അടുത്തിടെയാണ്, നടൻ ഹഹദ് ഫാസിൽ തനിക്ക് നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എ ഡി എച്ച് ഡി (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം) എന്ന അവസ്ഥ ഉള്ള കാര്യം വെളിപ്പെടുത്തിയത്. ഫഹദിനു പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയും തനിക്ക് എ ഡി എച്ച് ഡി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. അഭിമുഖങ്ങളിലും ഓഫ് സ്‌ക്രീനിലുമെല്ലാം ആവേശകരമായ പെരുമാറ്റത്തിന് പേരുകേട്ട ഷൈൻ അടുത്തിടെയാണ് എഡിഎച്ച്ഡിയുടെ ക്ലിനിക്കൽ രോഗനിർണയം സ്ഥിരീകരിച്ചത്.
എ ഡി എച്ച് ഡി ഉള്ള ആളാണ് ഞാൻ, എ ഡി എച്ച് ഡി കിഡ് ആണ്. പണ്ടേ അത് തിരിച്ചറിഞ്ഞ കാര്യമാണ്. അങ്ങനെ ഉള്ളവർക്ക് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റണം എന്നാണ്. ഈ ശ്രദ്ധപിടിച്ച് പറ്റണം എന്നതിൽ നിന്നാണ് ആക്ടർ ഉണ്ടാവുന്നത്. അല്ലെങ്കിൽ ഒരു മുറിയിൽ അടച്ചിരുന്നാൽ മതിയല്ലോ. എല്ലാവരിലും അതിന്റെ ചെറിയ ഒരു അംശമുണ്ട്. നമ്മൾ പുറത്ത് പോകുന്നതും വസ്ത്രം ധരിക്കുന്നതുമൊക്കെ ആരെങ്കിലും നോട്ടീസ് ചെയ്യാൻ വേണ്ടിയാണല്ലോ. അതിന്റെ അളവ് വളരെയധികം കൂടുതൽ ആയിരിക്കും എ ഡി എച്ച് ഡി ഉള്ളവർക്ക്. അതിനെ ആണ് ഡിസോഡർ എന്ന് പറയുന്നത്. എ ഡി എച്ച് ഡി ഉള്ളൊരാൾക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തനാകാൻ ശ്രമിക്കും, പെർഫോം ചെയ്യും.”
“ഇതൊക്കെ ഡിസോഡർ ആയിട്ട് പുറത്ത് ഉള്ളവർക്കെ തോന്നുള്ളൂ. എന്നെ സംബന്ധിച്ച് എ ഡി എച്ച് ഡി എന്നത് എന്റെ ഏറ്റവും നല്ല ഗുണമാണ്. കറ നല്ലതാണെന്ന് ചിലർ പറയാറില്ലേ. എല്ലാവർക്കും അങ്ങനെയല്ല. അത് കൊണ്ട് എ ഡി എച്ച് ഡി എനിക്ക് വളരെ ഗുണകരമാണ്,” മനോരമയ്‌ക്കു നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞു.
സാധാരണ കുട്ടികളിലാണ് നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട എഡിഎച്ച്ഡി കാണാറുള്ളത്, അപൂർവ്വമായാണ് ഈ അവസ്ഥ മുതിർന്നവരിൽ കാണപ്പെടാറുള്ളത്.
എന്താണ് എഡിഎച്ച്ഡി?
ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഇംപൾസീവായി പ്രവർത്തിക്കുക, ഹൈപ്പര്‍ ആക്റ്റിവിറ്റി എന്നിവയാണ് എഡിഎച്ച്ഡിയുടെ പ്രധാന ലക്ഷണങ്ങൾ.
ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോ കഴിയാതെ വരിക, ഒന്നിലധികം കാര്യങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക, വളരെ പെട്ടെന്നു ബോറടിക്കുക, മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, വരുംവരായ്‌കകളെ കുറിച്ച് ചിന്തിക്കാതെ എടുത്തു ചാടുന്ന സ്വഭാവം, വിട്ടുവീഴ്ച മനോഭാവ കുറവ്, അടങ്ങിയിരിക്കാത്ത പ്രകൃതം, നിര്‍ത്താതെയുള്ള സംസാരം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാന്‍ കഴിയാതെ വരിക, അലസത, ഭയം, വിഷാദം എന്നിവയൊക്കെയാണ് പൊതുവെയുള്ള ലക്ഷണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: