഈ അഭ്യര്‍ത്ഥന ചെവിക്കൊള്ളാന്‍ നിരവധി പേരുണ്ടാവും എന്നു തീര്‍ച്ചയാണ്. സംസ്ഥാന സര്‍ക്കാരിനോ മറ്റ് സംഘടനകള്‍ക്കോ ഏജന്‍സികള്‍ക്കോ ഇതില്‍ വിപ്രതിപത്തി തോന്നേണ്ട കാര്യവുമില്ല.
വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിനു പുറമെ വയനാട്ടിലെ ദുരന്തത്തിനിരയായ കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമായി നിരവധി പദ്ധതികളും ദേശീയ സേവാഭാരതി പ്രഖ്യാപിച്ചിട്ടുണ്ട്. വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യങ്ങളും സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തും. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരെ സേവാഭാരതിയുടെ ബാല-ബാലികാ സദനങ്ങളില്‍ താമസിപ്പിക്കും. ദുരന്തത്തിനിരയായവരുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ സ്ഥിരം ‘പുനര്‍ജനി’ കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കും. ദുരന്തപ്രദേശത്ത് സ്ഥിരം ജലശുദ്ധീകരണികള്‍ ഒരുക്കും. വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ നേടുന്നതിനുള്ള പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ദുരന്തഭൂമിയില്‍ സര്‍വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസം വലിയ വെല്ലുവിളിതന്നെയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനപ്പുറം ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടോ പദ്ധതികളോ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അതിനെ തടസ്സപ്പെടുത്താനാണ് സര്‍ക്കാര്‍ നോക്കുന്നത്. ദുരന്തപ്രദേശത്തെ സൗജന്യ ഭക്ഷണ വിതരണം തടഞ്ഞത് ഒരുദാഹരണം. വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് അതില്‍നിന്ന് പിന്മാറേണ്ടിവന്നല്ലോ. സഹായത്തിനെത്തുന്ന മറ്റുള്ളവരുടെ വഴിമുടക്കാന്‍ ഇനിയെന്തൊക്കെയാണ് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണണം.
ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിട്ടുണ്ട്. പുനരധിവാസം വലിയ വെല്ലുവിളിയാവുമെന്ന് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിനു പിന്നാലെയാണിത്. പ്രദേശത്തെ ജനവാസത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത സര്‍ക്കാരിന് പുനരധിവാസം എങ്ങനെ വേണമെന്ന ആശയംപോലുമില്ലെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തത്തിന്റെ ആഘാതം വിലയിരുത്തുന്നതില്പ്പോലും സര്‍ക്കാരിന് വീഴ്ച പറ്റി. പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ യഥാസമയം രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും, പുനരധിവാസം കുറ്റമറ്റതാക്കാനും ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തെ വിഴുങ്ങിയ രണ്ട് പ്രളയങ്ങളില്‍ ജനങ്ങള്‍ ഇത് കണ്ടതാണ്. പ്രളയത്തിന്റെ പേരില്‍ പണം പിരിക്കാന്‍ ഉത്സാഹം കാട്ടിയ സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി കഷ്ടപ്പെടുന്നവരുടെ രക്ഷയ്ക്കെത്തിയില്ല. മനുഷ്യരുടെ കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ കണ്ണിലൂടെ കണ്ട് ശീലിച്ച പാര്‍ട്ടിയാണല്ലോ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് എല്ലാക്കാലവും മുന്‍ഗണന നല്‍കുക. ഇതിനെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യും. വയനാട് ദുരന്തത്തിന്റെ കാര്യത്തില്‍ അതുണ്ടാവരുത്. സഹായിക്കാന്‍ സന്മനസ്സു കാണിക്കുന്നവര്ക്കൊപ്പം കൂടണം. സര്‍ക്കാരിന് കഴിയാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അത് അംഗീകരിക്കാനുള്ള സന്മനസ്സ് കാണിക്കണം. വയനാടിന്റെ കണ്ണീരൊപ്പാന്‍ സേവാഭാരതിക്കൊപ്പം കൈകോര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: