ടെല്‍അവീവ്: ഇസ്രായേലിനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയതിന് പിന്നാലെ സംഘര്‍ഷം കുറയ്ക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്താന്‍ ശ്രമിച്ച അമേരിക്കയുടേയും അറബ് രാജ്യങ്ങളുടേയും നീക്കങ്ങള്‍ ഇറാന് തള്ളി. ടെഹ്റാനില്‍ ഉണ്ടായ ആക്രമണത്തില്‍ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന് ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കിയത്.
ഇസ്രായേലിനെതിരായ ആക്രമണത്തിലൂടെ പ്രാദേശിക സംഘര്‍ഷത്തിന് താത്പര്യമില്ലെന്ന് ഇറാന് വിദേശകാര്യ വക്താവ് നാസര്‍ കനാനി പറഞ്ഞു. മേഖലയില്‍ സ്ഥിരത നിലനിര്‍ത്താനാണ് ഇറാന് ശ്രമിക്കുന്നത്. എന്നാല്‍ ഇസ്രായേലിനെ ശിക്ഷിക്കും. ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹനിയയുടെ കൊലപാതകത്തിന് തിരിച്ചടി നല്കാന് നിയമപരമായ അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇറാന് അവകാശപ്പെട്ടു.
ഇസ്രായേലിനെ സഹായിക്കുന്നത് അവസാനിപ്പിക്കാന്‍ അമേരിക്കയോട് ഇറാന് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയില്‍ സ്ഥിരത നിലനിര്‍ത്തുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടു. അതിനാല്‍ ഇസ്രായേലിന് ശിക്ഷ നല്‍കുന്നതിനെ പിന്തുണയ്ക്കണമെന്നുമാണ് ഇറാന്റെ ആവശ്യം. നാളെ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ അടിയന്തര യോഗം ചേരുമെന്നും കനാനി അറിയിച്ചു.
ഇറാന് പുറമെ ഹിസ്ബുള്ളയും ഇസ്രായേലിനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം യുദ്ധത്തിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് പൗരന്മാരോട് ലെബനന് വിടണമെന്ന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്കി. ഇതിനിടയിലാണ് സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്നത്. അമേരിക്കയ്ക്ക് പുറമെ യുകെ, സ്വീഡന്, ഫ്രാന്‍സ്, കാനഡ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനന് വിടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: