തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നതില് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി സംഭാവന നല്‍കുന്നതിനെ എതിര്‍ത്ത് കെപിസിസി പ്രസിഡന്റ് സുധാകരന്. പണം കൈമാറി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.എം. സുധീരനും. ദുരിതാശ്വാസ നിധിയെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
എംഎല്‍എയുടെ ഒരു മാസത്തെ ശമ്പളമാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഫെയ്സ്ബുക്കിലൂടെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. നാം ഓരോരുത്തരും നമ്മളാല്‍ കഴിയാവുന്ന സഹായങ്ങള്‍ നല്കി ചേര്‍ത്തുപിടിക്കണമെന്നും രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കുന്നതിനെതിരെ കെ. സുധാകരന് രംഗത്തെത്തി. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടതെന്നും രമേശ് ചെയ്യുന്നത് ശരിയല്ലെന്നും സുധാകരന് പറഞ്ഞു.
പിന്നാലെ സുധാകരനെതിരെ ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടത് അങ്ങനെ തന്നെ നല്‍കണമെന്നും കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ചെന്നിത്തല തിരിച്ചടിച്ചു. ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്ക്കുകയാണു വേണ്ടത്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്കു നല്‍കേണ്ടത് അങ്ങനെ തന്നെ നല്‍കണം. ദുരന്തത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. അതില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. കോണ്‍ഗ്രസില്‍ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസമില്ല.
പണ്ടും ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചതിനെ നമ്മള് എതിര്‍ത്തിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അതിനുള്ള അവസരമല്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കുന്നതിനെ അനുകൂലിച്ചു. നേരത്തെ ദുരിതാശ്വാസ നിധി ചെലവഴിച്ചതില്‍ പ്രശ്നങ്ങളുണ്ട്.
അത് പരിഹരിച്ചാല്‍ മാത്രം മതിയെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് ആരെയും വിലക്കിയിട്ടില്ലെന്നും സതീശന് പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും ഒരുമാസത്തെ പെന്ഷന് ട്രഷറിയില്‍ അടച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ കാര്യത്തില്‍ പോലും ഏകീകൃത അഭിപ്രായം രൂപീകരിക്കാന്‍ ആകാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കടിയില്‍ കടുത്ത അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: