രാധാകൃഷ്ണ പണിക്കരുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘നിങ്ങളുടെ രഹസ്യം എന്റേതും.’ മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ അവനെ ഭയപ്പെടുത്തുകയും അമ്പരപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് ‘മരണം.’ മഹാഭാരതത്തില്‍ ‘യക്ഷപ്രശ്‌നം’ എന്നൊരു ഭാഗമുണ്ട്. അതില്‍ പറയുന്നത് ‘ലോകാത്ഭുതങ്ങളില്‍ ഒന്നാമത്തേതാണ് മരണം’ എന്നാണ്. കാരണം, മനുഷ്യന്‍ തനിക്ക് ചുറ്റും നിത്യവും മരണം കാണുന്നുണ്ട്, അത് കണ്ട് ദുഃഖിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ തനിക്കും അതൊരിക്കല്‍ സംഭവിക്കും എന്ന് തീര്‍ച്ചയുണ്ടെങ്കില്‍ പോലും അവന്‍ തന്റെ ജീവിതം സന്തോഷത്തോടെ വീണ്ടും നയിച്ചുകൊണ്ടുപോകുന്നു. ഇതൊരത്ഭുതമല്ലേ?
മരണാനന്തരം മനുഷ്യന് എന്ത് സംഭവിക്കുന്നു എന്നറിയുന്നതിന് അതിവിശദമായ പരീക്ഷണങ്ങളാണ് തൊണ്ണൂറുകളില്‍ ഇംഗ്ലണ്ടില്‍ നടന്നത്. ഇംഗ്ലണ്ടിലെ ‘സ്‌ക്കോള്‍’ എന്ന സ്ഥലത്ത് നടന്ന ഈ പരീക്ഷണങ്ങള്‍ ‘Scol Experiments’ എന്ന പേരില്‍ പ്രസിദ്ധമാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക ശാസ്ത്രജ്ഞര്‍, നാസയുടെ പ്രതിനിധികള്‍, നൊബേല്‍ സമ്മാനിതരായ ശാസ്ത്രജ്ഞര്‍, മനഃശാസ്ത്ര വിദഗ്‌ദ്ധര്‍, പുരോഹിതര്‍, യുക്തിവാദികള്‍ തുടങ്ങിയ അനേകം ദൃക്‌സാക്ഷികളുടെ സാന്നിദ്ധ്യത്തിലാണ് ഈ പരീക്ഷണങ്ങള്‍ നടന്നത്. ഇതിന്റെ ഫലങ്ങള്‍ ഡെയ്‌ലി മെയില്‍, സണ്‍ഡെ ടൈംസ് തുടങ്ങിയ പത്രങ്ങളില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു. (റഫ: 1993 4 ജനുവരി മുതല്‍ 6 നവംബര്‍ വരെയുള്ള ഈ പത്രങ്ങള്‍). അക്കാലത്ത് ‘സണ്‍ഡേ ടൈംസ്’ എന്ന പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകളുടെ ഒരു സാംപിള്‍ ഇങ്ങനെയായിരുന്നു. ”അയ്യായിരം വര്‍ഷങ്ങളായി മനുഷ്യര്‍ ആഗ്രഹിച്ചിരുന്ന മഹാസ്വപ്‌നം ഇതാ സഫലമായിരിക്കുന്നു! സ്‌ക്കോള്‍ ജില്ലയിലെ ‘നോര്‍ഫോക്ക്’ ഗ്രാമത്തിലെ ഒരു കെട്ടിടത്തിന്റെ നിലവറയില്‍ കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷങ്ങളായി നടന്നുവരുന്ന പരീക്ഷണങ്ങളില്‍ മരണശേഷമുള്ള മനുഷ്യന്റെ ജീവിത തുടര്‍ച്ച തികച്ചും സത്യമാണെന്നുള്ളതിന്റെ തെളിവുകള്‍ ഇതാ ലഭിച്ചിരിക്കുന്നു.”
‘സ്‌ക്കോള്‍ പരീക്ഷണങ്ങള്‍’ എന്നറിയപ്പെടുന്ന ഈ പഠനങ്ങള്‍ നല്‍കുന്ന സൂചനകള്‍, ഭാരതീയര്‍ അനാദികാലമായി വിശ്വസിച്ചുവരുന്ന ‘മരണാനന്തര ജീവിതത്തിന്റെ’ വൈദികവും ഉപനിഷത്തികവുമായ അറിവുകളെ ശരിവയ്‌ക്കുന്നവയാണെന്ന് പറയേണ്ടി വരും.
”മരണത്തിന്റെ സന്നിഗ്ധ നിമിഷങ്ങളില്‍ ജീവികളിലെ ജീവനും ബുദ്ധിയും, മനസ്സും (ത്രിമൂര്‍ത്തികള്‍) ഏകീകരിച്ച് ‘പിതൃ’ എന്നറിയപ്പെടുന്ന ഒരു ‘അമൂര്‍ത്ത’ പ്രതിഭാസം ഉടലെടുക്കുന്നു. അത് ശരീരം വിട്ട് പുറത്തിറങ്ങി സ്വന്തം ജഡം കണ്ട് അല്‍പ്പനേരം അത്ഭുതസ്തബ്ധനായി നില്‍ക്കയും തനിക്ക് അതുമായോ ബന്ധുക്കളുമായോ ഈ ലോകവുമായിപ്പോലുമോ ഇനി ഒരുവിധ സമ്പര്‍ക്കവും സാധ്യമല്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുന്നു. (ഇതിന് പിതൃലോകത്തെ ഒരു ദിവസവും ഭൂലോകത്തെ ഒരു വര്‍ഷവും വേണ്ടിവരുമത്രെ, നമ്മുടെ ആദ്യ 16 ദിവസം പിതൃലോകത്തിന് അഞ്ച് മിനിട്ട് മാത്രം!), അതോടെ ‘പിതൃു’ ചാന്ദ്ര രശ്മികളിലൂടെ സഞ്ചരിച്ച് ചന്ദ്രലോകത്ത് പതിച്ച്, കര്‍മഗതിയനുസരിച്ചുള്ള ‘സ്വര്‍ഗ-നരക സ്വപ്‌നങ്ങള്‍’ കണ്ട് ഉറങ്ങുന്നു! പാപ-പുണ്യ ശിഷ്ടം അവശേഷിക്കുന്ന തനുസരിച്ച് വീണ്ടും ഭൂമിയില്‍ സസ്യപരാഗരേണുക്കളില്‍ പതിച്ച് വിത്തായി അത് ഭക്ഷിക്കുന്ന പക്ഷി-മൃഗ-മനുഷ്യരേതസ്സുകളില്‍ എത്തി അനുയോജ്യ യോനിയില്‍ പതിച്ച് പുനര്‍ജന്മം സ്വീകരിക്കുന്നു. ഈ പ്രക്രിയ മോക്ഷം ലഭിക്കും വരെ ചാക്രികമായി തുടരും.”
മരണാനന്തര രഹസ്യം മാത്രമല്ല ഈ പുസ്തകത്തിലെ ഉള്ളടക്കം. ഭൗതിക ശാസ്ത്രത്തില്‍ കണികാസിദ്ധാന്തം ആവിഷ്‌കരിക്കപ്പെട്ടശേഷം ശാസ്ത്രത്തിന്റെ തത്വശാസ്ത്രം (Philosophy of Science) ഏറെ മുന്നോട്ടുപോയിതിന്റെ ചരിത്രം ഈ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് വായിക്കാം. കാള്‍പോപ്പറെ പോലുള്ള തത്വചിന്തകരുടെ ‘കപടീകരണ സിദ്ധാന്തം’ (Falsification Theory) പോലുള്ള ചിന്തകള്‍ ശാസ്ത്രത്തെയും മതത്തെയും സമരസപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ അപ്രമാദിത്വം ഇന്ന് വിലപ്പോകാത്ത നാണയമായി മാറിയിരിക്കുന്നു. ഉത്തരാധുനികശാസ്ത്രം ചെന്നെത്തി നില്‍ക്കുന്ന പുതിയ മേഖലകളെപ്പറ്റിയെല്ലാം ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, ഇക്കാര്യങ്ങളൊന്നും സാധാരണക്കാരുടെ ഇടയിലേക്ക് കടന്നുചെന്നിട്ടില്ല, പ്രത്യേകിച്ച് കേരളത്തില്‍! എന്നാല്‍ പാശ്ചാത്യ ലോകത്തെ അക്കാദമിക മേഖലകളില്‍ ക്വാണ്ടം ഭൗതികത്തിലെ വിരോധാദഭാസങ്ങള്‍ (ക്വാണ്ടം എന്റാംഗിള്‍മെന്റ്‌സ്) എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പരിശോധിക്കുന്നവരുടെ എണ്ണം ഏറെയാണ്. വസ്തുവിന്റെ അസ്തിത്വം അനിശ്ചിതത്വ തത്വത്തില്‍ (Uncertainity Principle) അധിഷ്ഠിതമാണെന്ന ഏറ്റവും പുതിയ കണ്ടെത്തല്‍ (2023 ലെ ഫിസിക്‌സിനുള്ള നൊബേല്‍ സമ്മാനം ഇതിനായിരുന്നു) ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള സമന്വയത്തിന് വഴിതെളിച്ചിരിക്കയാണ്!
ഗണിതത്തിലും ഭൗതികത്തിലും ബിരുദാനന്തര ബിരുദം നേടി സൗത്താഫ്രിക്ക, യുകെ, യുഎസ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അദ്ധ്യാപകനായി ജോലി ചെയ്തശേഷം രാധാകൃഷ്ണ പണിക്കര്‍ ഇപ്പോള്‍ സ്വന്തം നാട്ടില്‍ (തൃപ്പൂണിത്തുറ) തിരിച്ചെത്തി വിശ്രമ ജീവിതം നയിക്കയാണ്. സുദീര്‍ഘമായ ഈ കാലയളവില്‍ താന്‍ ശേഖരിച്ച വിവരങ്ങള്‍ കോര്‍ത്തിണക്കി മലയാളത്തിലും ഇംഗ്ലീഷിലുമായി ഏതാണ്ട് പത്തോളം ഗ്രന്ഥങ്ങള്‍ പണിക്കര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയില്‍, പ്രൊഫസര്‍ ബ്രിയാന്‍ വീസിന്റെ Many Lives, Many Masters എന്ന ഗ്രന്ഥത്തിന്റേയും Same Soul Many Bodies- എന്ന ഗ്രന്ഥത്തിന്റേയും തര്‍ജമകളും ‘മരണാനന്തര ജീവിതം’ തുടങ്ങി ആറോളം മലയാള പുസ്തകങ്ങളും, Convergence of Modern Science & Vedic Spirituality എന്ന ബൃഹദ് ഇംഗ്ലീഷ് ഗ്രന്ഥവും ഉള്‍പ്പെടുന്നു. അതിലെ ഏറ്റവും ഒടുവിലത്തേതാണ് ‘നിങ്ങളുടെ രഹസ്യം, എന്റേതും’ എന്ന ഗ്രന്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: