Kerala

കേരളത്തെ ഞെട്ടിച്ച ദുരന്തം പുറം ലോകത്തെ അറിയിച്ച നീതു എവിടെയാണ് ? ആറ് വയസുകാരൻ മകൻ കാത്തിരിക്കുന്നു , ഒപ്പം ഒരു കുടുംബവും

Published by

വയനാട് ; ‘ ഞങ്ങള്‍ അപകടത്തിലാണ്, ചുരല്‍മലയില്‍, ഉരുള്‍ പൊട്ടിയിട്ടുണ്ട്, വെള്ളം പൊങ്ങി വരികയാണ്, ആരെങ്കിലും ഒന്ന് രക്ഷിക്കോ‘ നീതുവിന്റെ ശബ്ദത്തിലൂടെ ഒരു നാട്ടിലെ വൻ ദുരന്തമാണ് പുറത്തറിഞ്ഞത് . വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം പുറം ലോകത്തെ ആദ്യം അറിയിച്ചത് ആദ്യം നീതു ജോജോ ആയിരുന്നു.

മേപ്പാടി വിംസ് ആശുപത്രിയിലെ നഴ്‌സിങ്ങ് കോളേജ് അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫായ നീതു അപകടസമയത്ത് സഹായത്തിനായി സഹപ്രവര്‍ത്തകരേയാണ് ആദ്യം വിളിച്ചത്.ഫോണെടുത്ത രാത്രി ഷിഫ്റ്റിലെ ജോലിക്കാരന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ‘ഓക്കെ, ഓക്കെ എന്തെങ്കിലും ചെയ്യാം’ എന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു. വീണ്ടും നീതു വിളിച്ചു. ഇത്തവണ ഫോണെടുത്തത് ഡ്യൂട്ടി മാനേജറാണ്. ‘വീണ്ടും ഉരുള്‍ പൊട്ടിയെന്ന് തോന്നുന്നുണ്ട്. ഞങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തുകടക്കാന്‍ പോലും പറ്റുന്നില്ല. എല്ലാവരും ഇപ്പോള്‍ ഒലിച്ചുപോകും’, നീതു പറഞ്ഞത് ഇത്രമാത്രം.

പിന്നീട് ആശുപത്രിയില്‍നിന്ന് നീതുവിനെ തിരിച്ചുവിളിച്ചു. അപ്പോഴേക്കും പുഴ ഗതി മാറി ഒഴുകി വീടിന് ചുറ്റും വെള്ളം നിറഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള സ്ഥലത്താണ് വീടുള്ളതെന്നും അവിടെ നിന്ന് മാറാന്‍ അതിലും സുരക്ഷിതമായൊരു സ്ഥലമില്ലെന്നും സഹപ്രവര്‍ത്തകരോട് നീതു പറയുകയും ചെയ്തു.

അതിനിടയിലാണ് രണ്ടാമത് ഉരുള്‍പൊട്ടി നീതുവിന്റെ വീടുള്‍പ്പെടെ വെള്ളം വിഴുങ്ങിയത്. ഭര്‍ത്താവ് ജോജോ വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരേയും സുരക്ഷിമാക്കിയപ്പോഴേക്കും തന്റെ ഭാര്യയായ നീതുവിനെ മലവെള്ളപ്പാച്ചില്‍ തട്ടിയെടുത്തിരുന്നു.മകനേയും മാതാപിതാക്കളെയും ദുരിതാശ്വാസക്യാമ്പില്‍ എത്തിച്ച ശേഷം ഭാര്യ നീതുവിനെ തേടിയിറങ്ങിയ ജോജുവിന് പക്ഷെ ഒരിടത്തും കണ്ടെത്താനായില്ല. വീടാകെ ഒലിച്ചുപോയിരുന്നു. വീട് നിന്നിരുന്ന സ്ഥലം കണ്ടുപിടിച്ച് തിരഞ്ഞെങ്കിലും നീതുവിനെ കണ്ടെത്താനായില്ല. ഇവരുടെ ഏക മകനായ ആറ് വയസുകാരന്‍ പാപ്പി അമ്മ വരുന്നതും കാത്തിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by