തിരുവനന്തപുരം: വയനാട് ദുരന്തം വിതച്ച ദു: ഖം തളംകെട്ടിയ സാഹചര്യം നിലനിന്നെങ്കിലും പ്രവാസി സംഘടനയുടെ സമ്മേളനത്തിന്റെ പ്രൗഡിയും അന്തസ്സും നിലനിര്‍ത്തിയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂഎംസി) 14-ാമത് ബൈനിയല്‍ കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് അരങ്ങേറിയത്. ആസൂത്രണത്തിന്റേയും സംഘാടനമികവിന്റേയും തെളിവായിരുന്നു സമ്മേളനം. മുഖ്യമന്ത്രി, ധനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ സാന്നിധ്യം, പ്രമുഖര്‍ പങ്കെടുത്ത് വിഷയാധിഷ്ഠിത ചര്‍ച്ചകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം, പുരസക്കാര വിതരണം, കലാ പരിപാടികള്‍ എല്ലാം കണ്‍വന്‍ഷന്റെ മാറ്റു കൂട്ടുന്ന ഘടകങ്ങളായി.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയത് സമ്മേളനത്തിന്റെ ഗൗരവും വര്‍ധിപ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ലോകത്ത് വലിയതോതില്‍ പഠനം നടക്കുകയാണ്, ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തിന് വലിയ സംഭാവന നല്കാന് കഴിയുമെന്നും ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്. ബഹിരാകാശം മുതല്‍ വൈദ്യശാസ്ത്ര മേഖലയില്‍ വരെ മലയാളിസാനിധ്യം ലോകത്തെല്ലായിടത്തുമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. വയനാട് ദുരന്തത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പുനര്‍നിര്‍മാണത്തില്‍ സംഘടനയുടേതായ പങ്ക് വഹിക്കാന്‍ തയ്യാറായതിന് നന്ദി അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ഡബ്ള്യൂ.എം.സിക്ക് ചെയ്യാന്‍ കഴിയും. അക്കാര്യം പരിഗണിക്കാന്‍ സംഘടന തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് വല്ലാത്ത മാനസികാവസ്ഥയില്‍ കഴിയുന്ന സഹോദരങ്ങളും കുഞ്ഞുങ്ങളും വയനാട്ടിലുണ്ട്. അവര്‍ക്ക് ശരീരത്തേക്കാള്‍ ആഘാതം ഏറ്റത് മനസിനാണ്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവിടെ വീടുകള്‍ നിര്‍മിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കുവഹിക്കാമെന്ന് സമ്മതിച്ചത് നന്ദിപൂര്‍വം സ്മരിക്കുന്നു. മൂന്ന് പതിറ്റാണ്ട് പാരമ്പര്യമുള്ള സംഘടന പ്രവാസിമലയാളി ജീവിതം മെച്ചപ്പെടുത്തുന്നു. നടിന്റെ പുരോഗതി ഉറപ്പാക്കാന്‍ കഴിയുന്ന ഇടപെടലുകളും നടത്തുന്നു. പ്രവാസികളുടെ പ്രധാന പ്രശ്നങ്ങളായ തൊഴില്‍, യാത്ര, വിമാനക്കൂലി വര്‍ദ്ധനവ് എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിഞ്ഞു. ചിലത് പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘടനയുടെ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യൂ.എം.സിയെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തബാധിതര്‍ക്ക് 14 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള സമ്മതപത്രം ഗ്ലോബല്‍ ചെയര്മാന് ഗോപാലപിള്ള മുഖ്യമന്ത്രിക്ക് കൈമാറി. സംഘടനയുടെ കാരുണ്യ ഭവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ റീജനുകളായ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്,ഇന്ത്യ എന്നിവയിലെ അന്‍പതോളം പ്രൊവിന്‍സുകളില്‍ നിന്ന് പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ഡോ. പി.എ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ വേള്‍ഡ് മലയാളി ഹ്യുമാനിറ്റേറിയന്‍ ഗോള്‍ഡന്‍ ലാന്റേണ്‍ അവാര്‍ഡ് പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്കും സാഹിത്യ പുരസ്ക്കാരം കവി പ്രഭാവര്‍മയ്ക്കും ബിസിനസ് എക്സലന്റ് അവാര്‍ഡ് എ. ഭുവനേശ്വരിക്കും എം.പി അഹമ്മദിനും ആരോഗ്യവിദ്യാഭ്യാസ മേഖലയ്ക്കുള്ള അവാര്‍ഡ് എം.എസ് ഫൈസല്‍ ഖാനും, ചലച്ചിത്ര പുരസ്കാരം സംവിധായകന് ബ്ലെസിക്കും മുഖ്യമന്ത്രി കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, കെഎസ്ഐഡിസി മെമ്പര്‍ സെക്രട്ടറി പിവി ഉണ്ണികൃഷ്ണന്, പി.എ സല്മാന് ഇബ്രാഹിം, പി.എം നായര്‍, രാജേഷ് പിള്ള, ഷൈന്‍ ചന്ദ്രസേനന്, ജോണ്സണ് തലച്ചല്ലൂര്‍, കെ.പി കൃഷ്ണകുമാര്‍, ജോളി എം. പടയാറ്റില്‍, ജോളി തടത്തില്‍, ഡോ. കെ.ജി വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തിന്റെ സമസ്തമേഖലകളിലുമുള്ള നവീകരണത്തിന് ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായവും സഹകരണവും ആവശ്യമാണെന്നു സതീശന് പറഞ്ഞു. ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ കേരളത്തിനു കഴിയുന്നില്ല. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല അപകടത്തിലായത് ഇതിന് ഉദാഹരണമാണ്. ഇവിടെ ഇല്ലാത്ത അസുഖങ്ങളില്ലെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
25 യുവതികള്‍ക്കുള്ള വിവാഹ ധനസഹായം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ റീജിയന് നല്‍കുമെന്നും ഓരോരുത്തര്‍ക്കും നാലുലക്ഷം രൂപാവീതം നല്‍കുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഭാരതീയര്‍ എന്ന് അഭിമാനത്തോടെ ലോകത്തെവിടെയും പറയാവുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രവാസികളായ മലയാളികള്‍ സാധിക്കണമെന്നും ആശംസ നേര്‍ന്ന ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു.
കൗണ്‍സില്‍ ആഗോള ചെയര്മാന് ഗോപാലപിള്ള അധ്യക്ഷനായി. ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, മുന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, മുന്‍ എംഎല്വര്ക്കല കഹാര്‍, എസ്ബിഐ ഉപദേഷ്ടാവ് എസ് ആദികേശവന്, മേഴ്സി തടത്തില്‍, ഗ്രിഗറി മേടയില്‍, ജോളി എം.പടയാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്, മുന്‍ മന്ത്രി എംഎം ഹസ്സന് തുടങ്ങയ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തു.
അടുത്ത കണ്വന്ഷന് അമേരിക്കയില്‍ നടത്താന്‍ തീരുമാനിച്ചാണ് പരിപാടിക്ക് തിരശ്ശീല വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: