ബെംഗളൂരു: ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ കര്‍ണാടകയില്‍ ഉണ്ടായിരിക്കുന്നത്. വെളുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ലിഥിയം എന്ന ലോഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 1600ടണ്‍ അളവിലുള്ള ലോഹനിക്ഷേപമാണിതെന്നാണ് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം അറിയിച്ചത്.
അറ്റോമിക് ഡയറക്ടറേറ്റ് ഫോര്‍ എക്സ്പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് കര്‍ണാടകയിലെ മണ്ഡ്യ ജില്ലയിലുള്ള മാര്‍ലഗല്ല മേഖലയില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ലിഥിയം ഭാവിയിലേക്കുള്ള ഏറ്റവും മൂല്യമുള്ള ലോഹങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ഇല്ക്ട്രോണിക് വാഹനവിപണിയില്‍ വന്‍ കുതിപ്പാണ് ഇപ്പോള്‍. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ പമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് വൈദ്യുതോര്‍ജം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള യാത്രയിലാണ് ലോകം.
വാഹന ബാക്ടറിയില്‍ മാത്രമല്ല, ലാപ്ടോപ്, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ ബാറ്ററിയിലും ലിഥിയം ഉപയോഗിക്കപ്പെടുന്നു. ഗ്ലാസ്, സിറാമിക്സ് വിപണിയിലും ഇതിന്റെ പല ആവശ്യങ്ങളുണ്ട്.
ലോകമെമ്പാടും വലിയ ഡിമാന്റാണ് ലിഥിയത്തിന്. ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദനരാജ്യം ചിലെയാണ്. ലോകത്തെ ലിഥിയം ഉത്പാദനത്തിന്റെ 35 ശതമാനവും ഈ രാജ്യത്തുനിന്നാണ്. ചിലെയിലും ബൊളീവിയയിലും അര്‍ജന്റീനയിലുമായി പരന്നു കിടക്കുന്ന ഉപ്പുനിലങ്ങളിലാണ് ഈ നിക്ഷേപം. ലോകത്ത് ലിഥിയത്തിന്റെ ക്ഷാമം 2025 ഓടെ ഉടലെടുത്തേക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: