ചൂരല്‍മല: നെഞ്ചുപൊട്ടിപ്പോകാത്തതെന്തെന്ന് ഉണ്ണികൃഷ്ണന്‍ മാഷ് സ്വയം ചോദിക്കുന്നു. ഇനിയെന്തിന് ഞാനിങ്ങനെ എന്നാണ് വിലാപം. 50 കുട്ടികളെയാണ് ഉണ്ണികൃഷ്ണന്‍ മാഷിന് നഷ്ടമായത്. അദ്ദേഹം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിലെ പ്രധാനാദ്ധ്യാപകനാണ്.
തലയെണ്ണല്‍ നിര്‍ത്തിയെങ്കിലും ഹാജര്‍ വിളിക്കലും വിളികേള്‍ക്കലും അതിനിടയിലെ കുസൃതികളുമായി കഴിഞ്ഞിരുന്ന അദ്ധ്യാപന കാലത്തില്‍ നിന്ന് വിറയലോടെ, ഉത്കണ്ഠയോടെ ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും കയറിയിറങ്ങി ഉണ്ണിക്കൃഷ്ണന്‍ മാഷ് തന്റെ സ്‌കൂളിലെ കുട്ടികളുടെ കണക്കെടുത്തു. ഒടുവില്‍ അവര്‍ 50 പേരെ എവിടെയും കണ്ടുകിട്ടിയില്ല. മാഷ് പറയുന്നു എന്റെ 50 മക്കള്‍ ഇല്ലാതായി. എനിക്ക് എങ്ങനെ ഇത് താങ്ങി ജീവിക്കാനാകും ഉരുള്‍പൊട്ടലില്‍ ഒരു ഭാഗം മാത്രമേ ശേഷിക്കുന്നുള്ളു സ്‌കൂളിന്റേതായി. ചെളി കയറി മൂടിക്കിടക്കുന്ന സ്‌കൂള്‍ മുറ്റത്തെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ മാഷ് തളര്‍ന്നു വീണു. പൊട്ടിക്കരഞ്ഞു, ആര്‍ക്കും സമാധാനിപ്പിക്കാന്‍ കഴിയാത്ത കരച്ചില്‍.
ചാലിയാര്‍ പുഴയുടെ തീരത്തിരുന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമ്പോള്‍ അദ്ദേഹം പ്രകൃതി ഭംഗിയും കാലാവസ്ഥയും മറ്റും പറഞ്ഞ് ഇവിടത്തുകാരായ നിങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നെല്ലാം പറയുമായിരുന്നു. ഒടുവില്‍ കുട്ടികളും ബഞ്ചും ഡസ്‌കും ബോര്‍ഡും നിരന്ന ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ട് അദ്ദേഹം പാടേ തളര്‍ന്നു, തകര്‍ന്നു. ഒരദ്ധ്യാപകനും ഈ ഗതി വരുത്തരുതെന്ന് തേങ്ങി.
സ്‌കൂള്‍ മാഗസിനുകളിലെ എഴുത്തുകളില്‍ ഈ പ്രദേശത്തെ അപകട സാദ്ധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ചിരുന്നതും ഒരു വിങ്ങലോടെ അദ്ദേഹം ഓര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: