രാമന് വൃദ്ധനായ ജടായുവുമായുള്ള ധന്യസംഗമത്തില് ചിറകുവിരിച്ച സൗഹൃദമാണ് ജടായുവിനെ കിങ്കരപദവിയിലേക്കുയര്ത്തുന്നത്. ആഗസ്ത്യോപദേശമനുസരിച്ചാണ് ഗംഗാനദിക്കുത്തര തീരത്ത് പഞ്ചവടിയില്‍ രാമാശ്രമം സ്ഥാപിക്കുക. ആരണ്യകാണ്ഡം വിളിയേല്‍ക്കുന്ന ജ്ഞാനയജ്ഞം ലക്ഷ്മണോപദേശമായി ഇവിടെ പ്രത്യക്ഷീകരിക്കുന്നു. മുക്തിമാര്ഗ്ഗത്തെയരുളി അനുഗ്രഹിക്കാനുള്ള സോദര പ്രാര്‍ത്ഥന കേട്ടാണ് രാമന് വേദസത്യത്തിന്റെ ജ്ഞാനജാലകം തുറക്കുന്നത്. തത്ത്വാനുസന്ധാനവും വിചാരവും ജപോപാസനയും കേവലം ദുഃഖവിമോചനത്തിന് മാത്രമുള്ളതല്ല മഹിതലക്ഷ്യമായ കൈവല്യ സിദ്ധിയാണതിന്റെ സദ്ഫലം.
മായാജീവനത്തെ ജ്ഞാനാനന്ദമാക്കുന്ന ധന്യത മാനവജന്മപുണ്യമാണ്. ശുദ്ധബോധത്തിന്റെ അനന്തസ്ഥലികള്‍ തുറന്ന് ആത്മാകാശചാരിയാകവേ മുമുക്ഷുവിനെ തേടിയെത്തുന്ന ചിദ്പ്രകാശമാണ് രാമന് സോദരന് നേദിക്കുന്നത്. ജ്യോഷ്ഠസോദരന്റെ ഗുരുരൂപമാണിത്.
‘മുക്തിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ!
ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം
ജ്ഞാനവിജ്ഞാന ഭക്തിവൈരാഗ്യചിഹ്നമെല്ലാം
മാനസാനന്ദം വരുമാറരുള്‍ ചെയ്തീടണം”
എന്ന സോദര വചനത്തിന് നല്കാന് പോകുന്ന ചിന്താരശ്മിയുടെ ആമുഖവാക്യം ഇങ്ങനെയായിരുന്നു.
”കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം
കേട്ടോളം തീര്‍ന്നുകൂടും വികല്പഭ്രമമെല്ലാം
മുമ്പിനാല്‍ മായാസ്വരൂപത്തെ ഞാന്‍ ചൊല്ലീടുവ-
നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ”
ജ്ഞേയമായുള്ള പരമാത്മാനമറിയുമ്പോള്‍ മായാസംബന്ധമായ സര്‍വ്വഭയങ്ങളും നീങ്ങും. ആത്മാവ് മാത്രമേ പരമസത്യമായുള്ളൂ. ആ ബോധസ്വരൂപത്തെയറിയുക മായ നീങ്ങുമ്പോഴാണ്. ശരീരാസ്പദമായ വികല്പഭ്രമമെല്ലാം അതോടെ പരിഹരിക്കപ്പെടും. വിക്ഷേപാവരണങ്ങളെന്ന് രണ്ടുരൂപമാണ് മായയ്ക്ക് അന്തര്നിഹിതമായുള്ളത്. ഇഹലോകവും സ്ഥൂലസൂക്ഷ്മഭേദങ്ങളും ലിംഗാദി ബ്രഹ്മാന്തമാമവിദ്യാരൂപവും സംഗാദി ദോഷകാരണങ്ങളുമണ് മായയുടെ ആദ്യരൂപം. ജ്ഞാനരൂപിണിയായ വിദ്യാരൂപമാകട്ടെ പരമാനന്ദ പ്രാപ്തിയുടെ ഹേതുഭൂതയാണ്. കയറ് കണ്ട് അത് പാമ്പാണെന്ന് കരുതുകയാണ് മായാസമസ്യ. അസത്യദര്ശനത്തിലൂടെയുള്ള മനസ്സിന്റെ ഭ്രമാത്മക സ്വപ്നമാണിത്. ദേഹം പഞ്ചഭൂതാത്മകമാണ്. ദേഹസംബന്ധം മായാവൈഭവമാണെന്ന് കാണാം.
”ഇന്ദ്രിയ ദശകവുമഹങ്കാരവും ബുദ്ധി
മനസ്സും ചിത്തം മൂലപ്രകൃതിയെന്നിതെല്ലാം
ഓര്ത്തുകണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ
ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം”
മായ തൊട്ട് സ്ഥൂലശരീരം വരെയുള്ളതെല്ലാം അനാത്മവസ്തുക്കളാണ്. യഥാര്‍ത്ഥത്തില്‍ ബ്രഹ്മത്തില്‍ മായയും നിലീനമാണ്. ബ്രഹ്മചൈതന്യത്തില്‍ ‘പ്രപഞ്ചമുണ്ടാകുന്നത്’. എന്തൊരജ്ഞാനം നിമിത്തമാണോ അതുതന്നെ ‘മായ’യെന്നു ധരിക്കണം. മൂന്ന് ശക്തിസ്വരൂപങ്ങളായി ‘മായ’ പ്രാണികള്‍ക്ക് പ്രത്യക്ഷവിഷയമായിത്തീരുന്നു. സത്വരജസ്തമോ ഗുണങ്ങളാണവ. ശങ്കരാചാര്യരുടെ ഗീതാവ്യാഖ്യാനങ്ങളില്‍ ഈ ദര്ശനസമീക്ഷ വിവരിക്കുന്നുണ്ട്. ജീവാത്മാ സ്വരൂപത്തെയാണ് തുടര്‍ന്ന് സോദരലക്ഷ്ണമന് വ്യാഖ്യാനിച്ചു കേള്‍പ്പിക്കുക. ജീവാത്മാ പരമായ പര്യായ ശബ്ദങ്ങളാണ്. അവ ഏകം തന്നെ. ‘തത്ത്വമസി’, ‘അഹം ബ്രഹ്മാസ്മി,’ ‘അയം ആത്മാ ബ്രഹ്മാ,’ ‘സോഹം’ തുടങ്ങിയ മഹാവാക്യങ്ങളുടെ അരുളും പൊരുളുമാണ് ഈ ഉപദേശാക്ഷരിയില് ഉറവയെടുക്കുന്നത്. സ്വയം പരിപൂര്ണ്ണമായിരിക്കുന്നതും ബുദ്ധിസാക്ഷിയായി ദേഹത്തില്‍ പ്രകാശിതവുമായ ആത്മാവുതന്നെയാണ് ‘ബ്രഹ്മ’ ശബ്ദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. അഖണ്ഡൈകരസമായ ആ ഒന്നുതന്നെ ജീവാത്മപരമാത്മാക്കള്‍. അദൈ്വത വേദാന്തത്തിന്റെ വിഭൂതി വര്‍ഷമാണ് രാമോപദേശം.
സമഗ്രവും ഏകവും അദ്വിതീയവുമായ ജ്ഞാനസൂര്യനെയാണ് രാമന് ലക്ഷ്മണനു മുമ്പില്‍ പ്രത്യക്ഷമാക്കുന്നത്. ദേഹം, ആത്മാവ്, മായ, സംസാരം സൂക്ഷ്മസ്ഥൂലഭേദങ്ങള്, ലിംഗാദി അവിദ്യാരൂപം സംഗാദി ദോഷങ്ങള്‍ എല്ലാം ഗുരുശിഷ്യനെന്നപോലെ രാമന് സോദരന് ചൊല്ലിക്കൊടുക്കുന്നു. മുക്തിദമായ ഭക്തിമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കണമെന്നാണ് ഉപദേശത്തിന്റെ കാതല്‍. ശ്രവണം കീര്‍ത്തനം സ്മരണം പാദസേവനം അര്‍ച്ചനം വന്ദനം ദാസ്യം സഖ്യം ആത്മനിവേദനം എന്നിങ്ങനെ ക്രമികമായി ഉണര്‍ന്നുയരുന്ന നവധാ ഭക്തിതലങ്ങളില് ആമഗ്നനാകണമെന്ന ഭക്തിതത്ത്വം ശ്രീമദ് ഭാഗവതം ഉദ്ഘോഷിക്കുന്നു. ‘സ്വസ്വരൂപാനുസന്ധാനം ഭക്തി’ യെന്നോതുന്ന ശങ്കരാചാര്യനും, ‘ഈശ്വരനോടുള്ള പരമപ്രേമമാണ് ഭക്തി’യെന്ന് നിര്‍വ്വചിക്കുന്ന നാരദമഹര്‍ഷിയും, ‘ദൈവികജ്ഞാനം നേടിയ ഭക്തന് മുക്തി ലഭിക്കുമെന്ന്’ ദര്‍ശിക്കുന്ന ഭഗവദ്ഗീതയും ഭക്തിവേദാന്ദത്തിന്റെ മാര്ഗ്ഗവിശുദ്ധി വെളിപ്പെടുത്തുന്നു.
‘ഭക്തിയുക്തനു വിജ്ഞാന ജ്ഞാനവൈരാഗ്യങ്ങള്‍ സദ്യഃസംഭവിച്ചീടുമെന്നാല് മുക്തിയും വരും’ എന്ന ജ്ഞാനസാധനയുടെ സന്ദേശമാണ് ലക്ഷ്മണന് ഏറ്റുവാങ്ങുന്നത്. സത്യത്തെ സമാശ്രയിച്ച് ഗുരുസേവ ചെയ്ത് ആനന്ദസ്വരൂപനായി കഴിയുക, ജ്ഞാനരഹസ്യത്തെ അകതാരിലുറപ്പിച്ച് നിര്‍ത്തുക, ഭക്തിപ്രത്യയത്തിലൂടെ ആത്മമുക്തിയെ പ്രാപിക്കുക. അജ്ഞാനമകറ്റാനുള്ള ഈ ആനന്ദമാര്ഗ്ഗം ആരണ്യകാണ്ഡത്തിന്റെ മോക്ഷദപ്രകാശമാണ് ഒരര്‍ത്ഥത്തില്‍ ‘രാമഗീത’യാണിത്. സൂക്ഷ്മജ്ഞാനത്തിന്റെ ദിവ്യസങ്കലന വഴിയില്‍ യോഗീശ്വരന്മാരുടെ സഞ്ചാരസമാധിയിലെ രാജയോഗമാണ് ഈ ജ്ഞാനാഗ്നി. ആചാര്യപാദരുടെ ആത്മവിവേകം പൂത്തുലയുകയാണ് ലക്ഷ്മണോപദേശനിമിഷങ്ങളില്. ഗുരുഗ്രന്ഥത്തിന്റെ യോഗാത്മകാദ്ധ്യായമായി ആരണ്യകാണ്ഡ വിഭൂതി പരിവര്‍ത്തനപ്പെടുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: