തുടക്കത്തിലേ അഭ്യര്‍ത്ഥിക്കട്ടെ, ഇതിഹാസവും പുരാണവും മതഗ്രന്ഥങ്ങളാണെന്ന തെറ്റിദ്ധാരണയുള്ളവരും ഇത് വായിക്കണം; എതിര്‍ക്കാനെങ്കിലും…
ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വിഷയത്തിന് ആധികാരികതകൂടുമെന്നാണ് പൊതു വിശ്വാസം. സംസ്കൃതത്തിലായാലാണ് കൂടുതല്‍ വിശ്വാസ്യതയെന്നും ചിലര്‍ക്ക് പക്ഷമുണ്ട്. എന്നാല്‍, ആ ഭാഷകളില്‍ പറയുന്നവയുടെ ആധികാരികതയെക്കുറിച്ച് ആരും പറയുന്നില്ല. അതായത്, അന്യഭാഷകളില്‍ തട്ടിവിടുന്നതിന് ആധികാരികത തോന്നിപ്പിക്കുന്ന രീതി ഒരു പ്രത്യേക തന്ത്രമാണ്, നിക്ഷിപ്ത താല്പര്യക്കാര്ക്ക്. ഇതിന് ഒരു മറുവശംകൂടിയുണ്ട്. സംസ്കൃതമാകട്ടെ, സംസ്കാരമാകട്ടെ, അതിന്റെയൊക്കെ ആദികാല ഖജനാവുകള്‍ എന്നുപറയാവുന്ന ഇതിഹാസ- പുരാണ കൃതികളാവട്ടെ ആധികാരികതയില്ലാത്തതും കെട്ടുകഥകളും ശാസ്ത്രവിരുദ്ധവുമാണെന്ന് വാദിച്ചുപ്രചരിപ്പിക്കുന്നതില് വാശിയുള്ളവര്‍ ഏറെയാണ്. മറുവശത്ത് അത്തരം ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നവ അക്ഷരംപ്രതി സത്യവും ശാസ്ത്രവുമാണെന്ന് വാദിക്കുന്നവരുമുണ്ട്. രണ്ടുകൂട്ടരും ഇതിനെ ശാസ്ത്രീയമായി സമീപിക്കാന്‍ തയാറാകുന്നില്ല. അപ്പോള്‍ സംഭവിക്കുന്ന ചേതം ആ ‘വാദരോഗി’കള്‍ക്ക് മാത്രമല്ല, സമൂഹത്തിനാകെയുമാണ്.
സസ്യങ്ങള്‍ക്ക് ജീവനുണ്ട്, വികാരമുണ്ട് എന്ന് ശാസ്ത്രീയമായി സ്ഥാപിക്കാന്‍ ഡോ.ജെ.സി. ബോസ് എന്ന ജഗ്ദീഷ് ചന്ദ്ര ബോസ് വേണ്ടിവന്നു, 1901 ലായിരുന്നു അത്. പുരാണത്തില്‍ പല അവസരങ്ങളില്‍ ഈ വാസ്തവം പറഞ്ഞിട്ടുണ്ട്. പര്‍വതങ്ങള്‍ക്ക് ചിറകുണ്ടായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്. രാമായണത്തില്‍ മൈനാക പര്‍വതത്തിന്റെ ആതിഥ്യ മര്യാദയെക്കുറിച്ച് പറയുന്നു. മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനത്തിനെ പില്ക്കാലത്ത് മഹാകവി കാളിദാസന് ശാകുന്തളം നാടകമാക്കിയപ്പോള്‍ ശകുന്തളയും വനജ്യോത്സനയെന്ന് അവള് പേരിട്ട മുല്ലവള്ളിയും ദീര്ഘാപാംഗന് എന്ന് ഓമനിച്ചിരുന്ന മാന്‍കുട്ടിയും അവള് വളര്‍ത്തിയ വെള്ളിലച്ചെടികളും പ്രകടിപ്പിച്ചിരുന്ന വൈകാരിക- വൈചാരിക ബന്ധങ്ങള്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അവയൊക്കെയും പ്രകൃതിപാഠങ്ങളായിരുന്നു. പ്രപഞ്ചത്തിന്റെ നിലനില്പ്പിലെ പാരസ്പര്യത്തിനു വേണ്ടുന്ന മാതൃകകളായിരുന്നു. പക്ഷേ, അവയെല്ലാം ‘അന്ധവിശ്വാസവും അശാസ്ത്രീയവു’മെന്ന് മുദ്രകുത്തി നമ്മള് ആട്ടിക്കളഞ്ഞു. ജെ.സി. ബോസിനെപ്പോലും നമ്മള് എത്രത്തോളം ആദരിക്കുകയും ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്? പക്ഷേ, ഗ്ലോബല്‍ വാമിങ്ങിനെക്കുറിച്ച് വാതോരാതെ പറയും. കാരണം അത് പറയുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്, ‘സായിപ്പ’ന്മാരാണ്.
പ്രപഞ്ചവും പ്രകൃതിയും മനുഷ്യനും ആയിരുന്നു കഴിഞ്ഞയാഴ്ച ‘നിരീക്ഷണ’ത്തിലെ വിഷയം. (ഇനിയും പഠിക്കാത്ത പാഠങ്ങള്‍. 2024 ജൂലൈ 28) പ്രകൃതിക്കുമുന്നിലെ മനുഷ്യന്റെ നിസ്സാരത്വമാണ് പറഞ്ഞുവെച്ചത്. ‘ആമയിഴഞ്ചാന്‍’ തോടും ‘അങ്കോള’യിലെ മണ്ണിടിച്ചിലും മുന്‍നിര്‍ത്തിയായിരുന്നു ആ നിരീക്ഷണം. അന്ന് ‘വയനാടന്‍ ദുരന്തം’ സംഭവിച്ചിരുന്നില്ല. വീണ്ടും പ്രകൃതിയെക്കുറിച്ച് പറയട്ടെ, നമ്മള്‍ക്ക് പഠിക്കാന്‍ നല്‍കിയിരിക്കുന്ന പാഠങ്ങള്‍ മുന്‍നിര്‍ത്തി.
മലയാളത്തില്‍ ‘കൃഷ്ണഗാഥ’ എന്ന കാവ്യമുണ്ട്. ചെറുശ്ശേരിയാണ് എഴുത്തുകാരന്. മലയാള ഭാഷ ഇന്നത്തെപ്പോലെ രൂപപ്പെടുംമുമ്പ്, 15-ാം നൂറ്റാണ്ടിലാണ് എഴുതപ്പെട്ടതെന്നാണ് കണക്കാക്കപ്പെടുന്നത്. യുഗങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ശ്രീകൃഷ്ണന് എന്നയാളുടെ (ഈ വിഷയത്തില്‍ തര്‍ക്കിച്ച് നമ്മുടെ വിഷയത്തില്‍നിന്ന് മാറാതിരിക്കാനാണ്, ഭഗവാന് എന്നും അവതാരമെന്നും മറ്റുമുള്ള വിശേഷണങ്ങള്‍ ഒഴിവാക്കിയത്) ജീവിതകഥയാണതില്‍. അസാധാരണനായ മനുഷ്യന്റെ സാഹസികതയും അസാമാന്യ സിദ്ധിയും വൈഭവവുമൊക്കെയാണ് വിവരണം.
അതില്‍ ശ്രീകൃഷ്ണ ജീവിതത്തിലെ ഗോവര്‍ദ്ധന ഉദ്ധാരണത്തെക്കുറിച്ച് വിവരിക്കുന്നു: കൃഷ്ണന്റെ അച്ഛനും നാട്ടുകാരും ചേര്‍ന്ന്, മഴപെയ്യിച്ച് ജനങ്ങളെ സഹായിക്കുന്നതിന് ദേവേന്ദ്രന് പൂജ ചെയ്യാന്‍ ഒരുങ്ങുന്നു. അപ്പോള്‍ കൂട്ടത്തില്‍ ‘പയ്യനായ’ കൃഷ്ണന് ചോദിക്കുന്നു: മഴ നല്‍കുന്നത് ഇന്ദ്രദേവനാണോ എന്ന്. ശാസ്ത്രീയമായി ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് കൃഷ്ണന് തുടര്‍ന്നു- ”ഭൂലോകവാസികള്‍ ചെയ്യുന്ന കര്‍മ്മങ്ങ/ളാലംബമെന്നതേ വന്നുകൂടൂ/ഉണ്മയെ ചൊല്കിലോ തന്നുടെതന്നുടെ/കര്മ്മത്തെപ്പൂജിപ്പൂവെന്നേ വേണ്ടൂ…”എന്ന് എഴുതുന്നത് ചെറുശ്ശേരിയാണെങ്കിലും പറഞ്ഞത് കൃഷ്ണനാണെങ്കിലും തത്ത്വമാണ്. തുടര്‍ന്ന് ഇന്ദ്രദേവനു പകരം ഗോവര്‍ദ്ധന പര്‍വ്വതത്തെയും ഗോക്കളേയും പൂജിച്ചു, ആരാധിച്ചു, ആദരിച്ചു. ക്ഷുഭിതനായ ഇന്ദ്രന്, കാട്ടാളക്കൂട്ടം കാലിയെ മേയ്ക്കുന്ന പയ്യന്റെ വാക്കുകേട്ട്, തനിക്ക് ലഭിച്ചിരുന്ന ആദരം നിര്ത്തിക്കളഞ്ഞതിന് ക്ഷോഭിച്ച് പേമഴ പെയ്യിച്ചു, ഇടിമിന്നല്‍ ഇളക്കിവിട്ടു, കല്‍പ്പാന്ത മേഘങ്ങള്‍ പ്രളയജലമായി പെയ്തിറങ്ങി. കൃഷ്ണന് തന്റെ ചെറുവിരലാല്‍ ഗോവര്‍ദ്ധനപര്‍വതം ഉയര്‍ത്തിപ്പിടിച്ച് ഗോകുലത്തെയാകെ സംരക്ഷിച്ചുവെന്നാണ് വിവരണം. കഥയോ വിവരണമോ കല്പ്പനയോ എന്നത് നില്ക്കട്ടെ. അതില്‍ തര്‍ക്കം പിന്നെയാകാം. പക്ഷേ ഒരു സങ്കല്‍പ്പവും ജീവിതവുമാണ് അതിലെ പാഠം.
ഇന്ന് ജനങ്ങള്‍ മലകള്‍ തകര്‍ക്കുന്നു, പെരുമഴ പ്രളയമാകുന്നു, പ്രകൃതിക്ഷോഭം ശിക്ഷയാകുന്നു. അന്ന് മലയെ പൂജിച്ചു, പ്രകൃതിക്ഷോഭം വന്നപ്പോള്‍ മല രക്ഷയായി. ജീവനുകള്‍ സംരക്ഷിക്കപ്പെട്ടു. ഗോക്കളും മനുഷ്യരും രക്ഷിക്കപ്പെട്ടു, പാഠമാണത്, പ്രകൃതിപാഠം.
വയനാട്ടിലെ ഒരു കണക്കിങ്ങനെ: 1950 ല്‍ അവിടെ 1811.35 ചതുരശ്ര കിലോമീറ്ററായിരുന്നു വനമേഖല. 70 വര്‍ഷം കഴിഞ്ഞപ്പോള്‍ 2021 ലെ കണക്കുപ്രകാരം അത് 863.86 ആയിക്കുറഞ്ഞു. വയനാട്ടിലെ ജനസംഖ്യ 1951 ല്‍ 1,68,280 ആയിരുന്നു. 2018 ലെ കണക്കില്‍ 8,46,637 ആയി. വയനാടിന്റെ മാത്രം സ്ഥിതിയല്ല ഇത്. കേരളത്തിന്റെ കാട് 1973 ല്‍ ഉണ്ടായിരുന്നതില്‍നിന്ന് 40 വര്‍ഷംകൊണ്ട് 9,06,440 ഹെക്ടര്‍ കുറഞ്ഞു! ജനസംഖ്യാ വര്‍ദ്ധനയ്ക്ക് അനുസരിച്ച് ഭൂപ്രദേശം ജനവാസ മേഖലയാകുമ്പോള്‍ കാട് നാടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, പ്രകൃതിയെ പാലിച്ച് ആകുന്നില്ല, ആവശ്യങ്ങള്‍ക്കും അത്യാവശ്യങ്ങള്‍ക്കും വേണ്ടി ‘ഭൂലോകവാസികള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍’ എന്നതാണ് പ്രശ്നം.
പ്രകൃതി സംരക്ഷണത്തിനായി ജന്മം ഉഴിഞ്ഞുവെച്ചവര്‍ പലരും കടന്നുപോയി. ‘മരക്കവി’യായി ചിലര്‍ അപകീര്‍ത്തിപ്പെടുത്തിയ സുഗതകുമാരിയെപ്പോലുള്ള ചെറുശ്ശേരിയുടെ പിന്മുറക്കാര്, അവരുടെ ഇളംമുറക്കാര്‍ അത്തരം പാട്ടുകള്‍ നിര്‍ത്തി. അത് ക്വാറികളുടെ ഭീകര ശബ്ദത്തില്‍ മുങ്ങിപ്പോയി. ഇപ്പോള്‍ പാറപൊട്ടിക്കാന്‍ ഇലക്ട്രോണിക് ഡിവൈസുകള്‍ ഉപയോഗിച്ച് കിലോ മീറ്ററുകള്‍ ദൂരെയുള്ള പാറകളും മലകളും പൊട്ടിക്കുന്നു. വിദൂരഭാവിയിലെ ആവശ്യങ്ങള്‍ കണക്കാക്കി ഇന്നേ മലകള്‍ പൊട്ടിച്ച് ഇളക്കിവെക്കുന്നത്രേ.
വയാനടെന്നല്ല, കേരളത്തില്‍ ഒരിടവും പ്രകൃതിയുടെ കാര്യത്തില്‍ സുരക്ഷിതമല്ലാതാകുന്നു. പ്രളയം കുട്ടനാടിന്റെയും സുനാമി തീരപ്രദേശത്തിന്റെയും വെള്ളപ്പൊക്കം താഴ്ന്ന പ്രദേശങ്ങളുടെയും ഉറക്കം കെടുത്തിയിരുന്നതൊക്കെ മാറി. മഴകൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയിരുന്ന നാട് ഇന്ന് മഴപ്പേടിയില്‍ വിറങ്ങലിക്കുകയാണ്. മലയും തീരവും ഇടനാ
ടുകളും സുരക്ഷിതമല്ല.
കാടുകയറി കൃഷി ചെയ്തിരുന്നവര്‍ അവിടെത്തന്നെ പാര്‍ക്കാന്‍ തുടങ്ങി, അവര്‍ താല്‍ക്കാലിക താമസത്തിനുണ്ടാക്കിയിരുന്ന ഏറുമാടങ്ങള്‍ ഇന്ന് നഗരങ്ങളിലെ കാഴ്ചവസ്തുക്കളും കാടുകളില്‍ മാളുകള്‍പോലെ കോണ്‍ക്രീറ്റ് മാളികകളും ഉയര്‍ന്നു. ആരാണ് വനസംരക്ഷണ നിയമങ്ങള്‍ മറികടന്നത്. വനസഞ്ചാരം കാലാനുസൃതമായിരുന്നത് ടൂറിസം വ്യവസായമായപ്പോള്‍ മുന്‍കരുതലുകള്‍ ഇല്ലാാക്കിയതാരാണ്. പശുവിനെ കറക്കുംപോലെ പ്രകൃതിയെ ദോഹനം ചെയ്ത് ഗോവിനെയും രക്ഷിക്കുന്ന മാതൃക ഇല്ലാതാക്കിയത് ആരാണ്. നിയമങ്ങളില്ലാത്തതല്ല, പാലിക്കാത്തതാണ് വിഷയം.
എളുപ്പമല്ല, പഴയപടിയിലാക്കുക. പക്ഷേ കരുതലോടെയുള്ള ഭാവിപരിപാടികള്‍ സാദ്ധ്യമാണ്. വി.എന്‍. ഗാഡ്ഗിലുമാരുടെ റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ മാന്യമായ പരിഗണന വേണം. കസ്തൂരി രംഗനെക്കൊണ്ടുവന്ന് ഗാഡ്ഗിലിനെ തോല്‍പ്പിച്ചിട്ട് കാര്യമില്ല. സംസ്ഥാന സര്‍ക്കാരിലെ ശാസ്ത്രജ്ഞാനികള്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ തുറന്നുനോക്കിയിട്ടില്ലെന്ന് അവര്‍ പറയുന്നത് ഏറെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുകയല്ല, അധികാരികള്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കുകയാണ് ഇനി യുള്ളമാര്ഗ്ഗം. പക്ഷേ വര്‍ദ്ധിക്കുന്ന ജനാവശ്യങ്ങള്‍ സാധ്യമാക്കുകയും വേണം.
ഡിസാസ്റ്ററുകള്‍, അത് പ്രകൃതിക്ഷോഭമായാലും മനുഷ്യ നിര്‍മ്മിത ദുരിതദുരന്തങ്ങളായാലും ഇനിയുള്ള കാലത്ത് പതിവായിമാറും. അതിന്റെ ഉത്തരവാദിത്വം ഏത് സര്‍ക്കാരിന് എന്ന് തര്‍ക്കിച്ചാല്‍, ദുരന്തങ്ങളില്‍ ജീവഹാനി സംഭവിച്ചവര്‍ മടങ്ങിവരില്ല. എന്നാല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അവനവന്റെ ധര്‍മ്മവും കര്‍മ്മവുമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, അതിന് സജ്ജരായാല്‍ ഫലിക്കും. അത് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കക്ഷിരാഷ്ട്രീയത്തിന്റെ താല്‍ക്കാലിക ലാഭലക്ഷ്യങ്ങള്‍ പരിഗണിക്കാതെ പറയാന്‍ നേതാക്കള്‍ തയാറാകണം.
കൊവിഡ് പോലുള്ള പകര്‍ച്ച വ്യാധി വന്നപ്പോള്‍ ഭാരതത്തില്‍ കോടിക്കണക്കിനുപേര്‍ക്ക് ജീവനഷ്ടമുണ്ടാകുമെന്ന് പല രാജ്യങ്ങളും പ്രവചിച്ചത് സംഭവിച്ചില്ല. കാരണം, സ്വച്ഛ് ഭാരത്, ശുചിമുറി നിര്‍മ്മാണ പദ്ധതികളും യോഗാ പ്രചാരണവുമായിരുന്നു. അഗ്നിവീര്‍ പോലുള്ള സംരംഭങ്ങള്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍നിന്ന് സാമാന്യ വ്യക്തികളിലുടെ പൊതുരീതിയാക്കാനുള്ള പദ്ധതികള്‍ക്ക് വഴിയൊരുക്കുന്നതാണ്. പല വിദേശ രാജ്യങ്ങളും നിര്‍ബന്ധിത സൈനിക സേവനവും ഏതെങ്കിലും കായിക പരിശീലനവും നിര്‍ബന്ധിതമാക്കുന്നതിന്റെ പിന്നില്‍ ഈ ലക്ഷ്യവുമുണ്ട്.
വയനാട്ടില്‍ നാം കണ്ടു; രക്ഷിക്കാന്‍ മനസ്സുള്ളവര്‍ ഏറെ. പക്ഷേ, രക്ഷാ സാമഗ്രികളും സംവിധാനവുമില്ലാതെ ജനങ്ങളും സര്‍ക്കാര്‍ സംവിധാനവും നോക്കിനിന്നത് മണിക്കൂറുകളാണ്. സൈനിക സംവിധാനം കിലോമീറ്ററുകള്ക്കപ്പുറത്തുനിന്നുവന്ന് വേണ്ടിവന്നു വഴിതുറക്കാന്‍.
ഇവിടെയാണ് ഗോവര്‍ദ്ധനോദ്ധാരണം പോലുള്ള സംഭവങ്ങള്‍ വഴികാട്ടിയാകുന്നത്. അത് കഥയോ കഥയില്ലായ്മയോ ആകട്ടെ, പക്ഷേ അതില്‍ ഒരു കാതലുണ്ട്. പ്രകൃതിയെ രക്ഷിക്കുക, പ്രകൃതി രക്ഷിക്കുമെന്ന പാഠവും. കാടുകൈയേറിത്താമസിച്ച നമ്മള് കാടിറങ്ങിവന്ന കാട്ടാനയ്ക്ക് ആഹാരത്തില്‍ തോട്ടവെച്ച് അവന്റെ മസ്തകം പൊട്ടിച്ചു. പടക്കംപൊട്ടിച്ച് പായിച്ചുവിട്ട കാട്ടാന അവന്റെ കാട്ടില്‍ അഭയം പ്രാപിച്ചവര്‍ക്ക് കാവല്‍ നിന്നത് ജന്തുവില്നിന്നുള്ള ജീവിതപാഠം. കര്‍മ്മങ്ങള്‍ക്ക് ഫലമുണ്ട്. കര്‍മ്മത്തെ പൂജിക്കുകതന്നെ വേണം. പൂജ എന്നാല്‍ കര്‍പ്പൂരം കൈയില്‍ കത്തിച്ച് ഉഴിയുന്ന ചെപ്പടിവിദ്യയല്ലെന്നതും ധരിക്കണം എന്നര്‍ത്ഥം. കൃഷ്ണഗാഥകള്‍ പോലുള്ളവ ഇംഗ്ലീലാക്കിക്കൊടുത്ത് വായിപ്പിക്കുന്നതിലും എളുപ്പമാണ് മലയാളം പഠിക്കുന്നതും പഠിപ്പിക്കുന്നതും അതിനൊപ്പിച്ച് മനസ്സുമാറ്റുന്നതും.
പിന്കുറിപ്പ്:
ശാസ്ത്രഞ്ജര്‍ക്കും പഠിതാക്കള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി, ആഴ്ചയിലെ ആറാം ദിവസം വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനമാക്കി. വിദഗ്ദ്ധരോട് ആലോചിക്കാതെ ചെയ്ത ഈ നടപി കോടതി റദ്ദാക്കി. വിവാദമുണ്ടാക്കി, കാലുഷ്യം സൃഷ്ടിച്ച മന്ത്രിക്ക് പൂച്ചെണ്ട് കൊടുക്കാനും ആളുണ്ടായേക്കും!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: